താക്കീതായി ലീഗ് സമരസംഗമം


3 min read
Read later
Print
Share

• എസ്.എസ്.എൽ.സി. വിജയിച്ച ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ജില്ലാക്കമ്മിറ്റി കളക്ടറേറ്റിലേക്കു നടത്തിയ മാർച്ച്

മലപ്പുറം : പത്താംക്ലാസ് ജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ജില്ലയിൽ പ്ലസ് വൺ സീറ്റ് ഉറപ്പുവരുത്തണമെന്നും മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി

നടത്തിയ കളക്ടറേറ്റ് മാർച്ചും ബഹുജന പ്രതിഷേധ സമര സംഗമവും താക്കീതായി. കാർത്തികേയൻ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പാക്കുകയും വേണമെന്നും സംഗമം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാവിലെ പത്തോടെ കളക്ടറുടെ ബംഗ്ലാവിന് പരിസരത്തുനിന്നു തുടങ്ങിയ മാർച്ചിൽ നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും അണിനിരന്നു. വാർഡ് തലം വരെയുള്ള ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു. തുടർന്ന് കളക്ടറേറ്റിനു മുന്നിൽ നടന്ന ബഹുജന പ്രതിഷേധ സമരസംഗമം ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു.

ജില്ലയിലെ വിദ്യാഭ്യാസപ്രശ്‌നങ്ങൾ മുൻകൂട്ടിത്തന്നെ സർക്കാരിനെ അറിയിച്ചിട്ടും ശാശ്വതമായ പരിഹാരനടപടികൾ ഉണ്ടായില്ലെന്ന് ജില്ലാ ജനറൽസെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ. കുറ്റപ്പെടുത്തി. മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുകളുണ്ടെന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ഹയർസെക്കൻഡറി ജില്ലാ ഡെപ്യൂട്ടി ഡയറക്ടറും പറയുന്നത്. അത് ശരിയല്ലെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ലീഗ് എം.എൽ.എമാർ വ്യക്തമാക്കിയതാണ്. എങ്ങനെ കണക്കുകൂട്ടിയാലും ജില്ലയിൽ കാൽലക്ഷത്തോളം സീറ്റുകളുടെ കുറവുണ്ട്. ബിരുദസീറ്റുകളുടെ കാര്യത്തിലും സമാനപ്രശ്‌നമുണ്ട്. സമാധാനപരമായ ഈ സമരം സൂചന മാത്രമാണെന്നും പരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും പി. അബ്ദുൽ ഹമീദ് വ്യക്തമാക്കി.

ജില്ലാ ട്രഷറർ അഷ്‌റഫ് കോക്കൂർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.പി. ബാവ ഹാജി, സി.പി. സെയ്തലവി, മുൻ വിദ്യാഭ്യാസമന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, നാലകത്ത് സൂപ്പി, എം.എൽ.എമാരായ പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, നൗഷാദ് മണിശ്ശേരി എന്നിവർ പ്രസംഗിച്ചു. എം.എൽ.എമാരായ യു.എ. ലത്തീഫ്, മഞ്ഞളാംകുഴി അലി, പി.കെ. ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലാ ഭാരവാഹികളായ എം.എ. ഖാദർ, ഇസ്മായിൽ മൂത്തേടം, ഉമ്മർ അറക്കൽ, പി. സൈതലവി, കെ. കുഞ്ഞാപ്പു ഹാജി, സലിം കുരുവമ്പലം, കെ.ടി. അഷ്‌റഫ്, കെ.എം. അബ്ദുൽ ഗഫൂർ, താമരത്ത് ഉസ്മാൻ, പിഎം.എ. സമീർ, എ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.പരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭമെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ.

പഠന സൗകര്യമില്ലാതെ കെ-ഫോൺ നൽകിയിട്ട് കാര്യമില്ല -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം : പഠന സൗകര്യമില്ലാതെ കെ-ഫോൺ നൽകിയിട്ട് കാര്യമില്ലെന്നും മലബാർ മേഖലയുടെ വിദ്യാഭ്യാസ ആവശ്യങ്ങളോട് ഇടതുസർക്കാർ ചിറ്റമ്മനയമാണ് പുലർത്തുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. കുട്ടികളുടെ പഠനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. സമരവുമായി മുന്നോട്ടുപോകും -അദ്ദേഹം വ്യക്തമാക്കി.

മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരേ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറു ജില്ലാ കളക്ടറേറ്റുകളിലേക്ക് മുസ്‌ലിം ലീഗ് നടത്തിയ മാർച്ചിന്റെ ഭാഗമായി മലപ്പുറത്തുനടന്ന മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പഠിച്ച് മികച്ച വിജയംനേടിയ മലബാറിലെ കുട്ടികൾ തുടർപഠനത്തിനായി തെരുവിലിറങ്ങേണ്ടിവരുന്നത് വിരോധാഭാസമാണ്. സീറ്റില്ലാത്ത പ്രശ്നം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. എല്ലാ വർഷവും താത്കാലിക പരിഹാര നടപടികൾ മാത്രമേ ഉള്ളൂ. ആറുകൊല്ലം പിന്നിട്ട എൽ.ഡി.എഫ്. സർക്കാർ മലബാറിനോട് പക്ഷപാതം കാണിക്കുന്നു. ഇവിടത്തെ കുട്ടികൾ പഠിക്കേണ്ടെന്നാണോ സർക്കാരിന്റെ ഭാവം? മലബാറിന് ഇത്ര മതിയെന്ന സർക്കാർനയം ക്രിമിനൽ നടപടിയാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മറ്റു പല ജില്ലകളിലും ആവശ്യത്തിലും കൂടുതൽ സീറ്റുകളുണ്ട്. അവിടത്തെ കുട്ടികൾക്ക് ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാൻ സാധിക്കുന്നു. ഇവിടെ അതു കഴിയുന്നില്ല. കേരളത്തെ അപരിഷ്കൃത യുഗത്തിലേക്കാണ് ഇവർ കൊണ്ടുപോകുന്നത്. പലതിനും കാശുണ്ട്, പ്ലസ്ടുവിന്‌ കൊടുക്കാൻ മാത്രം കാശില്ല. യു.പി.എ. സർക്കാരിന്റെ കാലത്ത് മലബാറിലേക്ക് കൊണ്ടുവന്ന പല വിദ്യാഭ്യാസ പദ്ധതികളും കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞു. അതിനേക്കാൾ വലിയ അവഗണനയാണ് സംസ്ഥാന സർക്കാരിന്. മലബാറിന്റെ വിദ്യാഭ്യാസ പ്രശ്നങ്ങളോടുള്ള അനങ്ങാപ്പാറ നയം തിരുത്തിയില്ലെങ്കിൽ ലീഗ് നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കോഴിക്കോട്ട് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, കണ്ണൂരിൽ രാഷ്ട്രീയ കാര്യസമിതിയംഗം കെ.പി.എ. മജീദ് എം.എൽ.എ. എന്നിവർ മാർച്ച് ഉദ്ഘാടനംചെയ്തു. കാസർകോട്ട് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലിയും വയനാട്ടിൽ സംസ്ഥാന സെക്രട്ടറി എൻ. ശംസുദ്ദീൻ എം.എൽ.എ.യും ഉദ്ഘാടനംചെയ്തു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..