എം.ജി. 'സെഡ്.എസ്.’
ഇന്ത്യയിലേക്ക് സാങ്കേതികവിദ്യകളുടെ പുതിയ ലോകം തീർത്താണ് ‘എം.ജി.’ വന്നത്. അവരുടെ വാഹനങ്ങളെല്ലാം പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകളുടെ ഉദാഹരണങ്ങളായിരുന്നു. എം.ജി.യുടെ ആദ്യ വൈദ്യുത വാഹനമായ ‘െസഡ്.എസ്.’ മുഖംമിനുക്കി വരുകയാണ്. പുതിയ ‘സെഡ്.എസ്.’ ഒറ്റ ചാർജിൽ എത്ര ഓടും എന്നുള്ളതു തന്നെയാണ് പ്രധാന ആകാംക്ഷ. അതിലും നിരാശപ്പെടേണ്ടിവരില്ലെന്നാണ് കമ്പനി നൽകുന്ന സൂചന.
ഒറ്റച്ചാർജിൽ 450 കിലോമീറ്റർ ഓടുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. നിലവിലെ പതിപ്പിൽ 419 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. നിലവിലെ 44.5 കിലോവാട്ട് ബാറ്ററി പാക്കിന് പകരം 51 കിലോവാട്ട് ബാറ്ററി പാക്കായിരിക്കും പുതിയ വാഹനത്തിൽ. 141 ബി.എച്ച്.പി. പവറും 353 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്ത്. കഴിഞ്ഞദിവസം പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നത് പുറംമോടിയിലും മാറ്റങ്ങൾ വരുന്നുണ്ടെന്നാണ്.
സവിശേഷതകൾ
മിഡ് സൈസ് എസ്.യു.വി.യായ ‘ആസ്റ്ററി’ൽ നിന്നുള്ള ഫീച്ചറുകളും ഡിസൈനുകളും കടമെടുത്തിട്ടുണ്ട്. പൂർണമായും മൂടിക്കെട്ടിയ ഗ്രില്ല്, മുൻ മോഡലിൽ നൽകിയിരുന്നതു പോലെയുള്ള ചാർജിങ്, വലിയ എയർഡാം, എൽ.ഇ.ഡി. ഹെഡ് ലാമ്പ് എന്നിവയാണ് മുഖഭാവത്തിൽ വരുത്തിയിട്ടുള്ള പുതുമ. 17 ഇഞ്ച് ഡ്യൂവൽ ടോൺ അലോയ് വീലാണുള്ളത്.
‘ആസ്റ്ററി’ൽ നിന്നെടുക്കുന്ന ഏതാനും ഫീച്ചറുകൾ നൽകിയായിരിക്കും അകത്തളം പുതുക്കിപ്പണിയുകയെന്നാണ് വിവരം. ഫീച്ചറുകൾ മുൻ മോഡലിലേതു തുടർന്നേക്കും. നിലവിലെ എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റിന് പകരമായി 10.1 ഇഞ്ച് വലുപ്പമുള്ള സ്ക്രീൻ നൽകും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇത്തവണ നൽകുന്നുണ്ട്.
സ്റ്റിയറിങ് വീൽ, ക്ലൈമറ്റ് കൺട്രോൾ, സീറ്റുകൾ തുടങ്ങിയവ ‘സെഡ്.എസ്.’ ഇലക്ട്രിക്കിന്റെ നിലവിലെ മോഡലിൽ നൽകിയിട്ടുള്ളതായിരിക്കും പുതിയ പതിപ്പിലും നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരക്ഷ
സുരക്ഷയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നുണ്ട്. ആസ്റ്ററിലെ ‘അഡാസ്’ (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഈ ഇലക്ട്രിക് എസ്.യു.വി.യിലേക്കും നൽകുമെന്നാണ് സൂചനകൾ. മുന്നിലെ ഗ്രില്ലിൽ ക്യാമറ നൽകിയിട്ടുള്ളതിനാൽത്തന്നെ 360 ഡിഗ്രി വ്യൂ ലഭ്യമാക്കിയേക്കും. എയർബാഗ്, എ.ബി.എസ്., ഇ.ബി.ഡി. തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ അടിസ്ഥാന ഫീച്ചറായി സ്ഥാനംപിടിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..