മധുവിന്റെ അമ്മ
മണ്ണാർക്കാട് : അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധു ആൾക്കൂട്ടമർദനത്തിരയായി കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് പട്ടികജാതി-വർഗ പ്രത്യേക കോടതി റദ്ദാക്കി. കോടതിയിൽ ഹാജരായ നാലാംപ്രതി കുന്നത്ത് വീട്ടിൽ അനീഷ്, ഏഴാംപ്രതി കുറ്റിക്കൽ സിദ്ദീഖ്, 15-ാം പ്രതി ചരിവിൽ ബിജു എന്നിവരെ ജയിലിലയച്ചു. ഒമ്പതു പ്രതികൾക്കെതിരേ വാറന്റ് പുറപ്പെടുവിച്ചു.
രണ്ടാംപ്രതി കിളയിൽ മരക്കാർ, മൂന്നാംപ്രതി പൊതുവച്ചോലയിൽ ഷംസുദ്ദീൻ, അഞ്ചാംപ്രതി പള്ളിശ്ശേരിയിൽ രാധാകൃഷ്ണൻ, ആറാംപ്രതി പുതവച്ചോലയിൽ അബൂബക്കർ, ഒമ്പതാംപ്രതി വറുതിയിൽ നജീബ്, 10-ാം പ്രതി മണ്ണംപറ്റയിൽ ജൈജുമോൻ, 11-ാം പ്രതി ചോലയിൽ അബ്ദുൽകരീം, 12-ാം പ്രതി പുത്തൻപുരയ്ക്കൽ സജീവ് എന്നിവർ ഹാജാരാവാത്തതിനാലാണ് വാറന്റ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ ജാമ്യ ഉപാധികൾ തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പ്രതികൾ സാക്ഷികളെ സ്വാധിനിച്ചത് തെളിയിക്കാനുള്ള ഫോൺ രേഖകളും സാക്ഷികളിലൊരാൾക്ക് തുക കൈമാറിയതിന്റെ തെളിവും പ്രോസിക്യൂട്ടർ ഹാജരാക്കി.
122 സാക്ഷികളുള്ള കേസിൽ 24 സാക്ഷികളെ വിസ്തരിച്ചതിൽ 13 പേരും കൂറുമാറി. സാക്ഷികളെ പ്രതികൾ വലിയരീതിയിൽ സ്വാധീനിക്കുന്നതായി ആരോപിച്ച മധുവിന്റെ കുടുംബം കൂറുമാറ്റം തുടരുന്നത് കേസിനെ ബാധിക്കുമെന്ന ആശങ്കയും പങ്കുവെച്ചിരുന്നു. സാക്ഷികൾ കൂറുമാറുന്നതിന്റെ കാരണം കോടതിയെ ബോധിപ്പിക്കാൻ കഴിഞ്ഞതായി രാജേഷ് എം.മേനോൻ പറഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്നും സഹായിച്ചവരോട് നന്ദിയുണ്ടെന്നും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. ഉത്തരവിനെതിരേ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കും.
മധു വധക്കേസിലെ വിചാരണ 24-ന് പുനരാരംഭിക്കും. വധക്കേസിൽ 16 പ്രതികളാണുള്ളത്. ഒന്നാംപ്രതി മേച്ചേരിയിൽ ഹുസൈൻ, എട്ടാംപ്രതി തൊടിയിൽ ഉബൈദ്, 13-ാം പ്രതി മുരിക്കടയിൽ സതീഷ്, 14-ാം പ്രതി ചരിവിൽ ഹരീഷ് എന്നിവരും ജാമ്യത്തിലാണ്. ജാമ്യ ഉപാധികൾ ലംഘിച്ചെന്ന പരാതി ഇവർക്കെതിരേ പ്രോസിക്യൂഷൻ ഉയർത്തിയിട്ടില്ല.
Content Highlights: palakkad attappadi madhu murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..