Photo: Print
കൊച്ചി: നടപ്പുവർഷം നാലുമാസം കൊണ്ട് കേരളത്തിൽ വിറ്റഴിച്ചത് 24,903 വൈദ്യുത വാഹനങ്ങൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,637 വാഹനങ്ങൾ വിറ്റ സ്ഥാനത്താണിത്. അതായത്, കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഇ.വി.കളുടെ എണ്ണത്തിൽ 134.11 ശതമാനം വർധനയുണ്ടായി.
രാജ്യത്ത് മൊത്തം വൈദ്യുത വാഹന വിൽപ്പന ഈ കാലയളവിൽ 2,70,062-ൽനിന്ന് 4,51,525-ലേക്ക് ഉയർന്നു. ഇതിൽ കേരളത്തിന്റെ വിഹിതം 5.51 ശതമാനമാണ്. കഴിഞ്ഞ വർഷത്തെ വിൽപ്പന വിഹിതം നാല് ശതമാനമായിരുന്നു.
2022-23 സാമ്പത്തിക വർഷം മൊത്തം 52,220 വൈദ്യുത വാഹനങ്ങളാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. രാജ്യത്ത് മൊത്തം 11.81 ലക്ഷം വാഹനങ്ങൾ വിറ്റു. തൊട്ടു മുൻ സാമ്പത്തിക വർഷവുമായി (2021-22) താരതമ്യം ചെയ്യുമ്പോൾ 251 ശതമാനമാണ് സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളിലുണ്ടായ വർധന.
വൈദ്യുത വാഹന വിപണിയിലെ ചലനങ്ങൾ അതിവേഗത്തിലാണ്. അതുകൊണ്ടുതന്നെ മിക്ക വാഹന നിർമാതാക്കളും പുതിയ മോഡലുകൾ ഇറക്കുമ്പോൾ ആദ്യം പരിഗണിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്.
ഡീസലിൽനിന്ന് അകലുന്നോ...?
ഡീസൽ വാഹനങ്ങളെ പിന്നിലാക്കുന്ന മുന്നേറ്റമാണ് വൈദ്യുത വാഹനങ്ങൾ നടത്തുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലുമാസ കാലയളവിൽ 18,295 ഡീസൽ വാഹനങ്ങളാണ് കേരളത്തിൽ വിറ്റത്. ഇതിനെക്കാൾ, 34 ശതമാനം കൂടുതലാണ് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന.
നാലുമാസത്തിനുള്ളിൽ മൊത്തം 2,47,102 വാഹനങ്ങൾ കേരളത്തിൽ വിറ്റഴിച്ചിട്ടുണ്ട്. രാജ്യത്ത് 72.60 ലക്ഷം വാഹനങ്ങൾ വിറ്റു. ഇതിൽ 6.2 ശതമാനവും വൈദ്യുത വാഹനങ്ങളാണ്.
Content Highlights: electric vehicle increasing in india and kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..