മലപ്പുറം : കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് റിസർച്ച് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ മലിനീകരണവുമായി ബന്ധപ്പെട്ട പരാതിയിൽ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്താൻ മനുഷ്യാവകാശ കമ്മിഷൻ തിരുമാനിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ, കൊണ്ടോട്ടി നഗരസഭാ സെക്രട്ടറി, ഡയാലിസിസ് സെന്റർ അധികൃതർ എന്നിവർ 14-ന് തിരൂരിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകാനാണ് കമ്മിഷന്റെ ഉത്തരവ്. സെന്ററിന്റെ പ്രവർത്തനംകാരണം പ്രദേശത്തെ കുടിവെള്ളവും നെൽവയലും പരിസ്ഥിതിയും മലിനമാകുമെന്നാരോപിച്ച് കൊണ്ടോട്ടി കോടങ്ങാട് മംഗലത്ത് വീട്ടിൽ എം. ഹസൻ ഷെരീഫ് സമർപ്പിച്ച പരാതിയിലാണ് നടപടി.
മാർച്ച് 10-ന് കമ്മിഷൻ സ്ഥലം സന്ദർശിക്കുകയും മാലിന്യനിർമാർജന സംവിധാനം ഒരുക്കിയശേഷം മേയ് 19-ന് തിരൂരിൽ നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ കക്ഷികൾ ഹാജരാകുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തില്ല. ഇത് മനുഷ്യവകാശ സംരക്ഷണ നിയമപ്രകാരം ചട്ടലംഘനമാണെന്ന് കമ്മിഷന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
പരാതിക്കാരൻ ആവശ്യപ്പെടുന്ന സ്ഥലത്തുനിന്ന് എടുത്ത വെള്ളത്തിന്റെ സാമ്പിൾ പരിശോധനയിൽ കോളിഫോം ബാക്ടീരിയ, ഇ കോളി ബാക്ടീരിയ, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. ഹാജരാകാതിരുന്നാൽ നിയമാനുസൃതം നടപടിയെടുക്കുമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇടക്കാല ഉത്തരവിൽ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..