കൊച്ചി: പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് 2025-26 സാമ്പത്തിക വർഷത്തോടെ പ്രീമിയം വരുമാനം 25,000 കോടി രൂപയായി ഉയർത്താൻ ലക്ഷ്യമിടുന്നു. വാഹന ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ഫയർ ഇൻഷുറൻസ് എന്നീ മേഖലകളിലെ ഊന്നൽ തുടരുന്നതോടൊപ്പം പുതിയ ഇൻഷുറൻസ് പോളിസികൾ അവതരിപ്പിച്ചുകൊണ്ടായിരിക്കും ഈ നേട്ടം കൈവരിക്കുകയെന്ന് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സത്യജിത് ത്രിപാഠി ‘മാതൃഭൂമി’യോട് പറഞ്ഞു. കമ്പനിയുടെ വാർഷിക റിവ്യൂ യോഗത്തിൽ പങ്കെടുക്കാനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷം 17,700 കോടി രൂപയായിരുന്നു മൊത്തം പ്രീമിയം വരുമാനം. 12 ശതമാനത്തിനു മുകളിലാണ് വളർച്ച. സൈബർ റിസ്കുകൾ കവർ ചെയ്യുന്ന ഇൻഷുറൻസ് പോളിസി ഉടൻ പുറത്തിറക്കുമെന്ന് സത്യജിത് ത്രിപാഠി അറിയിച്ചു. ഹെൽത്ത് ഇൻഷുറൻസ് ടോപ് അപ് പ്ലാനുകൾ പരിഷ്കരിക്കാനും പദ്ധതിയുണ്ട്. ഇതിനു പുറമെ, ഒട്ടേറെ ആഡ് ഓൺ പോളിസികൾ അവതരിപ്പിക്കും. നിലവിലുള്ള മൊത്തം പ്രീമിയം വരുമാനത്തിൽ 40 ശതമാനവും ആരോഗ്യ ഇൻഷുറൻസിൽനിന്നാണ്. 33 ശതമാനം മോട്ടോർ ഇൻഷുറൻസിൽനിന്നും. ഫയർ, എൻജിനീയറിങ്, വിള ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള മറ്റെല്ലാ ഇൻഷുറൻസ് പ്രോഡക്ടുകളും കൂടിയാണ് ശേഷിച്ച വിഹിതം സംഭാവന ചെയ്യുന്നത്. മൊത്തം പ്രീമിയത്തിൽ കേരളത്തിൽനിന്നുള്ള വരുമാനം ഏതാണ്ട് 900 കോടി രൂപയാണെന്നും യുണൈറ്റഡ് ഇന്ത്യ സി.എം.ഡി. വ്യക്തമാക്കി.
ഒട്ടേറെ ഓഫീസുകൾ പൂട്ടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത് പരിഷ്‌കരണ നടപടികളുടെ ഭാഗമായാണെന്നും ലാഭക്ഷമമല്ലാത്ത ഓഫീസുകൾ അടുത്തുള്ള ശാഖകളുമായി ലയിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആറു വർഷം മുൻപുവരെ ഏതാണ്ട് 16,000 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 10,200 പേരായി കുറഞ്ഞു. ലാഭക്ഷമതയും ഉത്പാദനക്ഷമതയും കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ കാര്യമായി നടത്താത്തത്. ജീവനക്കാരുടെയും ഓഫീസുകളുടെയും എണ്ണം കുറയുന്നതിനിടയിലും പ്രീമിയം വരുമാനം കൂടുന്നുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളുടെ ലയനം, പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) എന്നിവയെക്കുറിച്ച് പ്രതികരിക്കാൻ സത്യജിത് ത്രിപാഠി തയ്യാറായില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..