കയർ കയറ്റുമതിക്കാർ കേരളം വിടുന്നു


Photo: Sajan V Nambiar | Mathrubhumi

കൊച്ചി: കേരളത്തിൽ കയർ മേഖലയിൽ പ്രതിസന്ധി വരിഞ്ഞുമുറുകിയതോടെ കയറ്റുമതിക്കാർ സംസ്ഥാനത്തിനു പുറത്തേക്ക്. തമിഴ്നാട്ടിലെ കയർ വ്യവസായ മേഖല കേന്ദ്രീകരിച്ചാണ് കയറ്റുമതിക്കാരുടെ പലായനം.

വിലക്കുറവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും മികച്ച സാമൂഹിക-രാഷ്ട്രീയ-വ്യവസായ അന്തരീക്ഷവുമാണ് തമിഴ്നാടിന്റെ ആകർഷണം. രജിസ്റ്റർ ചെയ്ത ഓഫീസ് കേരളത്തിൽ ഉണ്ടെങ്കിലും ഭൂരിഭാഗം യൂണിറ്റുകളും അയൽ സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത്.

കേരളത്തിൽ നിലവിൽ എഴുനൂറോളം കയർ യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ 70 ശതമാനത്തോളം പേരും പ്രവർത്തിക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ചാണ്. ത്രിച്ചി, മധുര, സേലം, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ഇത്തരം യൂണിറ്റുകളുടെ പ്രവർത്തനം. കയറ്റുമതി മാനദണ്ഡം പാലിക്കുന്ന ചകിരിയും കയറും തമിഴ്നാട്ടിൽ കൂടുതലായി ഉത്പാദിപ്പിക്കുന്നതും കയറ്റുമതിക്കാരെ ആകർഷിക്കുന്ന ഘടകമാണ്.

രാജ്യത്ത് ഏകദേശം 16,800-ഓളം കയർ യൂണിറ്റുകളാണുള്ളത്. ഇതിൽ 55 ശതമാനത്തിനു മുകളിൽ തമിഴ്നാട്ടിലാണ്. കയറും കയർ ഉത്പന്നങ്ങളും ലാഭകരമായി കയറ്റുമതി ചെയ്യാൻ തുറമുഖത്തിന്റെ ലഭ്യതയും തമിഴ്നാട്ടിലാണെന്നാണ് വ്യാപാരികൾ പറയുന്നത്.

ഉത്പാദനത്തിൽ രണ്ടാമത്

രാജ്യത്തെ കയർ ഉത്പാദനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമാണ്. 2.298 ലക്ഷം ടൺ ആണ് കേരളത്തിന്റെ ഉത്പാദനം. 2.998 ലക്ഷം ടണ്ണുമായി തമിഴ്നാടാണ് കയർ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത്.

തെങ്ങ് കൃഷിയുടെ വ്യാപനവും പരിപാലനവും തമിഴ്നാട് മികച്ച രീതിയിൽ നടത്തുന്നത് ഉത്പാദനം ഉയർത്താൻ കാരണമായി. തെങ്ങ് രോഗങ്ങളെ ഒഴിവാക്കുന്നതിലും കൃഷിക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും തമിഴ്നാട് സർക്കാർ മുന്നിലാണെന്നാണ് കയർ മേഖല പറയുന്നത്.

കേരളത്തിനു മുന്നേറാൻ

കയർ മേഖലയിലെ പ്രതാപകാലം തിരിച്ചുപിടിക്കാൻ കേരളം ശക്തമായ നടപടികൾ കൊണ്ടുവരണമെന്നാണ് കയറ്റുമതിക്കാരുടെ ആവശ്യം. തെങ്ങ് കൃഷി വ്യാപകമാക്കണം. ഒപ്പംതന്നെ കയർ കർഷകർക്കും യൂണിറ്റുകൾക്കും ആവശ്യമായ ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാർ ഭാഗത്തു നിന്നുണ്ടാകണം.

തൊഴിലാളികളുടെ വേതനം കുറയ്ക്കണം, കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ കൊണ്ടുവരണം, കയറ്റുമതിക്കാവശ്യമായ വ്യവസായ അന്തരീക്ഷം ലഭ്യമാക്കണം എന്നിവയാണ് കയറ്റുമതിക്കാരുടെ മറ്റ് ആവശ്യങ്ങൾ. നിലവിൽ കയർ മേഖലയിൽ തമിഴ്നാട് നൽകുന്ന പ്രാധാന്യം കേരളം കൊണ്ടുവന്നില്ലെങ്കിൽ വരും വർഷങ്ങളിൽ കയർ മേഖലയിൽ കേരളത്തിന്റെ കണക്കുകൾ അയൽ സംസ്ഥാനങ്ങളുടെ കണക്കുകളിൽ കൂട്ടിച്ചേർക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..