എസ്. ബിനീത
കൊണ്ടോട്ടി : നാലു ലക്ഷം രൂപയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ. മുതുവല്ലൂർ പഞ്ചായത്തിലെ അസി. എൻജിനീയർ കൊല്ലം ചിറയിൽ തെക്കേതിൽ എസ്. ബിനീത (43) യെയാണ് വിജിലൻസ് സംഘം പിടികൂടിയത്. പൊതുമരാമത്ത് കരാറുകാരൻ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി.
പഞ്ചായത്തിലെ മൃഗാശുപത്രിയുടെ ചുറ്റുമതിൽ നിർമാണം ഷാഫിയാണ് കാരാർ എടുത്തത്. ഇതിന് നേരത്തേ 91,000 രൂപ ഷാഫി കൈപ്പറ്റിയിരുന്നു. നിർമാണം പൂർത്തിയായതോടെ ബാക്കി തുകയുടെ ബിൽ മാറാൻ ബിനീത രണ്ട് ശതമാനം കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഷാഫി വിജിലൻസിനെ സമീപിച്ചത്.
വെള്ളിയാഴ്ച രാവിലെ മുതൽ വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസ് പരിസരത്തുണ്ടായിരുന്നെങ്കിലും മൂന്നു മണിക്ക് ശേഷമാണ് ബിനീത ഓഫീസിലെത്തിയത്. വിജിലൻസ് ഫിനോഫ്തലിൻ പുരട്ടി നൽകിയ രൂപ ഷാഫി ബിനീതയ്ക്ക് കൈമാറുന്നതിനിടെ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. ബിനീതയെ കോഴിക്കോട്‌വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ എസ്.ഐ.മാരായ മോഹൻദാസ്, ശ്രീനിവാസൻ, എ.എസ്.ഐ. സലിം, പ്രജിത്ത്, രത്നകുമാരി, ശ്യാമ, സുബിൻ, ഷിഹാബ്, സുനിൽ, പി.എൻ. മോഹനകൃഷ്ണൻ,രാജീവ് എന്നിവരടങ്ങിയ സംഘമാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്.
Content Highlights: malappuram assistant engineer arrested in bribe case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..