നിഫ്റ്റിയിൽ കഴിഞ്ഞയാഴ്ച പ്രതീക്ഷിച്ചിരുന്നത് 15,988 നിലവാരത്തിനടുത്തേക്കുള്ള നീക്കവും ഒപ്പംതന്നെ ആ നിലവാരത്തിനടുത്ത പ്രതിബന്ധവും ആയിരുന്നു. ഇതിനായി 15,626 നിലവാരം ക്ലോസിങ് അടിസ്ഥാനത്തിൽ നിലനിർത്തുക എന്നതായിരുന്നു ആവശ്യമായി വേണ്ടിയിരുന്നത്.
കഴിഞ്ഞയാഴ്ച നിഫ്റ്റി 15,927 വരെ ആദ്യദിനങ്ങളിൽ തന്നെ എത്തുകയും പിന്നീട് പല തവണയും ‘ഗ്യാപ് ഡൗൺ ഓപ്പണു’കൾ ഉണ്ടായിട്ടും ഉയർന്ന തലത്തിലേക്കെത്തി ക്ലോസ് ചെയ്യാനുള്ള കരുത്ത് കാണിക്കുകയും ചെയ്തു. ഒരവസരത്തിൽ 15,511 വരെ താഴെ എത്തിയ നിഫ്റ്റി അന്നുപോലും 15,752-ലേക്കെത്തിയാണ് ക്ലോസ് ചെയ്തത്.
വരുംദിനങ്ങളിൽ താഴേക്ക് ശ്രദ്ധിക്കേണ്ട ആദ്യ സപ്പോർട്ട് 15,611-ലേതാണ്. അതിനു താഴേക്ക് ക്ലോസ് ചെയ്യുന്നത് തീർച്ചയായും ബുള്ളുകൾക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ള മുന്നേറ്റ സാധ്യത ഇല്ലാതാക്കും. അങ്ങനെയെങ്കിൽ ബെയറുകൾ വിപണിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. 15,511-15,183-14,975 നിലവാരങ്ങളിലേക്കോ അതിലും താഴേക്കോ ഉള്ള നീക്കങ്ങളുടെ തുടക്കമാവും അത്. ഇനി 15,611 നിലനിർത്തുകയും ഒപ്പം മുകളിലേക്ക് 15,989-ന് മുകളിലേക്ക് വരുംദിനങ്ങളിൽ ക്ലോസ് ചെയ്യാൻ ആവുകയുമാണെങ്കിൽ ബുള്ളുകൾ മുന്നേറ്റം തുടരും. 16,100-16,577-16,649 നിലവാരങ്ങളിലേക്ക് മുന്നേറാനുള്ള ശ്രമവും തുടരും. ഈ നിലവാരങ്ങളൊക്കെയും സമ്മർദമേഖലകൾ കൂടിയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇപ്പോൾ നിലനിൽക്കുന്ന നിലവാരത്തിൽനിന്നും ഏതാണ്ട് 200 പോയിന്റിലധികം താഴേക്കും മുകളിലേക്കുമുള്ള നീക്കം നിഫ്റ്റിയിൽ വലിയ ഒരു ട്രെൻഡിനു തന്നെ തുടക്കമിടും എന്നതുകൊണ്ട് വരുംദിനങ്ങൾ വളരെയധികം നിർണായകമാണ്. ആഗോള വിപണികളും ക്രൂഡ് ഓയിൽ വിലയും രൂപയുടെ നീക്കവുമൊക്കെ സമീപ ഭാവിയിലെ ഓഹരിവിപണിയുടെ നീക്കത്തെ നേരിട്ടുതന്നെ സ്വാധീനിക്കാം.
(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുമാണ് ലേഖകൻ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..