മലപ്പുറം : നഗരസഭയിലെ 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ അപാകങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. തെരുവുവിളക്ക് സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി അക്രഡിറ്റഡ് സർക്കാർ ഏജൻസിയുണ്ടായിട്ടും യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന് നൽകിയതിന്റെ കാരണം വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവിന് വിരുദ്ധമായി നടത്തിയ പ്രവൃത്തികളിൽ സർക്കാർ ഏജൻസികളെക്കൊണ്ട് അന്വേഷിച്ച് ക്രമക്കേടുകൾ കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ ആവശ്യപ്പെട്ടു.
ഭരണത്തിനുള്ള അംഗീകാരം
സുതാര്യമായ ഭരണത്തിനുള്ള അംഗീകാരമാണ് ഈ വർഷത്തെ ഓഡിറ്റ് റിപ്പോർട്ടെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി. സ്വകാര്യ വ്യക്തികളെയോ സ്വകാര്യ സ്ഥാപനങ്ങളെയോ നിയമവിരുദ്ധമായി സഹായിക്കുന്നതരത്തിലുള്ള യാതൊരുവിധ നടപടികളും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഓഡിറ്റ് റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു.
അമ്യൂസ്‌മെന്റ് പാർക്കിന് തുടർനടപടി
കോട്ടക്കുന്ന് പാർക്കിനു സമീപത്തെ അമ്യൂസ്‌മെന്റ് പാർക്കിന് തുടർനടപടികൾ സ്വീകരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പാർക്കിലെ യന്ത്രങ്ങൾ ലേലത്തിനു വെച്ചിട്ടും എടുക്കാൻ ആളില്ലാത്തതിനാൽ നീണ്ടുപോകുന്ന സ്ഥിതിയായിരുന്നു. രണ്ട് സെക്യൂരിറ്റിമാരെ നിയമിച്ചിരിക്കുന്നതും നഗരസഭയ്ക്ക് അധിക ചെലവാണ്. കാലഹരണപ്പെടുന്ന വസ്തുക്കൾ പുനർമൂല്യനിർണയം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി.
പ്രമേയം നിയമവിരുദ്ധമെന്ന് പ്രതിപക്ഷം
നഗരസഭയിലെ ഉദ്യോഗസ്ഥനായിരുന്നയാളെ വീണ്ടും നഗരസഭയിലേക്ക് നിയമിക്കുന്നത് ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്നും അതിനാൽ അദ്ദേഹത്തെ തിരിച്ചെടുക്കരുതെന്നുമുള്ള കൗൺസിൽ പ്രമേയം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരു ഉദ്യോഗസ്ഥനെ നിയമിക്കാതിരിക്കാൻ പ്രമേയം പാസാക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം പറഞ്ഞു.
തുടർച്ചയായി നാലു വർഷം നഗരസഭയിലെ ജനന മരണ രജിസ്ട്രാറായി ജോലി ചെയ്തിരുന്ന കെ. മധുസൂദനൻ നഗരസഭയിൽനിന്ന് സ്ഥലംമാറ്റം കിട്ടി പോയിരുന്നു. മലപ്പുറം നഗരസഭയിൽ ഹെൽത്ത് സൂപ്പർവൈസർ കരട് ക്യൂ ലിസ്റ്റിൽ ഇദ്ദേഹം ഒന്നാമത്തെ വ്യക്തിയായി ഇടംപിടിച്ചിട്ടുണ്ട്.
നഗരസഭയിലുണ്ടായിരുന്ന കാലയളവിൽ ജനപ്രതിനിധികളിൽനിന്നും പൊതുജനങ്ങളിൽനിന്നും ഇദ്ദേഹത്തിനെതിരേ വ്യാപക പരാതി ഉയർന്നുവന്നിട്ടുണ്ടെന്നും ആ കാലഘട്ടം നഗരസഭയ്ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും ഭരണപക്ഷം പറഞ്ഞു. ഉദ്യോഗസ്ഥൻ വീണ്ടും നഗരസഭയിലേക്ക് എത്തുന്നതിനെയാണ് ഭരണപക്ഷം പ്രമേയത്തിലൂടെ തടയാൻ ശ്രമിച്ചത്.
നിലവിൽ ഇത്തരത്തിൽ പരാതികളുള്ള ഒരു ഉദ്യോഗസ്ഥനെ നഗരസഭയിൽ നിലനിർത്തണമോയെന്ന വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹത്തിന്റെ നിയമനം മലപ്പുറത്തുനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുമെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..