ഹൈടെക് സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന് ഐ.എ.എസ്. ഉപേക്ഷിച്ച് നാലു പതിറ്റാണ്ട് മുൻപ് സംരംഭകവഴി തിരഞ്ഞെടുത്ത സി. ബാലഗോപാൽ. കേരളത്തിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യവസായ മുന്നേറ്റം സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായിക്കാണാൻ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1977 ബാച്ച് മണിപ്പുർ കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1980-കളിൽ സിവിൽ സർവീസ് ഉപേക്ഷിച്ച് തിരുവനന്തപുരം ആസ്ഥാനമായി ‘പെൻപോൾ’ എന്ന പേരിൽ ബ്ലഡ് ബാഗ് നിർമാണക്കമ്പനിക്ക് തുടക്കംകുറിക്കുകയായിരുന്നു. രണ്ടര പതിറ്റാണ്ടുകൾക്കു ശേഷം ജാപ്പനീസ് കമ്പനിയായ ടെറുമോ കോർപ്പറേഷനു തന്റെ സംരംഭം വിറ്റ് സംരംഭകരംഗത്തു നിന്ന് പടിയിറങ്ങിയ അദ്ദേഹം ഇപ്പോൾ കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ ചെയർമാനാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ബിലോ ദി റഡാർ’
(Below The Radar) ഉത്പാദന രംഗത്തെ 50 സംരംഭങ്ങളിലൂടെ കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് വിവരിക്കുന്നതാണ്. തന്റെ സംരംഭക ജീവിതത്തെക്കുറിച്ചും കേരളത്തിന്റെ വ്യാവസായിക സാധ്യതകളെക്കുറിച്ചും ‘മാതൃഭൂമി’ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.
? വളരെ ചെറുപ്പത്തിൽ തന്നെ സിവിൽ സർവീസിൽ കയറിയ ആളാണ് താങ്കൾ. പക്ഷേ, അത് ഉപേക്ഷിച്ച് സംരംഭകവഴിയിലേക്ക് ഇറങ്ങിയത് എന്തുകൊണ്ടായിരുന്നു
= കേരള യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുമ്പോൾ, 24-ാമത്തെ വയസ്സിലാണ് ഐ.എ.എസിൽ ചേർന്നത്. മാതാപിതാക്കളുടെ താത്പര്യം കാരണമായിരുന്നു ഐ.എ.എസ്. തിരഞ്ഞെടുത്തത്. മണിപ്പുർ കേഡറിലായിരുന്നു നിയമനം. ഇതിനിടെ, ഒരു തവണ അമ്മയുടെ ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തുമ്പോഴാണ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സന്ദർശിക്കാൻ ഒരു സുഹൃത്ത് നിർദേശിച്ചത്. അങ്ങനെ അവിടെച്ചെന്ന് ഡോ. എം.എസ്. വല്യത്താനെ കണ്ടു. ആദ്യ സന്ദർശനത്തിൽ തന്നെ അദ്ദേഹവുമായി ഒരുപാട് സമയം ചെലവഴിക്കുകയും അദ്ദേഹം മുടവൻമുകളിലെ ബയോമെഡിക്കൽ ഗവേഷണ കേന്ദ്രം സന്ദർശിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം, ഗവേഷണ കേന്ദ്രത്തിൽ ചെന്ന് അതിന്റെ മേധാവിയായ പ്രൊഫ. എ.വി. രമണിയെ കണ്ടു. ബയോ മെഡിക്കൽ ഉപകരണ രംഗത്ത് കേരളത്തിന് മുന്നേറാനാകുമെന്ന് ആ കൂടിക്കാഴ്ചയിൽ പ്രൊഫ. രമണി അഭിപ്രായപ്പെട്ടു. ആ കൂടിക്കാഴ്ചകൾ കഴിഞ്ഞതോടെ, ഐ.എ.എസ്. വിട്ട് സ്വന്തം സംരംഭം തുടങ്ങാൻ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു.
