ഹോട്ടലുടമയുടെ കൊലപാതകം: മൃതദേഹം കടത്തിയ ബാഗ് വാങ്ങിയത് സിദ്ദിഖിന്റെ പണമെടുത്ത്


2 min read
Read later
Print
Share

• ഷിബിലിയെ മിഠായിത്തെരുവിലെ ബാഗ് വാങ്ങിയ കടയിൽ കൊണ്ടുവന്ന് തെളിവെടുത്തപ്പോൾ

മലപ്പുറം : തിരൂർ ഏഴൂർ മേച്ചേരിവീട്ടിൽ സിദ്ദിഖ് കോഴിക്കോട്ട് ഹോട്ടൽമുറിയിൽ കൊല്ലപ്പെട്ട മേയ് 18-നുതന്നെ ഇദ്ദേഹത്തിന്റെ എ.ടി.എം. കാർഡ് ഉപയോഗിച്ച് മുഖ്യപ്രതി ഷിബിലി കോഴിക്കോട് ടൗണിലെ എ.ടി.എമ്മിൽനിന്ന് 20,000 രൂപ പിൻവലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

ഈ പണം ഉപയോഗിച്ചാണ് മൃതദേഹം പുറത്തേക്കുകടത്താനുള്ള ട്രോളിബാഗുകൾ ഇയാൾ വാങ്ങിയതെന്നു കരുതുന്നു. പണം പിൻവലിച്ച ടൗണിലെ എ.ടി.എമ്മിൽ ബുധനാഴ്‌ച ഷിബിലിയുമായി പോലീസ് തെളിവെടുത്തു. ഇവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്.

കോഴിക്കോട്ട് ‘ഡി കാസ ഇൻ’ ഹോട്ടലിന്റെ ജി3, ജി4 മുറികളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. കൊല നടന്നത് ജി4-ൽ ആയിരുന്നു. മൃതദേഹം അവിടെയിട്ടശേഷം പ്രതികൾ രാത്രി തങ്ങിയത് ജി3 മുറിയിലാണ്. 19-ന് ജി4 മുറിയിലെ ശൗചാലയത്തിലേക്കു മാറ്റിയ മൃതദേഹം അവിടെവെച്ചാണ് കട്ടർ ഉപയോഗിച്ച് രണ്ടാക്കി മുറിച്ച് ബാഗുകളിലാക്കി പുറത്തേക്കുകൊണ്ടുപോയത്. മൃതദേഹത്തിലെ മുണ്ട് മാത്രമേ നീക്കംചെയ്തിരുന്നുള്ളൂ. മറ്റു വസ്ത്രങ്ങൾ ദേഹത്തുതന്നെയുണ്ടായിരുന്നു.

ഷിബിലി നേരത്തേ പെരിന്തൽമണ്ണ മേഖലയിലെ ഒരു വ്യവസായ യൂണിറ്റിൽ വെൽഡിങ്ജോലി ചെയ്തിരുന്നു. ഈ പരിചയംകൊണ്ടാണ് ഇലക്‌ട്രിക് കട്ടർ വാങ്ങി ഉപയോഗിക്കാൻ കഴിഞ്ഞത്. ഹോട്ടൽമുറികൾ 25-ന് സീൽചെയ്ത പോലീസ് രക്തസാമ്പിളും മറ്റും ശേഖരിച്ചിട്ടുണ്ട്. അട്ടപ്പാടി ചുരത്തിൽനിന്നു കണ്ടെടുത്ത മൃതദേഹത്തിന്റെയും ഈ രക്തക്കറയുടെയും ഡി.എൻ.എ. പരിശോധന നടത്തിയേക്കുമെന്ന് പോലീസ് സൂചിപ്പിച്ചു.

സിദ്ദിഖ് കോഴിക്കോട് കുന്നത്തുപാലത്ത് നടത്തിയിരുന്ന ഹോട്ടലിന് ഉപയോഗിച്ചിരുന്നത് മകൻ ഷഹദ് സാഹിബിന്റെ പേരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടായിരുന്നു. 18-ന് വീട്ടിൽനിന്നുപോയ സിദ്ദിഖിനെക്കുറിച്ച് വിവരം കിട്ടാതിരുന്ന വീട്ടുകാർ ഇദ്ദേഹം ഈ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നുണ്ടോ എന്നറിയാൻ 22-ന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തു. തലേന്നും പണമെടുത്തിട്ടുണ്ടെന്നും 500 രൂപ മാത്രമേ അക്കൗണ്ടിൽ ശേഷിക്കുന്നുള്ളൂവെന്നും അതിൽനിന്നു വ്യക്തമായി. ഇത്രയും കുറച്ച് പണം അക്കൗണ്ടിൽ സൂക്ഷിക്കുന്ന ആളല്ല സിദ്ദിഖ് എന്ന് അറിയാവുന്ന വീട്ടുകാർക്ക് അതോടെ ആശങ്കയേറി. അതിനിടെ, സിദ്ദിഖിനെ ഫോണിൽ വിളിച്ചുകിട്ടുന്നില്ലെന്ന കാര്യം വീട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. ഇതുപ്രകാരം പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. കൊല്ലത്തുനിന്ന് ഷിബിലിയുടെ സുഹൃത്ത് റാഷിദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകം നടന്നതായി പോലീസ് ഉറപ്പിച്ചു. റാഷിദിനോട് ഷിബിലി സംഭവം പറഞ്ഞിരുന്നു. തെളിവുകൾ മിക്കവാറും ശേഖരിച്ചുകഴിഞ്ഞ പോലീസ് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ്. കുറ്റപത്രം നൽകിയാൽ പ്രതികൾക്ക് ജാമ്യം ദുഷ്‌കരമാകും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..