സമ്പൂർണ ‘ഡിജിറ്റൽ ബാങ്കിങ്’ ലക്ഷ്യത്തിലേക്ക് കേരളം


കൊച്ചി: ബാങ്കിങ് ഇടപാടുകൾ സമ്പൂർണമായും ഡിജിറ്റൽ പ്രാപ്തമാക്കുന്ന ആദ്യ സംസ്ഥാനമെന്ന ലക്ഷ്യത്തോടടുത്ത് കേരളം. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ഒഴികെ സംസ്ഥാനത്തെ ബാക്കി എല്ലാ ജില്ലകളിലും ഡിജിറ്റൽ ബാങ്കിങ് സമ്പൂർണമായി നടപ്പാക്കിക്കഴിഞ്ഞു.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യു.പി.ഐ., ക്യു.ആർ. കോഡ്, മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, ആധാർ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലും ഒരു ഡിജിറ്റൽ പണമിടപാട് സംവിധാനം ഉപയോഗിക്കാൻ ബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ള ഇടപാടുകാരെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. ഓഗസ്റ്റ് 15-നകം പദ്ധതി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഈ ആഴ്ചയിൽ തന്നെ മുഴുവൻ ജില്ലകളിലും പദ്ധതി പൂർത്തീകരിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.

ബാങ്കിങ് ഇടപാടുകൾ പരമാവധി ഡിജിറ്റൽ ആക്കുന്നതിനും യോഗ്യതയുള്ള എല്ലാ കറന്റ്/ സേവിങ്സ് അക്കൗണ്ടുകളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം പ്രവർത്തന ക്ഷമമാക്കുന്നതിനും റിസർവ് ബാങ്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും (എസ്.എൽ.ബി.സി.) നിർദേശിച്ചതിനെ തുടർന്നാണ് കേരളത്തിലെ ബാങ്കുകൾ പദ്ധതി നടപ്പാക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പദ്ധതി വേഗത്തിൽ നടപ്പാക്കാനാകുന്നുണ്ടെന്നാണ് റിസർവ് ബാങ്കിന്റെയും എസ്.എൽ.ബി.സി.യുടെയും വിലയിരുത്തൽ. ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ച് കേരളത്തിലെ ജനങ്ങളെ എളുപ്പത്തിൽ ബോധവത്കരിക്കാനാകുന്നുണ്ട്. ഇതിനായി തെരുവ് നാടകം അടക്കമുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഈ ഉദ്യമം തുടർന്നുകൊണ്ടുപോകാൻ തന്നെയാണ് സംസ്ഥാനത്തെ ബാങ്കുകളുടെ തീരുമാനം. ക്യു.ആർ. കോഡ് സ്വീകാര്യത ഒരു മാസത്തിനുള്ളിൽ കൂടുതൽ പേരിലേക്കെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..