കൊടുംകുറ്റവാളിക്ക് ജീവകാരുണ്യത്തിനുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം


ഷൈബിൻ അഷ്റഫ് സുൽത്താൻബത്തേരി പുത്തൻകുന്നിൽ നിർമിക്കുന്ന വീട്

സുൽത്താൻബത്തേരി: കൊടുംകുറ്റവാളിയായ ഷൈബിൻ അഷ്‌റഫിന് മികച്ച സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുള്ള ഓണററി ഡോക്ടറേറ്റ് ബിരുദവും. പ്ലസ് ടു യോഗ്യത മാത്രമുള്ള ഷൈബിൻ വിദേശസർവകലാശാലയിൽനിന്നാണ് ഓണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മലേഷ്യയിൽനിന്നാണെന്നാണു സൂചന.

ഡോക്ടറേറ്റ് നേടിയ ഷൈബിനെ ഒരു പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുടെ നേതൃത്വത്തിൽ 2014-ൽ ആദരിച്ചിരുന്നു. എസ്.എസ്.എൽ.സി. അടക്കമുള്ള വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിക്കാൻ ടൗണിനു സമീപത്തുള്ള ഒരു സംഘടനയുടെ സ്ഥാപനത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇത്. അന്നത്തെ സ്വീകരണയോഗത്തിൽ ഷൈബിനെ വാനോളം പുകഴ്ത്തിയ നേതാക്കൾ ഇന്ന് ഷൈബിനുമായി ഒരു ബന്ധവുമില്ലെന്നു സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ്.

പണമെറിഞ്ഞ് ബന്ധങ്ങളുണ്ടാക്കി

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി അടുപ്പം സ്ഥാപിക്കാൻ ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം ഷൈബിൻ വിരുന്നുസത്കാരങ്ങളടക്കം സംഘടിപ്പിച്ചിരുന്നതായി സൂചനയുണ്ട്.

ഉദ്യോഗസ്ഥരെയും നേതാക്കൾ അടക്കമുള്ളവരെയും ക്ഷണിച്ച് മദ്യവും പണവും നൽകി സത്കരിച്ചു. ഈ ബന്ധങ്ങൾ മറ്റുപല കാര്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.ഇത്തരത്തിൽ മുമ്പ് ബത്തേരി പോലീസ് സ്റ്റേഷനിൽ എസ്.ഐ.യായിരുന്ന ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിച്ചാണ് തനിക്കെതിരേവന്ന പരാതികൾ ഷൈബിൻ ഒതുക്കിത്തീർത്തത്.ബത്തേരിയിലെ മയക്കുമരുന്ന്-ഗുണ്ടാമാഫിയാ സംഘത്തലവന്റെ കൂട്ടാളിയെ തട്ടിക്കൊണ്ടുപോയി മർദിച്ചതിന് ഷൈബിനെതിരേ ബത്തേരി സ്റ്റേഷനിൽ കേസുണ്ടായിരുന്നു. എസ്.ഐ. ഇടപെട്ടാണ് ഈ കേസ് പിൻവലിപ്പിച്ചത്.

പരാതിക്കാർക്ക് തായ്‌ലാൻഡിലേക്ക് വിനോദസഞ്ചാരയാത്ര ഒരുക്കിയും വലിയ തുക പ്രതിഫലം നൽകിയുമാണ് ഷൈബിൻ കേസ് പിൻവലിപ്പിച്ചത്. ജോലിയിൽനിന്നു വിരമിച്ചശേഷം ഷൈബിന്റെ സഹായിയും നിയമോപദേശകനുമായിമാറിയ എസ്.ഐ.ക്ക് മാസം മൂന്നുലക്ഷത്തോളം രൂപ ശമ്പളം നൽകിയിരുന്നതായും വിവരമുണ്ട്. ഇതേക്കുറിച്ച് ഇയാൾ തന്നെയാണ് നാട്ടുകാരോടു പറഞ്ഞത്.

പലപ്പോഴും ഗൾഫ് രാജ്യങ്ങളിലെ നോട്ടുകൾ ഇന്ത്യൻ രൂപയിലേക്കു മാറ്റിയെടുക്കാൻ ഈ മുൻ ഉദ്യോഗസ്ഥൻ എത്തിയിരുന്നതായും ആളുകൾ കണ്ടിട്ടുണ്ട്.

തമ്പടിച്ചിരുന്നത് മന്തൊണ്ടിക്കുന്നിൽ

പാരമ്പര്യവൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ അറസ്റ്റിലായ പ്രതികൾ അടക്കമുള്ള ഷൈബിൻ അഷ്‌റഫിന്റെ കൂട്ടാളികൾ ബത്തേരിയിൽ സ്ഥിരമായി തമ്പടിച്ചിരുന്നത് മന്തൊണ്ടിക്കുന്നിലെ ഒരു വീട്ടിലാണ്. ഷൈബിൻ ബത്തേരിയിലെത്തുമ്പോൾ മന്തൊണ്ടിക്കുന്നിലെ ദേശീയപാതയോരത്തെ ഒരുനിലവീട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങളെന്നാണു വിവരം. 

Content Highlights: Traditional healer’s death; accused shibin ashraf has honorary doctorate in charity

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..