ഒരു പവൻ ആഭരണത്തിന് നൽകണം ചുരുങ്ങിയത് 47,845 രൂപ; വില 50,000 രൂപ കടക്കുമോ?


രേഷ്മ ഭാസ്കരൻ

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മാർച്ച് ഒൻപതിലെ 40,720 രൂപയാണ്. ഒൻപതു ദിവസംകൊണ്ട് 3,520 രൂപയുടെ വർധനയാണ് പവൻ വിലയിൽ ഉണ്ടായത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40,360 രൂപയാണ്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പവന് ശനിയാഴ്ച ഒറ്റ ദിവസംകൊണ്ട് 1,200 രൂപ ഉയർന്ന് 44,240 രൂപ എന്ന റെക്കോഡ് ഉയരം കുറിച്ചു. ഇതോടെ, ആഭരണം വാങ്ങാൻ ചെലവേറും. അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങിയാൽത്തന്നെ മൂന്ന് ശതമാനം ജി.എസ്.ടി. ഉൾപ്പെടെ പവന് 47,845 രൂപ നൽകണം. പണിക്കൂലി കൂടിയ ആഭരണമാണെങ്കിൽ വില വീണ്ടും ഉയരും.

ഒറ്റ ദിവസംകൊണ്ടുള്ള ഏറ്റവും വലിയ മുന്നേറ്റം

പവൻ വിലയിൽ ഒറ്റ ദിവസംകൊണ്ട് 1,200 രൂപ കൂടുന്നത് ആദ്യമാണ്. 2020 ഓഗസ്റ്റിൽ രണ്ടു തവണകളിലായി 1,040 രൂപ കൂടിയതായിരുന്നു ഇതിനു മുൻപുള്ള റെക്കോഡ്. അതേസമയം, 2020 നവംബർ 10-ന് ഒറ്റ ദിവസം കൊണ്ട് 1,200 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചത്തെ റെക്കോഡ് നിരക്ക് തകർത്താണ് ശനിയാഴ്ച വ്യാപാരം നടന്നത്. വെള്ളിയാഴ്ച പവന്‌ 43,040 രൂപയായിരുന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മാർച്ച് ഒൻപതിലെ 40,720 രൂപയാണ്. ഒൻപതു ദിവസംകൊണ്ട് 3,520 രൂപയുടെ വർധനയാണ് പവൻ വിലയിൽ ഉണ്ടായത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40,360 രൂപയാണ്.

വില 50,000 രൂപ കടക്കുമോ?

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ ആഭ്യന്തര വിപണിയെ ശക്തമായി പിടിമുറുക്കുന്നതിനാൽ വില ഇനിയും ഉയരും. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി, എണ്ണവില, സ്വിസ് ബാങ്കിന്റെ തകർച്ച തുടങ്ങി അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയാണെന്ന വാർത്തകളും സ്വർണ വില ഉയരാൻ ഇടയാക്കി. ഈ പ്രതിസന്ധി തുടർന്നാൽ അടുത്ത ആഴ്ചയിൽ വ്യാപാരത്തിന്റെ തുടക്കത്തിൽതന്നെ അന്താരാഷ്ട്ര വിലയിൽ വലിയ മാറ്റങ്ങൾ പ്രകടമായേക്കാം. അതിനാൽ, അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 2,000 ഡോളറിലെത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. സ്വർണ വില 2,000 ഡോളർ നിലവാരത്തിൽ എത്തിയാൽ പിന്നീട് എക്കാലത്തെയും ഉയർന്ന നിലയായ 2,070 മറികടക്കാനാണ് സാധ്യത. ഇതോടെ ആഭ്യന്തര വിപണിയിൽ സ്വർണ വില 50,000 രൂപ കടക്കുമെന്നാണ് വിപണി വിലയിരുത്തൽ. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ 1,989.30 ഡോളർ നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

നിലവിലെ സ്വർണ വില - 44,240 രൂപ

കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം - 2,212 രൂപ

മൂന്ന് ശതമാനം ജി.എസ്.ടി. - 1393.56

ഒരു പവന് 47,845.56 രൂപ.

Content Highlights: Gold price climbs to life time high

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..