? ഏഞ്ചൽ ഇൻവെസ്റ്റ്‌മെന്റും സ്റ്റാർട്ടപ്പ് ഫണ്ടിങ്ങുമൊന്നും ഇല്ലാത്ത 1984-85 കാലത്ത് സംരംഭം തുടങ്ങാനുള്ള പണം എങ്ങനെ കണ്ടെത്തി
= സംരംഭം തുടങ്ങാൻ ഒരു കോടിയിലേറെ രൂപ വേണമായിരുന്നു. പക്ഷേ, സത്യം പറഞ്ഞാൽ എന്റെ കൈയിൽ കാര്യമായ പണമുണ്ടായിരുന്നില്ല. പണത്തിനായി കെ.എസ്.ഐ.ഡി.സി.യെ സമീപിച്ചെങ്കിലും അവർ പണംമുടക്കാൻ തയ്യാറായിരുന്നില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോജക്ട് ഗാരന്റി വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, ശ്രീചിത്രയ്ക്ക് അത് നൽകാൻ കഴിയുമായിരുന്നില്ല. അങ്ങനെ, സംരംഭത്തിനായുള്ള സാങ്കേതികജ്ഞാനം നൽകുന്ന നാഷണൽ റിസർച്ച് ഡെവലപ്‌മെന്റ് കോർപ്പറേഷനെ (എൻ.ആർ.ഡി.സി.) സമീപിച്ചു. അവർ 25 ശതമാനം ഓഹരി പങ്കാളിത്തത്തിന് തയ്യാറായി. അതോടെ, കെ.എസ്.ഐ.ഡി.സി.ക്കുള്ള തടസ്സം നീങ്ങി. അവർ പങ്കാളിയായി ചേർന്നു. 37.50 ശതമാനം ഓഹരി കെ.എസ്.ഐ.ഡി.സി. സ്വന്തമാക്കി. ശേഷിച്ച 37.50 ശതമാനം ഓഹരിക്കായുള്ള പണം ഞാൻ കണ്ടെത്തണം. എന്റെ കൈയിൽ കാര്യമായ പണമില്ലാത്തതിനാൽ, വേണ്ടപ്പെട്ട പലരിൽ നിന്നുമായി ക്രൗഡ് ഫണ്ടിങ് മാതൃകയിൽ പണം കണ്ടെത്തുകയായിരുന്നു. പണം ആയതോടെ, ഫാക്ടറിയും മെഷീനറിയുമൊക്കെ വേഗത്തിൽ സജ്ജമാക്കി. ഒടുവിൽ 1987 മാർച്ചിൽ ‘പെനിൻസുലാ പോളിമേഴ്‌സ്’ എന്ന ‘പെൻപോളി’ൽ നിന്ന് ബ്ലഡ് ബാഗുകളുടെ ഉത്പാദനം തുടങ്ങി.
? ഐ.എ.എസ്. കാലത്ത് സപ്ലൈകോയിൽ പ്രവർത്തിച്ചത് സംരംഭകജീവിതത്തിൽ സഹായിച്ചിട്ടുണ്ടോ
= ഐ.എ.എസ്. കാലത്ത് 1980-ൽ ഡെപ്യൂട്ടേഷനിലാണ് ഞാൻ കേരളത്തിലെത്തുന്നത്. കൊല്ലം സബ് കളക്ടറായി പ്രവർത്തിക്കുന്ന കാലത്താണ് ഭക്ഷ്യമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ ശ്രദ്ധയിൽ ഞാൻ പെടുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ സെക്രട്ടറിയാകാൻ ക്ഷണിച്ചു. സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഒട്ടേറെ നൂതന പദ്ധതികളുടെ ആസൂത്രണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞു. അക്കാലത്താണ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി മാവേലി സ്റ്റോറും ഓണച്ചന്തയുമൊക്കെ കൊണ്ടുവന്നത്. മന്ത്രിസഭ വീണതോടെ, അദ്ദേഹം തന്നെയാണ് എന്നെ സപ്ലൈകോയിൽ എന്തെങ്കിലും പോസ്റ്റ് നൽകണമെന്ന് നിർദേശിച്ചത്. കെ.എം. ചന്ദ്രശേഖർ ആയിരുന്നു സപ്ലൈകോ എം.ഡി. അദ്ദേഹത്തിന് കീഴിൽ ജനറൽ മാനേജർ ആയിട്ടായിരുന്നു നിയമനം. വിപണിവിലയെക്കാൾ കുറഞ്ഞ വിലയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കിയതായിരുന്നു മാവേലി സ്റ്റോറുകളുടെ യു.എസ്.പി. അല്ലാതെ സൂപ്പർമാർക്കറ്റ് ശൃംഖല ഒരുക്കുകയായിരുന്നില്ല ലക്ഷ്യം. സബ്‌സിഡി എന്ന ആശയംപോലും അന്ന് ഉണ്ടായിരുന്നില്ല. പക്ഷേ, കാലംമാറിയതോടെ, സപ്ലൈകോയുടെ ഉദ്ദേശ്യം തന്നെ പിന്നീട് വന്ന ഭരണമേധാവികൾ മറന്നുപോയി. സപ്ലൈകോയിലുണ്ടായിരുന്ന കാലത്ത് ചെയ്ത കാര്യങ്ങളൊക്കെ, ഒരു സിസ്റ്റം സ്ഥാപിക്കാനും ഫിനാൻസിനെക്കുറിച്ച് മനസ്സിലാക്കാനുമൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്. അതു പിന്നീട് പെൻപോൾ തുടങ്ങിയപ്പോൾ വലിയ മുതൽകൂട്ടാകുകയും ചെയ്തു.
