വളരെ ആവേശകരമായ നീക്കങ്ങളാണ് കഴിഞ്ഞ രണ്ടു മാസമായി വിപണിയിൽ നടന്നുകൊണ്ടിരിക്കുന്നത്. നിഫ്റ്റിയിലുള്ള നീക്കങ്ങളേക്കാൾ മിഡ് ക്യാപ് ഓഹരികളിലെ മുന്നേറ്റമായിരുന്നു കഴിഞ്ഞ മാസത്തെ പ്രത്യേകത. അതുകൊണ്ടുതന്നെ ഒരു ‘ഫീൽ ഗുഡ് ഫാക്ടർ’ തിരിച്ചുകൊണ്ടുവരാൻ ബുള്ളുകൾക്ക് ആയി. അമേരിക്കൻ സാമ്പത്തിക രംഗത്തെ വലിയ പ്രതിസന്ധികൾക്കിടയിലൂടെയാണ് വിപണിയിൽ ഈ നീക്കമത്രയും നടന്നത്. ആശങ്കകളുടെ മതിലുകൾ കയറാൻ വിപണിക്ക് എന്നും ഇഷ്ടവുമാണ്. അതുകൊണ്ടുതന്നെ കാർമേഘങ്ങൾ ഒഴിയുമ്പോൾ വിപണി എങ്ങനെ പ്രതികരിക്കുന്നുവെന്ന് വരുംദിവസങ്ങൾ തെളിയിക്കണം.
നിഫ്റ്റി കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 18,534-ലായിരുന്നു. 18,737 എന്ന ലക്ഷ്യസ്ഥാനത്തിനു വളരെ അടുത്തുവരെ, 18,662 വരെ എത്തിയ ശേഷം സാമാന്യം നല്ല വിൽപ്പന സമ്മർദം നേരിട്ട് തന്നെയാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ മുന്നേറാനുള്ള ശ്രമങ്ങൾക്ക് തടയിടാൻ ബെയറുകൾ തയ്യാറെടുത്തു തന്നെയാണ് നിൽക്കുന്നത് എന്ന് വ്യക്തം. ഇവിടെ നിന്നും ഒരു തിരുത്തൽ നടത്താനുള്ള സാധ്യതകളുണ്ടായാൽ പ്രധാന സപ്പോർട്ടുകളൊക്കെ ഏതാണ്ട് 800-1,000 പോയിന്റുകൾക്ക് താഴെയാണെന്നത് ബെയറുകൾക്ക് നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഒരു ആക്രമണ സാധ്യത തള്ളിക്കളയാനാവില്ല. വരുംദിനങ്ങളിൽ ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ പ്രസക്തമാവുന്നതും ഇവിടെയാണ്.
18,464 നിലവാരമാണ് താഴെ ആദ്യം ശ്രദ്ധിക്കേണ്ട സപ്പോർട്ട്. ഇതിനു താഴേക്ക് ക്ലോസ് ചെയ്യുന്നത് നിഫ്റ്റിയുടെ തിരുത്തൽ സാധ്യതകൾക്ക് തിരശ്ശീല ഉയർത്തും. 18,358-18,141 നിലവാരങ്ങളാവും പിന്നീട് സപ്പോർട്ടുകൾ നൽകുക. കൂടുതൽ തിരുത്തലുകൾ ഈ നിലവാരവും നഷ്ടപ്പെടുകയാണെങ്കിൽ മാത്രമാവും പിന്നീട് ഉണ്ടാവുക. ഇനി മുകളിലേക്കുള്ള സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ ആദ്യം കടത്തിയെടുക്കേണ്ട കടമ്പ 18,577 നിലവാരത്തിലേതാവും. ഇത് ക്ലോസിങ് അടിസ്ഥാനത്തിൽ സാധ്യമായാൽ പിന്നീട് 18,663-18,737 നിലവാരങ്ങളാവും ശ്രദ്ധാകേന്ദ്രമാവുക. ഇവ കൂടി കടത്തിയെടുക്കുന്നത് ബുള്ളുകളെ സംബന്ധിച്ച് വളരെ പ്രധാനവുമാണ്.
അമേരിക്കൻ ഓഹരിസൂചികയായ ഡൗ ജോൺസ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത് 33,762 നിലവാരത്തിലായിരുന്നു. വളരെ ശക്തമായ ഒരു ക്ലോസിങ് തന്നെയായിരുന്നു ഇത്. 33,771 നിലവാരത്തിനു മുകളിലേക്ക് വരുംദിനങ്ങളിൽ നിലനിൽക്കാനാവുമെങ്കിൽ വളരെ ശക്തമായ ഒരു റാലി തന്നെ ഡൗ ജോൺസിൽ പിന്നീട് പ്രതീക്ഷിക്കാം. 34,903-35,836 നിലവാരങ്ങളിലേക്കാവും തുടർനീക്കങ്ങൾ ഉണ്ടാവുക. 33,090 ആവും ആദ്യ സപ്പോർട്ട്. റിസർവ് ബാങ്കിന്റെ വായ്പനയത്തിൽ പലിശ നിരക്ക് കൂട്ടുമോ എന്നതും അമേരിക്കയുടെയും ചൈനയുടെയും ട്രേഡ് ഡേറ്റയും വരുംദിനങ്ങളിൽ വിപണിയെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങളാണ്.
(പ്രമുഖ ഓഹരി വിദഗ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുമാണ് ലേഖകൻ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..