50,000 കോടിയുടെ ബിസിനസ് ലക്ഷ്യവുമായി എൽ.ഐ.സി. മ്യൂച്വൽ ഫണ്ട്


കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ മൊത്തം ബിസിനസുമായി മ്യൂച്വൽ ഫണ്ട് രംഗത്തെ മികച്ച പത്ത് കമ്പനികളിൽ ഇടം നേടാൻ (കൈകാര്യ ആസ്തി) ലക്ഷ്യമിട്ട് എൽ.ഐ.സി. മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. നിലവിൽ 18,000 കോടി രൂപയുടെ മൊത്തം കൈകാര്യ ആസ്തിയാണ് കമ്പനിക്കുള്ളത്. 2027-ഓടെ 178 ശതമാനം വളർച്ചയാണ് ബിസിനസിൽ പ്രതീക്ഷിക്കുന്നതെന്ന് കമ്പനി എം.ഡി.യും സി.ഇ.ഒ.യുമായ ടി.എസ്. രാമകൃഷ്ണൻ അറിയിച്ചു.

എൽ.ഐ.സി. മ്യൂച്വൽ ഫണ്ടിന്റെ മൊത്തം ബിസിനസിൽ രണ്ട് ശതമാനത്തിലധികം കേരളത്തിൽ നിന്നാണ്. 400 കോടി രൂപയുടെ കൈകാര്യ ആസ്തി സംസ്ഥാനത്തുണ്ട്. കേരളം തങ്ങളുടെ പ്രധാന വിപണികളിലൊന്നാണെന്നും അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് അഞ്ചിരട്ടി വർധനയാണ് ബിസിനസിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദമാക്കി. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ നിലവിൽ സാന്നിധ്യമുണ്ട്. ആവശ്യകത അനുസരിച്ച് എല്ലാ ജില്ലകളിലേക്കും പതുക്കെ സാന്നിധ്യം വിപുലീകരിക്കാനാണ് പദ്ധതി.

മൊത്തം ആറ് ലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഇതിൽ ഒരു ലക്ഷത്തോളം ഉപഭോക്താക്കളെ കോവിഡ് കാലത്ത് കൂട്ടിച്ചേർത്തതാണ്. അടുത്തിടെ അവതരിപ്പിച്ച മണി മാർക്കറ്റ് ഫണ്ട് അടക്കം 27 മ്യൂച്വൽ ഫണ്ട് സ്‌കീമുകൾ കമ്പനിക്കുണ്ട്. മണി മാർക്കറ്റ് ഫണ്ട് വഴി ഇതിനോടകം 250 കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. 1,000 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. കഴിഞ്ഞവർഷം ഒക്ടോബറിൽ അവതരിപ്പിച്ച ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടിന് നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഈ വർഷം ഒക്ടോബറിൽ മൾട്ടി ക്യാപ് ഫണ്ട് അവതരിപ്പിക്കുമെന്നും ടി.എസ്. രാമകൃഷ്ണൻ അറിയിച്ചു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച ശുഭപ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു. വിപണിയിലെ അസന്തുലിതാവസ്ഥ നിലനിൽക്കുമ്പോൾ മാത്രമേ കുറഞ്ഞ നിക്ഷേപത്തിലൂടെ വിപണിയിലേക്ക് പ്രവേശിക്കാനും കൂടുതൽ നേട്ടമുണ്ടാക്കാനും നിക്ഷേപകർക്ക് സാധിക്കൂ. ഇതൊരു അവസരമാക്കി ഉപയോഗപ്പെടുത്തി അച്ചടക്കപൂർണമായ നിക്ഷേപ രീതി നിക്ഷേപകർ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..