.
കൊച്ചി: കേരളത്തിലെ ക്രൂസ് സീസണ് തുടക്കമിട്ട് ആദ്യ യാത്രാകപ്പൽ ചൊവ്വാഴ്ച കൊച്ചി തീരത്തെത്തും. ‘യൂറോപ 2’ എന്ന ‘ഒഴുകുന്ന കൊട്ടാര’മാണ് കൊച്ചിയിലേക്ക് എത്തുന്നത്. കോവിഡിനു ശേഷമെത്തുന്ന ആദ്യ ആഡംബര കപ്പൽ കൂടിയാണിത്.
രാവിലെ ഏഴിനാണ് കപ്പൽ കൊച്ചി തുറമുഖത്ത് എത്തുക. ഇതിൽ 257 സഞ്ചാരികളും 372 കപ്പൽ ജീവനക്കാരും ഉൾപ്പെടുന്നു. കപ്പലിലെത്തുന്ന സഞ്ചാരികൾ ആലപ്പുഴ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കും. സഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കൊച്ചി തുറമുഖ ട്രസ്റ്റ് ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
കൊച്ചി തുറമുഖ ട്രസ്റ്റിലെ പുതിയ അന്താരാഷ്ട്ര ടെർമിനലായ ‘സാഗരിക’യിലാണ് കപ്പൽ അടുക്കുക. ടെർമിനൽ ഉദ്ഘാടനം കഴിഞ്ഞിട്ട് ആദ്യമായി എത്തുന്ന അന്താരാഷ്ട്ര കപ്പൽ കൂടിയാണ് ‘യൂറോപ 2’. സാമുദ്രിക ക്രൂസ് ടെർമിനലിൽ സൗകര്യം കുറവായതിനാലാണ് പുതിയ ടെർമിനൽ സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ 260 മീറ്ററിനും മുകളിലുള്ള കപ്പലുകൾ അടുക്കാനാകും. കൂടാതെ ഒരേസമയം 5,000 സഞ്ചാരികളെ സ്വീകരിക്കാനുമാകും.
എമിഗ്രേഷൻ കൗണ്ടറുകൾ, കസ്റ്റംസ് ക്ലിയറൻസ് കൗണ്ടറുകൾ, ഡ്യൂട്ടിഫ്രീ ഷോപ്പുകൾ, വിദേശനാണ്യ വിനിമയ കൗണ്ടറുകൾ, ശൗചാലയം തുടങ്ങി പ്രീപെയ്ഡ് ഓട്ടോ-ടാക്‌സി സൗകര്യങ്ങൾ വരെ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത കപ്പലുകൾ എത്തുമ്പോഴേക്കും കൂടുതൽ സേവന സൗകര്യങ്ങൾ ടെർമിനലിൽ ഒരുങ്ങും.
രാത്രി 10 മണിക്ക് കൊച്ചിയിൽനിന്ന് ഫുക്കറ്റിലേക്കാണ് ‘യൂറോപ 2’ യാത്ര തിരിക്കുന്നത്.
മേയ് വരെയുള്ള ക്രൂസ് സീസണിൽ 20 ആഡംബര കപ്പലുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: first cruise after covid will reach today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..