ഹാൾമാർക്കിങ് കേന്ദ്രങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക്


പ്രതീകാത്മകചിത്രം| Photo: AP

കൊച്ചി: സ്വർണാഭരണങ്ങളുടെ ഗുണമേന്മാ മുദ്രയായ ‘ഹാൾമാർക്കിങ്ങി’നായുള്ള ‘ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്’ (ബി.ഐ.എസ്.) കേന്ദ്രങ്ങൾ രാജ്യത്ത് കൂടുതൽ ജില്ലകളിലേക്ക്. ഒൻപത് മാസത്തിനുള്ളിൽ 31 ജില്ലകളിൽകൂടി സെന്ററുകൾ ആരംഭിച്ചു. ഇതോടെ, കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്ത് ഹാൾമാർക്കിങ് കേന്ദ്രങ്ങളുടെ എണ്ണം 1,098 ആയി.

ഹാൾമാർക്കിങ് ചെയ്യുന്നതിന്റെ ഭാഗമായി സ്വർണാഭരണങ്ങളിൽ പ്രത്യേക തിരിച്ചറിയൽ നമ്പർ (യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ-യു.ഐ.ഡി.) നിർബന്ധമാക്കിയതോടെ ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയാണ് പല ജില്ലകളിലും സെന്ററുകൾ ആരംഭിക്കാൻ കാരണമായത്.

കേരളത്തിൽ 85 കേന്ദ്രങ്ങൾ

കേരളത്തിൽ ഇടുക്കി ഒഴികെ മറ്റ് ജില്ലകളിലായി നിലവിൽ 85 സെന്ററുകളാണുള്ളത്. ഇതിൽ എട്ടെണ്ണം കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളിൽ ആരംഭിച്ചതാണ്. പുതിയ സെന്ററുകൾ തുറക്കുന്നതിനായി കൂടുതൽ അപേക്ഷകൾ ലഭിക്കുന്നതായി ബി.ഐ.എസ്. അധികൃതർ അറിയിച്ചു.

രാജ്യത്ത് ബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കൂടുതൽ സെന്ററുകൾ. കേരളത്തിൽ തൃശ്ശൂർ ജില്ലയിലാണ് (23 കേന്ദ്രങ്ങൾ) കൂടുതൽ സെന്ററുകൾ. സംസ്ഥാനത്ത് സെന്ററുകളുടെ എണ്ണം 100-ലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.

ലൈസൻസിനായുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതാണ് സെന്ററുകൾ തുടങ്ങാൻ കാലതാമസം നേരിടുന്നതെന്ന് ഹാൾമാർക്കിങ് സെന്റേഴ്സ് അസോസിയേഷൻ കേരള ചാപ്റ്റർ പറയുന്നത്.

75 ലക്ഷം രൂപ മുതൽ ഒരുകോടി രൂപ വരെയാണ് ഒരു സെന്റർ തുടങ്ങുന്നതിനായുള്ള ചെലവ്.

ഹാൾമാർക്കിങ് നിരക്കിൽ വർധന

ഹാൾമാർക്കിങ് നിരക്കുകൾ 35 രൂപയിൽ നിന്ന് 45 രൂപയായി വർധിപ്പിച്ചത് ജൂവലറി ഉടമകൾക്ക് തിരിച്ചടിയായിട്ടുണ്ട്. കുറഞ്ഞനിരക്കിൽ ഹാൾമാർക്ക് ചെയ്ത്‌ നൽകാൻ ഇന്ത്യയിലുടനീളം ഹാൾമാർക്കിങ് സെന്ററുകൾ തുറക്കാൻ സംഘടനകൾതന്നെ തയ്യാറായി വരുമ്പോഴാണ് ഹാൾമാർക്കിങ് നിരക്ക് വർധിപ്പിച്ചത്. ഹാൾമാർക്കിങ് നിർബന്ധമല്ലാത്തപ്പോൾ നിരക്ക് 25 രൂപയായിരുന്നു. സെന്ററുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിരക്കിൽ ഇളവ് കൊണ്ടുവരണമെന്നാണ് ജൂവലറികളുടെ ആവശ്യം.

Content Highlights: more centres for hallmarking

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..