കൊച്ചിയിൽ കണ്ടെയ്‌നർ ക്ലിയറൻസ് വൈകുന്നു; മറ്റ് തുറമുഖങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരായി വ്യവസായികൾ


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: കൊച്ചി തുറമുഖത്ത് കയറ്റുമതി-ഇറക്കുമതി വ്യവസായികളെ വലച്ച് കേന്ദ്ര ഏജൻസികളുടെ പരിശോധന. പരിശോധനകളുടെ പേരിൽ ഇറക്കുമതി ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകൾ കൊച്ചി തുറമുഖത്തെത്തുന്ന കണ്ടെയ്‌നറുകളുടെ ക്ലിയറൻസ് വൈകിപ്പിക്കുന്നതായാണ് വ്യവസായികളുടെ ആരോപണം.

ക്ലിയറൻസ് പരിശോധനകളിൽ കാലതാമസം നേരിടുന്നതിനാൽ ചരക്കുനീക്കത്തിന് മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്നതായി വ്യവസായികൾ പറയുന്നു. ഇത് തങ്ങൾക്ക് ഭീമമായ നഷ്ടം വരുത്തുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. മുംബൈ, ചെന്നൈ, തൂത്തുക്കുടി പോലുള്ള തുറമുഖങ്ങളിൽ ഇറക്കുന്ന ചരക്കുകൾ റോഡുമാർഗം കേരളത്തിലേക്ക് എത്തിക്കേണ്ടി വരുകയാണ്. ഇത്‌ ഗതാഗതച്ചെലവിനത്തിൽ വലിയ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും വ്യവസായസമൂഹം പറയുന്നു.

പ്രധാനമായും ഇറക്കുമതി വ്യവസായികളെയാണ് ഇത്തരം പരിശോധനകൾ വലയ്ക്കുന്നത്. ഈന്തപ്പഴം, ആപ്പിൾ പോലുള്ള പഴവർഗങ്ങളും ചെരിപ്പ് പോലുള്ള ഉത്പന്നങ്ങളും ഇറക്കുമതിചെയ്ത ചില വ്യവസായികൾക്കാണ് ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിട്ടത്.

കേന്ദ്ര ഏജൻസികളിൽ നിന്നുള്ള ഇത്തരം സമീപനം കാരണം കൊച്ചിയിലേക്ക് എത്തേണ്ട ചരക്ക്‌ കണ്ടെയ്‌നറുകൾ മറ്റു തുറമുഖങ്ങളിലേക്ക് പോകുന്നത് വല്ലാർപാടം ടെർമിനൽ വഴിയുള്ള ചരക്കുനീക്കത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി തിങ്കളാഴ്ച കസ്റ്റംസ് കമ്മിഷണറുടെ നേതൃത്വത്തിൽ പി.ടി.എഫ്.സി. (പെർമനന്റ് ട്രേഡ് ഫെസിലിറ്റേഷൻ കൗൺസിൽ) യോഗവും ചേരും. ബന്ധപ്പെട്ട എല്ലാ ഏജൻസികളും വ്യവസായ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. വ്യാപാരവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സമിതിയാണ് പി.ടി.എഫ്.സി. എല്ലാ മാസവും സമിതി യോഗംചേരാറുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..