File Photo: Mathrubhumi
കൊച്ചി: അന്താരാഷ്ട്ര എണ്ണവിപണിയിൽ അസ്ഥിരത തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉടനെയൊന്നും കുറവുണ്ടായേക്കില്ല. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന് വീപ്പയ്ക്ക് 92 ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ നിരക്ക്. വലിയൊരു തിരുത്തൽ അന്താരാഷ്ട്ര എണ്ണവിപണിയിൽ ഉണ്ടാകുംവരെ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിൽപ്പന വില കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് നിലവിലെ വില. ആഭ്യന്തരവിപണിയിൽ 100 ദിവസത്തിലധികമായി പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുകയാണ്.
മേയ് 22-നാണ് രാജ്യത്ത് അവസാനമായി ഇന്ധനവില പുതുക്കിയത്. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നായിരുന്നു ഇത്. ഇതിനുമുൻപ് പെട്രോളിന് ലിറ്ററിന് 120 രൂപയും ഡീസലിന് 105 രൂപയ്ക്കും മുകളിലേക്ക് വില എത്തിയിരുന്നു. കേരളത്തിൽ ഈ സമയത്ത് പെട്രോൾവില 117 കടന്നു. കഴിഞ്ഞ മൂന്നു മാസങ്ങളിലും ക്രൂഡ് ഓയിൽ വില ഉയർന്നുനിന്നെങ്കിലും പണപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ധനവില കൂട്ടാൻ കേന്ദ്രസർക്കാർ സമ്മതിച്ചിരുന്നില്ല. ഇത് തങ്ങളുടെ ലാഭക്ഷമതയെ ബാധിച്ചെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഈ നഷ്ടം നികത്താൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ ക്രൂഡിന്റെ വില താഴേക്ക് വന്നെങ്കിലും പെട്രോൾ, ഡീസൽ റീട്ടെയ്ൽ വിലയിൽ എണ്ണക്കമ്പനികൾ പെട്ടെന്നൊരു മാറ്റംവരുത്താനുള്ള സാധ്യത കുറവാണ്.
യുക്രൈനുമേലുള്ള റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ മാർച്ചിൽ 147 ഡോളർ വരെയെത്തിയ ബ്രെന്റ് ക്രൂഡ് വില യു.എസിലെ സാമ്പത്തികമാന്ദ്യം സംബന്ധിച്ച ആശങ്കകളിൽ വഴുതി കഴിഞ്ഞയാഴ്ച ബാരലിന് 88 ഡോളർ വരെ താഴ്ന്നിരുന്നു. ഏഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു അത്. എന്നാൽ, വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ വീണ്ടും 90 ഡോളറിനു മുകളിലേക്ക് കുതിച്ചു. എണ്ണ ഉത്പാദക രാജ്യങ്ങൾ ചെറിയതോതിൽ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് പുറമെ, യൂറോപ്പിലേക്കുള്ള എണ്ണ-വാതക കയറ്റുമതി നിർത്തുമെന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ ഭീഷണിയും കൂടിയായതോടെയാണ് ഇത്. റഷ്യൻ വാതക ഇറക്കുമതിക്ക് വിലപരിധി നിശ്ചയിക്കാനുള്ള യൂറോപ്പിന്റെ നീക്കമാണ് പുതിനെ ചൊടിപ്പിച്ചത്.
അമേരിക്കയെയും യൂറോപ്പിനെയും സാമ്പത്തികമാന്ദ്യം വലിയതോതിൽ ബാധിച്ചാൽ ഇന്ധന ഉപഭോഗം കുറയും. ചൈനയിൽ ചില ഭാഗങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വീണ്ടും അടച്ചിടാൻ തുടങ്ങിയതും ഇന്ധന ആവശ്യകത കുറയ്ക്കും. ഇതൊക്കെ അസംസ്കൃത എണ്ണവിലയിലെ വർധന പിടിച്ചുനിർത്തും.
Content Highlights: no decrease in fuel price


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..