ജി.എസ്.ടി. ഇ-ഇൻവോയ്‌സിങ്; ഒക്ടോബറിൽ വിറ്റുവരവ് പരിധി അഞ്ച് കോടിയാകും


പ്രതീകാത്മക ചിത്രം

കൊച്ചി: നികുതിവെട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ഏകീകൃത ചരക്ക് സേവന നികുതി (ജി.എസ്.ടി.) ക്കു കീഴിൽ നടപ്പാക്കിയ ഇ-ഇൻവോയ്‌സിങ് പരിധിയിൽ ഒക്ടോബർ മുതൽ പുതിയ മാറ്റങ്ങൾ. ഒക്ടോബർ ഒന്നുമുതൽ 10 കോടി രൂപയോ അതിലധികമോ വാർഷിക വിറ്റുവരവുള്ള എല്ലാ വ്യാപാരികൾക്കും ബിസിനസ് ടു ബിസിനസ് (ബി ടു ബി) ഇടപാടുകൾ നടത്തുമ്പോൾ ഇ-ഇൻവോയ്‌സിങ് നിർബന്ധമാകും.

ഒക്ടോബർ രണ്ടാം വാരം മുതൽ അഞ്ച് കോടി രൂപയ്ക്കുമുകളിൽ വാർഷിക വിറ്റുവരവുള്ളവർക്കും പരീക്ഷണാടിസ്ഥാനത്തിൽ ഇ-ഇൻവോയ്‌സിങ് നടപ്പാക്കിത്തുടങ്ങും. നിലവിൽ 20 കോടി രൂപയിലധികം വിറ്റുവരവുള്ള ‘ബിസിനസ്-ടു-ബിസിനസ്’ (ബി ടു ബി) ഇടപാടുകൾക്കാണ് ഇ-ഇൻവോയ്‌സിങ് നിർബന്ധമാക്കിയിട്ടുള്ളത്. വ്യാപാരികളും വ്യക്തിഗത ഉപഭോക്താക്കളും (ബിസിനസ് ടു കസ്റ്റമർ) തമ്മിലുള്ള വ്യാപാരത്തിന് ഇ-ഇൻവോയ്‌സിങ് ബാധകമല്ല.

2020 ഒക്ടോബറിൽ ഇ-ഇൻവോയ്‌സിങ് നടപ്പാക്കുമ്പോൾ വിറ്റുവരവ് പരിധി 500 കോടി രൂപയായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇതുവരെ നാലുതവണ വിറ്റുവരവ് പരിധിയിൽ മാറ്റം വരുത്തി. 2022 ഏപ്രിൽ ഒന്നുമുതലാണ് ഇ-ഇൻവോയ്‌സ് പരിധി 20 കോടി രൂപയാക്കി ചുരുക്കിയത്. 200 കോടിയിലധികം ഇ-ഇൻവോയ്‌സുകൾ ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

എന്താണ് ഇ-ഇൻവോയ്‌സിങ് ?

വ്യാപാരികൾ ബിൽ തയ്യാറാക്കുമ്പോൾ തന്നെ അതിലെ പ്രധാന വിവരങ്ങൾ ഒരു പ്രത്യേക രീതിയിൽ ഇൻവോയ്‌സ് രജിസ്ട്രേഷൻ പോർട്ടലിൽ രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ പോർട്ടലിൽനിന്നു ലഭിക്കുന്ന ഇൻവോയ്‌സ് റഫറൻസ് നമ്പറും ക്യു.ആർ. കോഡും രേഖപ്പെടുത്തി ബിൽ നൽകുന്നതിനെയാണ് ഇ-ഇൻവോയ്‌സിങ് എന്നു പറയുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..