? സംരംഭം എന്റെ പണിയല്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ
= ഞാൻ ഒരു ബിസിനസ് കുടുംബത്തിൽനിന്ന് വന്നയാളല്ല. അച്ഛന്റെയും അമ്മയുടെയും സൈഡിൽ നിന്ന് നോക്കിയാൽ പഠിച്ച് വലിയ ജോലി നേടിയവരാണ് അധികവും. അതുകൊണ്ടുതന്നെ സംരംഭകവഴി എളുപ്പമായിരുന്നില്ല. തുടക്കകാലത്ത് ഒട്ടേറെ തവണ തോന്നിയിട്ടുണ്ട്, ഇതിൽ വന്ന് പെട്ടുപോയല്ലോ എന്ന്.
? പിന്നീട് എങ്ങനെയാണ് ജാപ്പനീസ് കമ്പനിയായ ടെറുമോ കോർപ്പറേഷനെ പങ്കാളിയായി കൊണ്ടുവന്നത്
= പ്രതിസന്ധികളിൽ നിന്ന് കരകയറി നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നതിനിടെയാണ് 1990-കളിൽ ഉദാരവത്കരണം വരുന്നത്. ബഹുരാഷ്ട്ര കമ്പനികൾ വന്നാൽ അത് വലിയ തിരിച്ചടിയാകുമെന്ന് ബോധ്യമുള്ളതുകൊണ്ട് തന്ത്രപരമായ ഒരു തീരുമാനം കൈക്കൊണ്ടു, എന്തുകൊണ്ട് അത്തരമൊരു കമ്പനിയെ പങ്കാളിയായി കൊണ്ടുവന്നുകൂടാ... അങ്ങനെ, ഈ രംഗത്തുള്ള പ്രധാന കമ്പനികളുമായെല്ലാം ചർച്ച നടത്തി. ഒടുവിൽ ഏറ്റവും അനുയോജ്യരായ പങ്കാളി ടെറുമോ ആണെന്ന് ഉറപ്പിച്ചു. 1999-ലായിരുന്നു അത്. പക്ഷേ, പ്രൊമോട്ടറല്ലാതെ മറ്റൊരു പങ്കാളി പാടില്ലെന്ന് അവർ വ്യവസ്ഥ വെച്ചു. എൻ.ആർ.ഡി.സി. ഉൾപ്പെടെ എല്ലാ പങ്കാളികളെയും അത് ബോധിപ്പിച്ചു. അങ്ങനെ അവരെല്ലാം ഓഹരി വിറ്റഴിച്ചു. ടെറുമോ അതെല്ലാം വാങ്ങി. അങ്ങനെ അവർക്ക് 74 ശതമാനവും എനിക്ക് 26 ശതമാനവുമായി. കമ്പനിയുടെ പേര് ടെറുമോ പെൻപോൾ എന്നാക്കി മാറ്റുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈടെക്ക് ബയോ മെഡിക്കൽ ഡിവൈസ് കമ്പനികളിലൊന്നായ ടെറുമോ വന്നത് വലിയ ആശ്വാസമാണ് പകർന്നത്.
