മോഹൻദാസ്
മഞ്ചേരി: പതിനേഴുകാരിയെ ഗർഭിണിയാക്കിയ കേസിൽ നൃത്താധ്യാപകന് 40 വർഷം കഠിനതടവും 4,10,000 രൂപ പിഴയും. കിഴിശ്ശേരി കുഴിമണ്ണ പള്ളിക്കുന്നത്ത് കാവുംകണ്ടിയിൽ മോഹൻദാസിനെയാണ് (40) മഞ്ചേരി പോക്സോ അതിവേഗകോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പോക്സോ ആക്ടിലെ നാലു വകുപ്പുകളിലായി പത്തുവർഷംവീതം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ.
പിഴയടയ്ക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകണം. അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും നാലുമാസംവീതം തടവനുഭവിക്കണം. ബാലനീതി നിയമപ്രകാരം ആറുമാസം കഠിനതടവും 10,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതി പത്തുവർഷം തടവ് അനുഭവിച്ചാൽ മതിയാകും. പ്രതി റിമാൻഡിൽ കഴിഞ്ഞ കാലാവധി തടവുശിക്ഷയിൽ കുറയ്ക്കാനും കോടതി ഉത്തരവിട്ടു.
2014 മാർച്ചിലാണ് കേസിന്നാസ്പദമായ സംഭവം. വാടകക്വാർട്ടേഴ്‌സിലെ നൃത്തപഠനകേന്ദ്രത്തിൽവെച്ച് പ്രതി പെൺകുട്ടിയെ രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. പിന്നീട് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മംനൽകി. തുടർന്ന് നൽകിയ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു.
2015 ജനുവരി ഒൻപതിന് പ്രതിയെ അറസ്റ്റുചെയ്തു. നവജാത ശിശുവിന്റെ ഡി.എൻ.എ. പരിശോധനയിൽ പ്രതി തന്നെയാണ് കുട്ടിയുടെ പിതാവെന്ന് തെളിഞ്ഞിരുന്നു. ഇയാൾക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.
Content Highlights: malappuram Dance teacher sentenced 40 years prison 17-year-old pregnant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..