പ്രതീകാത്മക ചിത്രം | Photo: REUTERS/Regis Duvignau (File Photo)
ടാറ്റ ഗ്രൂപ്പിന്റെ കൈകളിലായ ‘എയർ ഇന്ത്യ’ വിമാനക്കമ്പനി പുതുതായി തുടങ്ങുന്ന രണ്ട് ടെക്നോളജി ഡെവലപ്മെന്റ് സെന്ററുകളിലൊന്ന് കൊച്ചിയിൽ വരുന്നു. കാക്കനാട് ഇൻഫോപാർക്കിലോ സമീപത്തോ ആയി ആറു മാസത്തിനുള്ളിൽ ഇത് സജ്ജമാകും. ഡൽഹിക്ക് സമീപം ഗുരുഗ്രാമിലായിരിക്കും എയർ ഇന്ത്യയുടെ ആദ്യ ടെക് സെന്റർ.
കൊച്ചിയിൽ തുടങ്ങുന്ന ടെക് കേന്ദ്രത്തിലേക്കുള്ള നിയമനനടപടികൾ പുരോഗമിക്കുകയാണ്. സോഫ്റ്റ്‌വേർ എൻജിനീയർമാർ, ആപ്പ് ഡെലവപ്പർമാർ, സൈബർ സെക്യൂരിറ്റി ടെസ്റ്റിങ് വിദഗ്ധർ എന്നിവരെയൊക്കെയാവും കൊച്ചി കേന്ദ്രത്തിൽ നിയമിക്കുക. ഇവർക്കായുള്ള അഭിമുഖം ഏതാനും ദിവസം മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്നു. ടാറ്റ ഗ്രൂപ്പിന് കിഴിലുള്ള ടി.സി.എസ്., ടാറ്റ ഡിജിറ്റൽ എന്നീ കമ്പനികളിൽ നിന്നുള്ള വിദഗ്ധരിൽ ചിലരും എയർ ഇന്ത്യ ടെക്‌നോളജി സെന്ററിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
കേന്ദ്ര സർക്കാരിന്റെ കൈകളിൽ നിന്ന് ഏറ്റെടുത്ത എയർഇന്ത്യയുടെ സംയോജനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലും ഗുരുഗ്രാമിലും ടെക്‌നോളജി സെന്ററുകൾ തുടങ്ങുന്നത്. ഉപഭോക്തൃ സേവനം ജനപ്രിയമാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിൽ വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നീ കമ്പനികളെ ലയിപ്പിക്കുന്നുണ്ട്. ഇതിന്റെ ബാക്ക് എൻഡ് സാങ്കേതികവിദ്യ ഏകീകരിക്കാനും മറ്റുമുള്ള ചുമതല പുതിയ ടെക് സെന്ററിനായിരിക്കും.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനം ഒഴിഞ്ഞു
എയർ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കൊച്ചിയിലെ കെട്ടിടം തിരിച്ച് സംസ്ഥാന സർക്കാരിന് കൈമാറി. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വിമാനക്കമ്പനികളെല്ലാം ഡൽഹിക്ക് സമീപം ഗുരുഗ്രാമിലെ വലിയൊരു കേന്ദ്രത്തിലേക്ക് മാറുകയാണ്. ഇതിന്റെ ഭാഗമായാണ് കൊച്ചിയിൽ സുഭാഷ് പാർക്കിന് സമീപമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനവും ഒഴിഞ്ഞത്. എയർ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ. അലോക് സിങ് ഉൾപ്പെടെയുള്ള ജീവനക്കാർ ഗുഡ്ഗാവിലേക്ക് മാറി. ഏതാനും ജീവനക്കാർ മാത്രമായി കടവന്ത്ര എളംകുളത്ത് താത്കാലികമായ ഒരു ഓഫീസ് തുറന്നിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് ആഭ്യന്തര സർവീസും
എയർ ഇന്ത്യയുടെ ബജറ്റ് എയർലൈനായി എയർ ഇന്ത്യ എക്സ്പ്രസിൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഏഷ്യ ഇന്ത്യയെ ലയിപ്പിക്കുന്ന നടപടികൾ 2023-ൽ പൂർത്തിയാകും. നിലവിൽ അന്താരാഷ്ട്ര സർവീസുകൾ മാത്രം നിർവഹിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന് ഇതോടെ ആഭ്യന്തര സർവീസുകൾ കൂടി നടത്താനാകും. നിലവിൽ ഇന്ത്യയിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് ശക്തമായ സാന്നിധ്യമുള്ള വിമാനക്കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്. 24 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. ആഭ്യന്തര സർവീസ് മാത്രം നടത്തുന്ന എയർ ഏഷ്യ ഇന്ത്യക്കാകട്ടെ 29 വിമാനങ്ങളുണ്ട്. അന്താരാഷ്ട്ര യാത്രികർക്ക് സ്വകര്യപ്രദമായ ആഭ്യന്തര കണക്ഷൻ ഫ്ളൈറ്റുകൾ ഒരുക്കാനും ഇത് സഹായിക്കും.
Content Highlights: air india tech centre in kochi within six months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..