? പിന്നെ കമ്പനി പൂർണമായി വിറ്റൊഴിഞ്ഞത് എപ്പോഴാണ്
= 60 വയസ്സ് പൂർത്തായാകുന്നതോടെ വിരമിക്കണമെന്നുണ്ടായിരുന്നു. അതിനാൽ, 59 വയസ്സ് ആയപ്പോൾ തന്നെ ടെറുമോയുമായി ചർച്ചകൾ തുടങ്ങി. അങ്ങനെ, 2012-ൽ കമ്പനിയിലെ ശേഷിച്ച ഓഹരികൾ കൂടി വിറ്റ് പൂർണമായി ഞാൻ ഒഴിഞ്ഞു. ജീവനക്കാരുടെ എണ്ണം 1,200 പേരിൽ എത്തിനിൽക്കുകയും വരുമാനം ഏതാണ്ട് 250 കോടി രൂപയായി വളരുകയും ചെയ്ത സമയത്തായിരുന്നു അത്.
? കേരളത്തിലെ കമ്പനികൾ, പ്രത്യേകിച്ച് ഉത്പാദന രംഗത്ത് പ്രവർത്തിക്കുന്നവ, ഒരു പരിധിയുടെ അപ്പുറത്തേക്ക് വളരാത്തത് എന്തുകൊണ്ടാണ്? അതുപോലെ, കേരള കമ്പനികൾ പലതും വിറ്റുപോകുകയാണല്ലോ
= കേരളത്തിൽനിന്ന് ആഗോള തലത്തിലോ ദേശീയ തലത്തിലോ ഉള്ള ഒരു ഭീമനെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല എന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഹൈ-ടെക്‌നോളജിയിൽ അധിഷ്ഠിതമായ എം.എസ്.എം.ഇ.കൾക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. അത്തരത്തിൽ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വലിയൊരു ‘ക്ലസ്റ്റർ’ തന്നെ കേരളത്തിൽ വളർന്നുവരുകയാണ്. ബഹുരാഷ്ട്ര വമ്പൻമാരുടെ ശക്തി സമ്പത്തും വിശാലമായ വിപണിയുമൊക്കെയാണ്. അവർ ഈ നിലയിലേക്ക് വളർന്നത് ഒരു അഗ്രഗേറ്ററിനെപ്പോലെ ചെറുകമ്പനികളെ ഏറ്റെടുത്തുകൊണ്ടാണ്. അത്തരത്തിൽ ഒരു അഗ്രഗേറ്റർ നമുക്കില്ലെന്നത് ഒരു പ്രശ്‌നമല്ല. അതിനാൽ, കേരള കമ്പനികൾ ഏറ്റെടുക്കപ്പെടുന്നതിൽ തെറ്റൊന്നും പറയാനാകില്ല. കാരണം, ഇവിടെനിന്ന് ഫാക്ടറിയോ തൊഴിവലസരങ്ങളോ നഷ്ടപ്പെടുന്നില്ല. മെഡിക്കൽ ഉപകരണ വ്യവസായം എടുത്താൽതന്നെ അതൊരു ശൃംഖല പോലെയാണ്. ഉത്പാദനം മുഴുവൻ എസ്.എം.ഇ.കളാണ് നിർവഹിക്കുന്നത്. 250-500 കോടി വിറ്റുവരവിൽ നിന്നുകൊണ്ട് തന്നെ ഏതെങ്കിലുമൊരു പ്രത്യേക മേഖലയിൽ മേധാവിത്വം നേടാൻ കഴിയും. ടെറുമോ പെൻപോളും സുഗന്ധവ്യഞ്ജന രംഗത്തുപ്രവർത്തിക്കുന്ന സിന്തൈറ്റ് ഇൻഡസ്ട്രീസുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. വിജ്ഞാനാധിഷ്ഠിത സംരംഭങ്ങളിലും കേരളത്തിന് വലിയ മുന്നേറ്റം നടത്താൻ കഴിയും. നിതി ആയോഗിന്റെയും സ്റ്റാർട്ടപ്പ് ഇന്ത്യയുടെയും കണക്കുകൾപ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിലേത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..