പ്രതീകാത്മകചിത്രം
കൊച്ചി: സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തിലെ കയറ്റുമതി മേഖലയിലുള്ളവരുമായി കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടത്തിയ മുഖാമുഖം പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ എക്സ്‌പോർട്ട് െപ്രാമോഷൻ കൗൺസിൽ സംസ്ഥാനതലത്തിൽ രൂപവത്‌കരിക്കും. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകളിലും കയറ്റുമതി പ്രോത്സാഹന കാര്യങ്ങൾക്കു മാത്രമായി നോഡൽ ഓഫീസർമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) നേതൃത്വത്തിലാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.
കയറ്റുമതിക്കായി കൊമേഴ്‌സ് മിഷൻ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ ഡിവൈസസ്, ഇലക്‌ട്രോണിക്സ് മേഖലകളിലെ ആഗോള കമ്പനികളുടെ സ്റ്റോക്ക് യാർഡ്, അസംബ്ളിങ് സെന്ററുകൾ എന്നിവ കേരളത്തിലേക്ക് എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കും. വിമാനത്താവളങ്ങളോടു ചേർന്ന് കയറ്റുമതി ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കും സംഭരണത്തിനുമുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇലക്‌ട്രോണിക്സ് കമ്പനികളെയും ഘടക ഉത്പന്നങ്ങളുടെ വിതരണക്കാരെയും ആരോഗ്യരക്ഷാ ഉപകരണ മേഖലയിലെ പ്രധാന സ്ഥാപനങ്ങളെയും കേരളത്തിലേക്ക് എത്തിക്കുന്നതിന് ഇത്തരം സ്ഥാപനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
കയറ്റുമതിക്കാരുടെ ആവശ്യങ്ങൾ
* പാദരക്ഷാ കയറ്റുമതിയുമായി ബന്ധപ്പെട്ട ഗുണനിലവാര പരിശോധനയ്ക്ക് സൗകര്യം വേണം
* വിമാനത്താവളങ്ങളിലെ ടെർമിനൽ കൈകാര്യച്ചെലവ് കയറ്റുമതിക്കാരുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചു വേണം നിശ്ചയിക്കാൻ
* കൊച്ചി തുറമുഖത്തെ തൊഴിൽപ്രശ്നങ്ങൾ രമ്യമായി കൈകാര്യം ചെയ്യുന്നതിന് സ്ഥിരം സമിതി വേണം
* കൂടുതൽ ചരക്കുവിമാന സർവീസുകൾക്ക് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം
സമുദ്രോത്‌പന്ന കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴയിൽ ഫാക്ടറികളുടെ മാലിന്യപ്രശ്നത്തിന് പരിഹാരമായി ചന്തിരൂരിൽ പുതിയ എഫ്ളുവന്റ് ട്രീറ്റ്‌മെന്റ് പ്ളാന്റ് സ്ഥാപിക്കാനുള്ള 16 കോടി രൂപയുടെ പദ്ധതിക്ക് സിഡ്ബി ധനസഹായം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പി. രാജീവ് പറഞ്ഞു. അസംസ്‌കൃത വസ്തു ലഭ്യത ഉറപ്പു വരുത്തുന്നതിനായി അക്വാകൾച്ചർ രംഗത്തെ സാധ്യതകളും ഉപയോഗിക്കും. മന്ത്രിമാരുടെ നോർവേ സന്ദർശനത്തിന്റെ തുടർച്ചയായി ഇതിനുള്ള ചർച്ചകളും നടന്നുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ദീർഘനാളായുള്ള ആവശ്യങ്ങളിലെല്ലാം അനുകൂലമായ പ്രഖ്യാപനങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കയറ്റുമതിക്കാർ അറിയിച്ചു. കയർ, സമുദ്രോത്പന്നം, ഭക്ഷ്യ സംസ്കരണം, ഇലക്‌ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്, അലൂമിനിയം തുടങ്ങി വിവിധ കയറ്റുമതി മേഖലകളിൽനിന്നുള്ളവർ ചർച്ചയിൽ പങ്കെടുത്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല വിഷയം അവതരിപ്പിച്ചു. കെ.എസ്.ഐ.ഡി.സി. ചെയർമാൻ പോൾ ആന്റണി, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്. ഹരികിഷോർ, കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ വിജീഷ് കുമാർ, ജോയിന്റ് ഡി.ജി.എഫ്.ടി. കെ.എം. ഹരിലാൽ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..