മലപ്പുറം : കോഴ്‌സ് ഇടയ്ക്കുവെച്ച് നിർത്തി തുടർപഠനം നിഷേധിക്കുന്നതായി വിദ്യാർഥിനികൾ. വളാഞ്ചേരി മർക്കസ് കോളേജിലെ വഫിയ്യ, വാഫി കോഴ്‌സ് പഠിക്കുന്ന വിദ്യാർഥിനികളാണ് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.
കോഴ്‌സ് നിർത്തുന്നതായി കോളേജ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണ്. എന്നാൽ, ബുധനാഴ്ച ഉച്ചയോടെ കോളേജിലെത്തിയ പോലീസ് സംഘം വിദ്യാർഥിനികളോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. പോലീസിന്റെ കൈയിൽ ഉത്തരവില്ലാത്തതിനാൽ അതു നടന്നില്ല. വൈകീട്ട് ആറുമണിയോടെ സന്നാഹങ്ങളുമായി പോലീസ് വീണ്ടുമെത്തി. മർക്കസ് മാനേജ്‌മെന്റ് നോട്ടീസ് ഉണ്ടാക്കി നൽകുകയും പോലീസ് ബലപ്രയോഗത്തിലൂടെ ഹോസ്റ്റലിൽനിന്ന് ബസിൽ കയറ്റിക്കൊണ്ടുപോകുകയും ചെയ്തതായും വിദ്യാർഥിനികൾ ആരോപിച്ചു. പോലീസ് കസ്റ്റഡിയിലുള്ള ഇരുപത്തഞ്ചോളം വിദ്യാർഥിനികളും അധ്യാപകരും ഇപ്പോൾ തവനൂർ മഹിളാ മന്ദിരത്തിലാണെന്നും ഇവർ പറഞ്ഞു.
മർക്കസ് ജനറൽസെക്രട്ടറിയുടെ ഏകപക്ഷീയ തീരുമാനവും പിടിവാശിയുമാണ് ഈ അവസ്ഥയ്ക്കു കാരണമെന്നും അവർ ആരോപിച്ചു. എം. സിദ്രത്തുൽ മുൻതഹ, എൻ.എം. ഫാത്തിമ നിദ, കെ.വി. ഷെറിൽ, ബി. സ്വാലിഹ ജെബിൻ, പി. സഫ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..