തമിഴ്‌നാട്ടിൽ 3,500 കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്


തമിഴ്നാട് വ്യവസായ വികസന വകുപ്പ് പ്രൊമോഷൻ ബ്യൂറോ മാനേജിങ് ഡയറക്ടർ പൂജ കുൽക്കർണിയും ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫലിയും ധാരണാപത്രം ഒപ്പുവെച്ചപ്പോൾ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, വ്യവസായ മന്ത്രി തങ്കം തെന്നരശ് എന്നിവർ സമീപം

അബുദാബി: മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ‘ലുലു’ ഗ്രൂപ്പ്, ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ 3,500 കോടി രൂപ മുതൽമുടക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അബുദാബി ചേംബർ ആസ്ഥാനത്തുവെച്ച് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലിയുമായി ചർച്ചയിലാണ് നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ഷോപ്പിങ് മാൾ, ഭക്ഷ്യസംസ്‌കരണ കേന്ദ്രം എന്നിവ ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പും തമിഴ്‌നാട് സർക്കാരും ഒപ്പുവെച്ചു. തമിഴ്നാടിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന വകുപ്പ് പ്രൊമോഷൻ ബ്യൂറോ മാനേജിങ് ഡയറക്ടർ പൂജ കുൽക്കർണിയും ലുലു ഗ്രൂപ്പിനു വേണ്ടി എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫലിയുമാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, വ്യവസായ മന്ത്രി തങ്കം തെന്നരശ്, എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.മാളുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും പുറമേ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി കാർഷികോത്പന്നങ്ങൾ സംഭരിക്കാനും സംസ്‌കരിക്കാനും ലുലു ഗ്രൂപ്പ് ഭക്ഷ്യസംസ്‌കരണ-ലോജിസ്റ്റിക്സ് കേന്ദ്രം സ്ഥാപിക്കും.

പദ്ധതിയുടെ തുടർചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്റെ ഉന്നതതല സംഘം അടുത്തുതന്നെ തമിഴ്‌നാട് സന്ദർശിക്കും. ലുലു ഗ്രൂപ്പിന്റെ തമിഴ്‌നാട്ടിലെ ആദ്യ ഹൈപ്പർ മാർക്കറ്റ് ഈ വർഷാവസാനം കോയമ്പത്തൂരിൽ ആരംഭിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു.

അബുദാബി ചേംബർ ഡയറക്ടർമാരായ അലി ബിൻ ഹർമൽ അൽ ദാഹിരി, മസൂദ് അൽ മസൂദ്, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് റാം എന്നിവരും സംബന്ധിച്ചു.

Content Highlights: Lulu Group invests Rs 3,500 crore in Tamil Nadu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..