ഭക്ഷ്യസംസ്‌കരണ മേഖലയിൽ തുടങ്ങാം പുതുസംരംഭങ്ങൾ


പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

ഭക്ഷ്യസംസ്‌കരണ മേഖലയിൽ ലഘുസംരംഭകർക്കും കുടുംബസംരംഭകർക്കും ഏറെ അവസരങ്ങളാണ് ഉള്ളത്. നിക്ഷേപസാധ്യതാമേഖലകളിൽ ഏറ്റവും മികച്ചത് ഇതാണ്. കാർഷികരാജ്യമായ ഇന്ത്യയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കണമെങ്കിൽ അത് കൂടുതൽ മൂല്യവർധിതമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ആഭ്യന്തര ഉത്പാദനത്തിന്റെ 32 ശതമാനം മാത്രമാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. ഇതിൽ 13 ശതമാനം ഭക്ഷ്യോത്പന്നങ്ങളാണ്. ഈ മേഖലയുടെ വളർച്ചാ നിരക്കാകട്ടെ 20 ശതമാനത്തിന് മുകളിലും. ഉയർന്ന പരിഗണനയാണ് ഈ മേഖലയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിവരുന്നത്. കാർഷിക-ഭക്ഷ്യസംസ്‌കരണമേഖലയിൽ അതിരുകളില്ലാത്ത അവസരങ്ങളാണ് സംരംഭകർക്കുള്ളത്.

എന്തുകൊണ്ട് ഭക്ഷ്യസംരംഭം?

കുറഞ്ഞ മുതൽമുടക്കിലും ഉയർന്ന മുതൽമുടക്കിലും ഒരുപോലെ ബിസിനസ് ചെയ്യാൻ അവസരം. മികച്ച വിപണി, കുടുംബ ബിസിനസായി തുടങ്ങാം, കുറഞ്ഞ നിക്ഷേപം മതി, വലുതാവാനുള്ള അവസരങ്ങൾ ഏറെ, ക്രെഡിറ്റ് കച്ചവടം കുറവായിരിക്കും, പരിസ്ഥിതി പ്രശ്‌നങ്ങളും പൊതുവേ ബാധിക്കില്ല, സാങ്കേതികതയും ലഘുവായിരിക്കും തുടങ്ങി നേട്ടങ്ങൾ ഏറെയാണ്. എഫ്.എസ്.എസ്.എ.ഐ., പായ്ക്കർ തുടങ്ങിയ അനുമതികൾ മതിയാകും എന്നതിനാൽ ലൈസൻസിങ് എളുപ്പമായിരിക്കും. മറ്റു മേഖലകളുമായി തട്ടിച്ചുനോക്കുമ്പോൾ ലാഭവിഹിതം കൂടുതൽ ആയിരിക്കും. ഇക്കാര്യങ്ങളാണ് ഭക്ഷ്യസംരംഭങ്ങൾ പുതുസംരംഭകർക്ക് ഏറെ സ്വീകാര്യമാകുന്നത്.

‘തിന്നാൻ തയ്യാർ’ വിഭവങ്ങൾ

‘തിന്നാൻ തയ്യാർ’ (Ready to Eat) വിഭവങ്ങളാണ് ഏറ്റവുമധികം ലാഭം തരുന്ന ഭക്ഷ്യസംസ്‌കരണ സംരംഭം. ബേക്കറി ഉത്പന്നങ്ങൾ, ചിപ്‌സുകൾ, ഫ്ളേവറുള്ള ചിപ്‌സുകൾ, ചക്ക, കപ്പ, ഉരുളക്കിഴങ്ങ്, നേന്ത്രക്കായ, ധാന്യങ്ങൾ, മുളപ്പിച്ച് ഉണക്കിയെടുത്ത ധാന്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ധാരാളം ‘തിന്നാൻ തയ്യാർ’ വിഭവങ്ങൾക്ക് വലിയ സാധ്യതകളുണ്ട്. മുറുക്കുകൾ, ഹൽവ, മിഠായികൾ, ബിസ്‌ക്കറ്റുകൾ, കപ്പലണ്ടി, എള്ള്, കശുവണ്ടി എന്നിവയിലെല്ലാം വലിയ ബിസിനസ് സാധ്യതകൾ കാണാനാകും. ആവി പറക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്കും വലിയ സാധ്യതയും മികച്ച ലാഭവിഹിതവുമുണ്ട്. വട്ടയപ്പം, പാലപ്പം, ഉണ്ണിയപ്പം, കള്ളപ്പം, ചപ്പാത്തി, പൊറോട്ട, ഇലയട, കൊഴുക്കട്ട, പരിപ്പുവട, പപ്പടവട, പഴവട, നെയ്യപ്പം തുടങ്ങിയ പരന്പരാഗത ഉത്പന്നങ്ങൾ വിപണിയിൽ വേണ്ടത്ര ലഭിക്കുന്നില്ല എന്നാണ് പരാതി. കുമ്പിളപ്പം, ചക്കയട എന്നിവയെല്ലാം വലിയ വിറ്റുവരവുള്ള ഉത്പന്നങ്ങളാണ്.

