പ്ലസ്ടുവിന് അധികബാച്ചുകൾ വേണം - ജില്ലാ വികസനസമിതി


2 min read
Read later
Print
Share

• മലപ്പുറത്തു ചേർന്ന ജില്ലാ ആസൂത്രണസമിതി യോഗത്തിൽനിന്ന്

മലപ്പുറം : എസ്.എസ്.എൽ.സി. വിജയിച്ചവർക്കെല്ലാം ഉപരിപഠന സൗകര്യം ഉറപ്പാക്കാൻ പ്ലസ്ടുവിന് അധികബാച്ചുകൾ അനുവദിക്കണമെന്ന് ജില്ലാ ആസൂത്രണസമിതി യോഗം ആവശ്യപ്പെട്ടു. 30 ശതമാനം അധികസീറ്റുകൾ ശാശ്വത പരിഹാരമല്ല. ഭൗതികസാഹചര്യങ്ങളുടെ അഭാവം കാരണം എയ്ഡഡ് സ്കൂളുകൾ സീറ്റ് വർധന നടപ്പാക്കാറില്ല. നടപ്പാകുന്ന സ്കൂളുകളിൽ ഒരു ക്ലാസിൽ 70 കുട്ടികൾ വരെ ഇരുന്നു പഠിക്കേണ്ട സ്ഥിതിയുണ്ട്. മറ്റു ജില്ലകളിലാണെങ്കിൽ വേണ്ടത്ര കുട്ടികളില്ല താനും. ഈ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും യോഗത്തിൽ എം.എൽ.എ.മാർ ആവശ്യപ്പെട്ടു.

പരമാവധി സൗകര്യമെന്ന് ആർ.ഡി.ഡി.

പരമാവധി പേർക്ക് ഉപരിപഠനത്തിനു സൗകര്യമുണ്ടെന്ന് ഹയർസെക്കൻഡി മേഖലാ ഉപഡയറക്ടർ യോഗത്തിൽ അറിയിച്ചു. 77,800 പേരാണ് ജില്ലയിൽനിന്ന് എസ്.എസ്.എൽ.സി. വിജയിച്ചത്. 30 ശതമാനം സീറ്റ് വർധനയും അൺഎയ്ഡഡ് ബാച്ചുകളും കൂട്ടുമ്പോൾ 66,846 പ്ലസ് വൺ സീറ്റുകൾ ജില്ലയിലുണ്ട്. മറ്റു വിഭാഗങ്ങളിലായി 8590 സീറ്റുകളുമുണ്ട്. 2391 സീറ്റുകളുടെ കുറവാണ് ജില്ലയിലുള്ളതെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. ഇതിന്റെ പൂർണവിവരങ്ങളടുങ്ങുന്ന റിപ്പോർട്ട് നൽകാൻ മന്ത്രി വി. അബ്ദുറഹ്‌മാൻ നിർദേശം നൽകി.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം

ചേളാരി ഐ.ഒ.സി. ബോട്ട്‌ലിങ് പ്ലാന്റിൽനിന്ന് പാചകവാതകവുമായി പോവുന്ന വാഹനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടം ഇടപെടണമെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എ. ആവശ്യപ്പെട്ടു. തിരൂർ സബ്കളക്ടറുടെ നേതൃത്വത്തിൽ പോലീസ്, അഗ്നിരക്ഷാസേന, സിവിൽ സപ്ലൈസ് വകുപ്പുകൾ അടങ്ങിയ സംഘം ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ യോഗത്തിൽ അധ്യക്ഷനായ ജില്ലാകളക്ടർ വി.ആർ. പ്രേംകുമാർ നിർദേശം നൽകി.

ടിപ്പറുകളെ നിയന്ത്രിക്കണം

രാവിലെ 8 മുതൽ 10 വരെയും വൈകീട്ട് ക്ലാസുകൾ അവസാനിക്കുന്ന 4 മുതൽ 6 വരെയും ടിപ്പറുകൾ ഓടരുതെന്ന ഉത്തരവു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കെ.പി.എ. മജീദ് എം.എൽ.എ. ആവശ്യപ്പെട്ടു. പൊന്നാനി നിളയോരപാതയിലെ

െെകയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പൊന്നാനി എം.എൽ.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. വികസനസമിതി യോഗങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കരുതെന്ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ആവശ്യപ്പെട്ടു. എം.എൽ.എമാർക്ക് പുറമേ സബ് കളക്ടർമാരായ ശ്രീധന്യ സുരേഷ്, സച്ചിൻകുമാർ യാദവ്, എ.ഡി.എം. എൻ.എം. മെഹറലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ പ്ലാനിങ് ഓഫീസർ എ.എം. സുമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. താനൂർ ബോട്ടപകട സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെയും ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു.

ദേശീയപാത വികസനം: പ്രത്യേക യോഗം ചേരും

ദേശീയപാത 66 വികസനം നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി 14-ന് 12.30-ന് കളക്ടറേറ്റിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരാൻ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു.

സർവീസ് റോഡുകളുടെ സമീപത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിലെ വിദ്യാർഥികളുടെ സുരക്ഷാ പ്രശ്‌നങ്ങൾ, രണ്ടത്താണി, ഇരുമ്പുചോല, കോഹിനൂർ പ്രദേശങ്ങളിലെ അടിപ്പാതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും.

എം.എൽ.എ.മാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം

ജില്ലാ വികസനസമിതി യോഗത്തിൽ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും എം.എൽ.എ.മാരും തമ്മിൽ വാക്കുതർക്കം. പത്താംതരം വിജയിച്ചവർക്കു ഉപരിപഠനത്തിനുള്ള സീറ്റുകൾ എത്രയുണ്ടെന്ന പി. ഉബൈദുള്ള എം.എൽ.എ.യുടെ ചോദ്യത്തിനു ശേഷമാണ് ബഹളം തുടങ്ങിയത്. ജില്ലയിൽ പ്ലസ് വൺ, പോളിടെക്‌നിക്, ഐ.ടി.ഐ. എന്നിവിടങ്ങളിൽ ആവശ്യത്തിനു സീറ്റുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചപ്പോഴാണ് ബഹളം തുടങ്ങിയത്. ജില്ലയിൽ ആവശ്യത്തിനു സീറ്റ് ഇല്ലെന്നും കണക്കുകൾ തെറ്റാണെന്നും പ്രതിപക്ഷ എം.എൽ.എ.മാർ പറഞ്ഞു.

തുടർന്ന് ജില്ലയിൽ അധികബാച്ചുകൾ അനുവദിക്കണമെന്ന് പി. ഉബൈദുള്ള എം.എൽ.എ. പ്രമേയം അവതരിപ്പിച്ചു.

എന്നാൽ പ്രമേയം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..