പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില റെക്കോഡുകൾ തിരുത്തി മുന്നേറുകയാണ്. ബജറ്റിനു പിന്നാലെ വ്യാഴാഴ്ച പവന് 480 രൂപ ഉയർന്ന് 42,880 രൂപയിലെത്തി. ഗ്രാമിന് 60 രൂപ കൂടി 5,360 രൂപയായി. സ്വർണ വിലയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ് വ്യാഴാഴ്ചത്തേത്. ബുധനാഴ്ച രണ്ടു തവണയായി 400 രൂപ കൂടി പവന് 42,400 രൂപയിലെത്തിയിരുന്നു.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തിയ തീരുമാനം കൂടി വന്നതോടെയാണ് സ്വർണ വില വ്യാഴാഴ്ച റെക്കോഡ് നിലവാരത്തിലെത്തിയത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതും വില ഉയരാൻ കാരണമായി.
ഈ വർഷം ജനുവരി രണ്ടിന് പവന് 40,360 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഒരു മാസം കൊണ്ട് പവന് 2,520 രൂപയാണ് ഉയർന്നത്.
നിലവിൽ ഒരു പവൻ ആഭരണം വാങ്ങാൻ 46,000 രൂപയ്ക്കു മുകളിൽ നൽകണം. അതായത് ഒരു പവന് വിലയായ 42,880 രൂപയുടെ കൂടെ കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം (2,144 രൂപ), മൂന്ന് ശതമാനം ജി.എസ്.ടി. (1,350.72 രൂപ) എന്നിവ ചേരുമ്പോഴാണ് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 46,374.72 രൂപ നൽകേണ്ടി വരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനി തങ്കത്തിന് 1,954.80 ഡോളറാണ് വ്യാഴാഴ്ചത്തെ നിരക്ക്.
45,000 കടക്കുമോ?
സ്വർണ വിലയിലെ നിലവിലെ കുതിപ്പ് തുടർന്നാൽ പവൻ വില 45,000 കടക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ. അതേസമയം, ഒരവസരത്തിൽ വില താഴേക്ക് ഇറങ്ങാനുള്ള സാധ്യതകളേറെയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..