തേങ്ങയിൽ നിന്നും വെളിച്ചെണ്ണയാണ് പൊതുവേ ഉണ്ടാക്കുന്നത്. നിരവധി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവാണ് തെങ്ങിൽ നിന്നുള്ള ഉത്പന്നങ്ങൾ. ശീതീകരിച്ച് കുപ്പിയിലാക്കിയ ഇളനീർ, ഇളനീർ എസൻസ്, ഇളനീർ ഷെയ്ക്ക്, ചമ്മന്തിപ്പൊടികൾ, ഉരുക്ക് വെളിച്ചെണ്ണ, തേങ്ങാ ക്രീം, തേങ്ങാപ്പാൽ, വിന്നാഗിരി, തേങ്ങാ പൗഡർ, കയർ ഉത്പന്നങ്ങൾ, ചകിരി കമ്പോസ്റ്റ് എന്നിവയെല്ലാം വിദേശ വിപണി കീഴടക്കാൻ പോന്ന മികച്ച ഉത്പന്നങ്ങളാണ്. കുടിവെള്ളം, സോഡാ, സോഫ്റ്റ് ഡ്രിങ്കുകൾ, ഉണക്കിയ പഴങ്ങൾ, ഐസ്‌ക്രീം, പപ്പടം, സിപ്അപ്പ്, ജിഞ്ചർ സോഡ, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഏതെങ്കിലും ഒരു ബിസിനസ് വീട്ടിൽ തുടങ്ങിയാൽ മതി മികച്ച ബിസിനസുകാരനായി വളരാൻ. മത്സ്യം, മാംസം എന്നിവയിലും ‘തിന്നാൻ തയ്യാർ’ വിഭവങ്ങൾക്ക് സാധ്യതകളുണ്ട്.

‘പാചകം തയ്യാർ’ സാമഗ്രികൾ

സംരംഭകർക്ക് ഏറെ ആശ്രയിക്കാവുന്ന മറ്റൊരു മേഖല ‘പാചകം തയ്യാർ’ (Ready to Cook) ഉത്പന്നങ്ങളാണ്. ധാന്യപ്പൊടികളും മസാലപ്പൊടികളും എല്ലാം മികച്ച ബിസിനസ് മേഖല തന്നെ. ഇൻസ്റ്റന്റ് കറി മിക്‌സുകൾ, ബിരിയാണി പാക്കറ്റുകൾ, ഫ്രോസൺ ഭക്ഷ്യ ഉത്പന്നങ്ങൾ, കറികൾക്ക് ഉപയോഗിക്കുന്ന അരപ്പുകൾ, ദോശ-ഇഡ്ഡലി-വട മിക്‌സുകൾ, ശുദ്ധമായ ഭക്ഷ്യയെണ്ണകൾ, തേങ്ങാപ്പൗഡർ, ലൈവ് കോക്കനട്ട് ഓയിൽ, വിവിധയിനം പപ്പടങ്ങൾ തുടങ്ങി നൂറുകണക്കിന് സംരംഭങ്ങൾക്ക് സാധ്യതയുണ്ട്. മികച്ച ലാഭവിഹിതവും വിപണിയും ഉറപ്പ്.

