സംസ്ഥാനത്ത് 10 ചെറു ഭക്ഷ്യ പാർക്കുകൾ വികസിപ്പിക്കും


തൊടുപുഴ സ്‌പൈസസ് പാർക്ക് ഒരു വർഷത്തിനുള്ളിൽ സജ്ജമാകും

കൊച്ചി: ഭക്ഷ്യസംസ്‌കരണ വ്യവസായത്തിൽ കേരളം ഇതിനോടകം പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അടുത്ത സാമ്പത്തിക വർഷം 10 മിനി ഭക്ഷ്യപാർക്കുകൾ വികസിപ്പിക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ‘കേരള സ്‌പൈസ്’ സമ്മേളനവും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌പൈസസ് ബോർഡും കോൺഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) യും സംയുക്തമായാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കിൻഫ്ര (കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) സ്ഥാപിക്കുന്ന സ്‌പൈസസ് പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ജൂലായോടെ പൂർത്തിയാകുമെന്നും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാർക്ക് ഉദ്ഘാടനത്തിന് സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യകളും ഭക്ഷ്യസംസ്‌കരണ സംവിധാനങ്ങളുമാണ് സ്‌പൈസസ് പാർക്കിലുണ്ടാവുക.

കഴിഞ്ഞ 180 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 60,667 സംരംഭങ്ങളിൽ 9,652 എണ്ണം ഭക്ഷ്യ സാങ്കേതികവിദ്യാ മേഖലയിലേതാണെന്ന് മന്ത്രി വ്യക്തമാക്കി.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ, സി.ഐ.ഐ. കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ജീമോൻ കോര, സി.ഐ.ഐ. കേരള സ്‌പൈസ് പാനൽ കൺവീനർ ചെറിയാൻ സേവ്യർ എന്നിവർ സംസാരിച്ചു.

കൊച്ചി സുഗന്ധതൈലങ്ങളുടെ കേന്ദ്രം

സുഗന്ധവ്യഞ്ജന സംസ്‌കരണത്തിൽ ആഗോള ഹബ്ബാണ് കേരളം. പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപവത്കരിക്കുന്ന ആദ്യ സംസ്ഥാനവും കേരളമാണ്. ഭാവി സാങ്കേതികതകൾ ഉപയോഗപ്പെടുത്തുന്നതിലും സംസ്ഥാനം മുന്നിലുണ്ട്. രാജ്യത്തെ സുഗന്ധതൈലങ്ങളുടെ ഉത്പാദനത്തിൽ 50-60 ശതമാനവും കേരളത്തിലാണ്. കൊച്ചി ഇതിന്റെ ഹബ്ബാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കേരളത്തിലെ വ്യവസായവത്കരണ മികവുകൾ കാണിക്കുന്ന ഇത്തരം നേട്ടങ്ങൾക്ക് മതിയായ ശ്രദ്ധ കിട്ടുന്നില്ലെന്നും ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സി.ഐ.ഐ. മുൻകൈയെടുക്കണമെന്നും പി. രാജീവ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..