കൊച്ചി: മലയാളിയായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള മിസ്റ്റിഫ്ളൈ എന്ന ട്രാവൽ ടെക് കമ്പനി 66 കോടി രൂപയുടെ (80 ലക്ഷം ഡോളർ) മൂലധന നിക്ഷേപം നേടി. കോർണർസ്റ്റോൺ വെഞ്ച്വർ പാർട്ട്‌ണേഴ്‌സ് നേതൃത്വം നൽകിയ ഫണ്ടിങ് റൗണ്ടിൽ നേരത്തേതന്നെ റിക്രൂട്ട് ഹോൾഡിങ്‌സ് (ആർ.എസ്.ഐ. ഫണ്ട്), ജെൻഫി, ക്രൂസേയ്ഡ് പാർട്ട്‌ണേഴ്‌സ് എന്നിവ പങ്കാളികളായിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 700 ഓളം വിമാനക്കമ്പനികളുടെ ടിക്കറ്റുകളും മറ്റു സേവനങ്ങളും ഓൺലൈൻ ട്രാവൽ ഏജൻസികൾ, ട്രാവൽ മാനേജ്‌മെന്റ് കമ്പനികൾ, ഇ-കൊമേഴ്‌സ് കമ്പനികൾ എന്നിവയ്ക്ക് പ്രോഗ്രാമിങ് ഇന്റർഫെയ്‌സിലൂടെ ലഭ്യമാക്കുന്ന ടെക്‌നോളജി കമ്പനിയാണ് മിസ്റ്റിഫ്ളൈ. സിങ്കപ്പൂർ, യു.കെ., യു.എസ്., ഇന്ത്യ എന്നിവിടങ്ങളിൽ നിന്നായി മൂവായിരത്തോളം കമ്പനികളാണ് മിസ്റ്റിഫ്ളൈയുടെ ‘സോഫ്റ്റ്‌വേർ ആസ് എ സർവീസ്’ (സാസ്) പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. അമേരിക്കൻ എക്സ്പ്രസ്, മേക്ക് മൈ ട്രിപ്പ്, അഗോഡ, പേ-ടി.എം,, ജെ.പി. മോർഗൻ ചേസ്, പ്രൈസ്‌ലൈൻ എന്നിവ ഉൾപ്പെടെ ഒട്ടേറെ ആഗോള കമ്പനികൾ ഇതിൽപ്പെടും. ഇതിനോടകം, രണ്ട് കോടി ടിക്കറ്റിങ് ഇടപാടുകൾ കമ്പനിയുടെ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
പുതുതായി ലഭിച്ച ഫണ്ടിങ് തുക ബിസിനസ് വളർച്ചയ്ക്കും പുതിയ നിയമനങ്ങൾക്കും ഉപയോഗിക്കുമെന്ന് മിസ്റ്റിഫ്ളൈ സ്ഥാപകനും സി.ഇ.ഒ.യുമായ രാജീവ് കുമാർ പറഞ്ഞു.
കർണാടകത്തിലെ കോലാറിൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സിൽ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം കിടങ്ങൂർ സ്വദേശി ഗോപാലകൃഷ്ണൻ നായരുടെയും എറണാകുളം വടക്കൻ പറവൂർ സ്വദേശി പത്മിനിയുടെയും മകനായ രാജീവ് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. തുടർന്ന്, ഏതാനും കമ്പനികളിൽ ജോലിചെയ്ത ശേഷമാണ് സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. 2009-ൽ ബെംഗളൂരുവിൽ തുടങ്ങിയ കമ്പനിയുടെ ആസ്ഥാനം ഇപ്പോൾ സിങ്കപ്പൂരിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..