ഉണക്കിയ പഴങ്ങളും പച്ചക്കറികളും

ഒരു ഡ്രയറിന്റെ സഹായത്തോടെ വീടുകളിൽത്തന്നെ ചെയ്യാവുന്ന ഒരു ബിസിനസാണ് ഡ്രൈ ഫ്രൂട്ട്‌സും ഡ്രൈ വെജിറ്റബിൾസും. വലിയ വിപണി അവസരങ്ങളാണ് ഇതുവഴി തുറന്നുകിട്ടുന്നത്. ഏത്തപ്പഴം, ചക്കപ്പഴം (പഴുപ്പ് കുറഞ്ഞത്), മാങ്ങ, പൈനാപ്പിൾ, പപ്പായ എന്നിവയെല്ലാം ഉണക്കി പായ്ക്ക് ചെയ്ത് വിൽക്കുന്നത് മികച്ച കുടുംബസംരംഭമായി വളർത്തിയെടുക്കാവുന്നതാണ്. ഏത്തക്കയിൽ നിന്ന് ചിപ്സ് ഉത്പന്നങ്ങളാണ് പൊതുവേ നിർമിച്ചുവരുന്നത്. അതിന്റെ വ്യാവസായികപ്രാധാന്യം നാം ഇനിയും പൂർണമായും മനസ്സിലാക്കിയിട്ടില്ല. വെള്ളം വറ്റിച്ചെടുത്ത് ഭക്ഷണപദാർഥമായി പാകമെത്തിയ വാഴപ്പഴത്തെ സംസ്‌കരിച്ചെടുക്കുവാൻ സാധിക്കും. ഇത് ആറുമാസംവരെ കേടുകൂടാതെ ഉപയോഗിക്കാവുന്നതും സ്വദേശത്തും വിദേശത്തും നല്ല രീതിയിൽ വിറ്റഴിക്കുവാൻ കഴിയുന്നതുമാണ്. പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഒരു ബേബി ഫുഡ് ആണ് ഏത്തക്കായപ്പൊടി. കുട്ടികൾക്ക് മാത്രമല്ല പ്രായമായവർക്കും ഇതൊരു മികച്ച ഭക്ഷണമാണ്. കായപ്പൊടിക്കൊപ്പം ധാന്യപ്പൊടികൾ കൂടി ചേർത്ത് മികച്ച ഇനം ഹെൽത്തി ഫുഡ്ഡുകളും നിർമിച്ചുവിൽക്കാവുന്നതാണ്. ആരോഗ്യ ഭക്ഷണങ്ങൾക്ക് ഏറെ സാധ്യതകളാണ് വരുംകാലങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. കപ്പയും നാളികേരവും ഡ്രയറിന്റെ സഹായത്തോടെ ജലാംശം നീക്കി വിപണിയിൽ എത്തിക്കാം.

ക്ലീൻ ചെയ്ത് പാക്കറ്റിലാക്കിയവ

കുടുംബ ബിസിനസ് ആയിത്തന്നെ ശോഭിക്കാവുന്ന ഒരു മികച്ച മേഖലയാണ് ക്ലീൻ ചെയ്ത് പാക്കറ്റിലാക്കിയ പച്ചക്കറികളും അനുബന്ധ ഉത്പന്നങ്ങളും. നാട്ടിൽ സുലഭമായി ലഭിക്കുന്ന പച്ചക്കറികൾ നന്നായി കഴുകി (ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിലിട്ട് കഴുകിയാൽ വിഷാംശത്തിന്റെ അളവ് കുറയ്ക്കാൻ കഴിയും) അതിനുശേഷം അവിയൽ/സാമ്പാർ പാകത്തിന് വലുപ്പത്തിൽ അരിഞ്ഞ് പോളിത്തീൻ കവറിൽ പായ്ക്ക് ചെയ്ത് വിൽക്കുകയാണ് വേണ്ടത്. കപ്പ, ചക്ക, ചക്കക്കുരു എന്നിവയെല്ലാം ഇങ്ങനെ വിൽക്കാൻ കഴിയും. കാര്യമായ മെഷിനറികൾ ഒന്നും തന്നെ ഇതിന് ആവശ്യമില്ല.

