കൊച്ചി: പ്രതിസന്ധികൾ നീങ്ങിയതോടെ മൂലധന സമാഹരണത്തിനൊരുങ്ങി കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്ക്. ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങളുടെ (എൻ.സി.ഡി.) വിൽപ്പനയിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം മൂലധന സമാഹരണത്തിന് അനുമതി നൽകി.
അവകാശ ഓഹരികളുടെ വിൽപ്പനയിലൂടെ 130 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് പുറമെയാണ് ഇത്. അവകാശ ഓഹരി വിൽപ്പന 2023 മാർച്ചിനു മുമ്പായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, എൻ.സി.ഡി. അടുത്ത സാമ്പത്തിക വർഷമായിരിക്കും.
ബാങ്കിന്റെ മാനേജ്മെന്റും പ്രധാന ഓഹരിയുടമകളിൽ ചിലരും തമ്മിൽ കഴിഞ്ഞ കുറച്ചുനാളുകളായി നിലനിന്നിരുന്ന തർക്കങ്ങൾക്ക് പരിഹാരമായതോടെയാണ് മൂലധന സമാഹരണത്തിന് അവസരമൊരുങ്ങിയത്. ബാങ്കിന്റെ ഓഹരി വില ഇതെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ മാസം ആദ്യം 12 രൂപയിൽ താഴെയായിരുന്ന ഓഹരി വില തിങ്കളാഴ്ച ഒരവസരത്തിൽ 20 രൂപയ്ക്ക് മേലെയെത്തി.
അതിനിടെ, ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് ശ്രീധർ കല്യാണസുന്ദരത്തെ കൂടി നിയമിച്ചു. റിസ്ക് മാനേജ്മെന്റിൽ പ്രാവീണ്യമുള്ള അദ്ദേഹം എസ്.ബി.ഐ., സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് തുടങ്ങിയ നിരവധി ബാങ്കുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ചീഫ് റിസ്ക് ഓഫീസറായും പ്രവർത്തിച്ചു. സംരംഭകനായ കെ.എൻ. മധുസൂദനൻ, ബാങ്കിങ്-മ്യൂച്വൽ ഫണ്ട് മേഖലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീശങ്കർ രാധാകൃഷ്ണൻ, എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിൽ ഇക്കണോമിക്സ് അധ്യാപികയായിരുന്ന പ്രൊഫ. നിർമല പദ്മനാഭൻ എന്നിവരെ കഴിഞ്ഞ മാസം ഡയറക്ടർമാരാക്കിയിരുന്നു. ശ്രീധർ കൂടിയെത്തിയതോടെ റിസർവ് ബാങ്കിന്റെ രണ്ട് പ്രതിനിധികൾ ഉൾപ്പെടെ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ ഒമ്പതുപേരായി. ഇതിൽനിന്ന് ഒരാളെ വൈകാതെ ചെയർമാനായി ഉയർത്തിയേക്കും. ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..