Photo: PTI
കൊച്ചി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ.ഐ.സി.) മേയ് പകുതിയോടെ പ്രാഥമിക ഓഹരി വിപണിയിലേക്ക് (ഐ.പി.ഒ.) പ്രവേശിച്ചേക്കും. യുക്രൈനുമേലുള്ള റഷ്യൻ അധിനിവേശം സൃഷ്ടിച്ച വിപണി അനിശ്ചിതാവസ്ഥയാണ് ഐ.പി.ഒ. വൈകിക്കാൻ കാരണം. മേയ് മാസത്തോടെ വിപണി അനിശ്ചിതത്വം കുറയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ മാസം ഇനി ഐ.പി.ഒ.യ്ക്കുള്ള സാധ്യത കുറവാണ്.
നിക്ഷേപകർ കാത്തിരിക്കുന്ന പ്രാഥമിക ഓഹരി വില്പന മാർച്ച് അവസാനത്തിനു മുൻപ് നടത്താനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, റഷ്യ-യുക്രൈൻ യുദ്ധം സാമ്പത്തിക വിപണിയിൽ കനത്ത ആഘാതമേൽപ്പിച്ചതോടെയാണ് അടുത്ത സാമ്പത്തിക വർഷത്തേക്ക് ഐ.പി.ഒ. നീണ്ടുപോയിരിക്കുന്നത്. ഐ.പി.ഒ. സംബന്ധിച്ച അന്തിമ വിജ്ഞാപനമിറക്കുന്നതിനു മുൻപ് വിപണി സ്ഥിരത വീണ്ടെടുക്കാനാകുമോ എന്നാണ് സർക്കാർ നോക്കുന്നത്. സെബിയിൽ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഐ.പി.ഒ.യ്ക്ക് മേയ് 12 വരെ സമയമുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
എൽ.ഐ.സി.യുടെ പ്രസിദ്ധീകരിച്ച ഉൾച്ചേർത്ത മൂല്യം (എംബഡഡ് വാല്യു) അനുസരിച്ച് മേയ് വരെ ഐ.പി.ഒ.യ്ക്ക് സാധുതയുണ്ട്. എന്നാൽ, ഇതിനുമപ്പുറത്തേക്ക് കാലതാമസം വരികയാണെങ്കിൽ പുനർമൂല്യ നിർണയം നടത്തേണ്ടതായി വരും. മാത്രമല്ല, വിപണിയിലെ ചാഞ്ചാട്ടം ഇതേ പോലെ തുടർന്നാൽ ലിസ്റ്റിങ് നേട്ടത്തെയും ബാധിക്കും. നിലവിൽ 100 ശതമാനവും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എൽ.ഐ.സി. അഞ്ചുശതമാനം ഓഹരിയാണ് ഐ.പി.ഒ.യിലൂടെ വിറ്റഴിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നായിരിക്കും ഇതെന്നാണ് കരുതുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..