വെളുത്തുള്ളി, ചുവന്നുള്ളി, സവാള എന്നിവ ദൈനംദിനം നാം ഉപയോഗിച്ചുവരുന്നവയാണ്. ഇതു നന്നായി ക്ലീൻ ചെയ്ത് (തൊലികളഞ്ഞ്, ഗ്രേഡ് ചെയ്ത്) പാക്കറ്റിലാക്കി വിൽക്കാവുന്നതാണ്. വെളുത്തുള്ളിയുടെ തൊലികളയുന്ന മെഷിനറി ഇപ്പോൾ ലഭ്യമാണ്. ഒരു ലക്ഷം രൂപയോളം മാത്രമാണ് ഇതിന്റെ വില. അതുപോലെ തന്നെ തക്കാളിയും ഗ്രേഡ് ചെയ്ത് കഴുകി വൃത്തിയാക്കി പാക്കറ്റിലാക്കി വിൽക്കാം. നിരവധി സൂപ്പർമാർക്കറ്റുകൾ സ്ഥിരം ചോദിക്കുന്നതാണ് ചക്കക്കുരു തൊലി കളഞ്ഞ് ക്ലീൻ ചെയ്ത് പാക്കറ്റിലാക്കി ലഭിക്കുമോ എന്ന്.

തേങ്ങ ചുരണ്ടി 100 ഗ്രാം, 200 ഗ്രാം, 500 ഗ്രാം പാക്കറ്റുകളിലാക്കി അതത് ദിവസം വിൽക്കാവുന്ന രീതിയിൽ മികച്ച ബിസിനസ് ചെയ്യാം. നല്ല ഇനം മുരിങ്ങ ഇലയും, ചീര ഇലകളും ഇതുപോലെ തന്നെ ക്ലീൻ ചെയ്ത് പാക്കറ്റിലാക്കി വിൽക്കാവുന്നാണ്. റിസ്‌ക് ഇല്ലാതെ ബിസിനസ് ചെയ്യാൻ ഇത്തരം മേഖലകൾക്ക് കഴിയുന്നു എന്നതാണ് പ്രധാന നേട്ടം. കടല, പയർ, ചെറുപയർ, മുതിര തുടങ്ങിയ ധാന്യങ്ങൾ മുളപ്പിച്ച് പാക്കറ്റിലാക്കിയും സംരംഭരംഗത്തേക്ക് കടന്നുവരാം.

സുഗന്ധവ്യഞ്ജനങ്ങൾ

സുഗന്ധവ്യഞ്ജനങ്ങളെ കേന്ദ്രീകരിച്ച് ഒട്ടനവധി ചെറുതും വലുതുമായ സംരംഭങ്ങൾക്ക് സാധ്യതകളുണ്ട്. സ്‌പൈസസ് ഓയിൽ, ഒലിയോറെസിൻ, എന്നിവയെല്ലാം മികച്ച കയറ്റുമതി സാധ്യതയുള്ള മേഖലയാണ്. ഇത്തരം സംരംഭങ്ങൾക്ക് ഉയർന്ന തോതിലുള്ള നിക്ഷേപം ആവശ്യമാണ്.

അതേസമയം, സ്‌പൈസസ് പൗഡറുകൾ കുറഞ്ഞമുടക്കിൽ ചെയ്യാവുന്ന ബിസിനസ് ആണ്. കാപ്പി, തേയില എന്നിവയുടെ വ്യാപാരം, സംസ്‌കരണം എന്നിവയും വേണ്ടത്ര അവസരങ്ങൾ നൽകുന്നവയാണ്. വയനാട് കാപ്പിക്ക് ആഗോളതരത്തിൽ ഡിമാൻഡ് ഉണ്ട്. റോസ്റ്റ് ചെയ്ത കാപ്പി, ചിക്കറി ചേർക്കാത്ത കാപ്പിപ്പൊടി എന്നിവ ലഘുവായി ചെയ്യാവുന്ന സംരംഭമാണ്.

കുരുമുളക്, ചുക്ക്, മഞ്ഞൾ, ജാതിക്ക, ഏലം, ഗ്രാംപൂ തുടങ്ങിയവ ഉണക്കി അതേ രീതിയിൽ പായ്ക്ക് ചെയ്ത് വിൽക്കുന്നുണ്ട്. ഓൺലൈനിൽ ഇത്തരം ഉത്പന്നങ്ങൾ വളരെ വിജയകരമായി വിറ്റുപോകുന്നു. പ്രത്യേകമായ മൂല്യവർധന ഒന്നും നടത്താതെ തന്നെ സുഗന്ധവ്യഞ്ജനങ്ങൾ ഗ്രേഡ്‌ചെയ്ത്, ക്ലീൻ ചെയ്ത്, റീ പായ്ക്ക് ചെയ്ത് വിൽക്കാനും അവസരങ്ങൾ നിരവധിയാണ്.

(സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..