ഗുണനിലവാര മാനദണ്ഡം കർശനമാകുന്നു; ചെരിപ്പുകൾക്ക് വിലയേറും


2 min read
Read later
Print
Share

Photo: Print

കൊച്ചി : പാദരക്ഷകൾക്ക് ജൂലായ് ഒന്നു മുതൽ ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കുന്നതോടെ ഇവയുടെ വില കൂടും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിന്റെ (ബി.ഐ.എസ്.) ക്വാളിറ്റി കൺട്രോൾ ഓർഡറിന്റെ (ക്യു.സി.ഒ.) കീഴിലേക്കാണ് പാദരക്ഷ മേഖലയെ കൊണ്ടുവരുന്നത്. അതിനാൽ ബി.ഐ.എസ്. മാനദണ്ഡം ഇല്ലാത്ത പാദരക്ഷകൾ ജൂലായ് മുതൽ വിൽക്കാൻ സാധിക്കില്ല.

ഫാഷൻ വിഭാഗത്തിലാണ് പാദരക്ഷകൾ വരുന്നത്. ലൈസൻസ് നടപ്പിലാക്കുമ്പോൾ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ചെരിപ്പുകൾ നിർമിക്കാൻ സാധിക്കാതെവരും. ഇത് പല ബിസിനസിനെയും ബാധിക്കും. എല്ലാ പാദരക്ഷകൾക്കും ഒരേ മാനദണ്ഡം കൊണ്ടുവരുമ്പോൾ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് പാദരക്ഷ നിർമാതാക്കൾ അറിയിച്ചു. മാത്രമല്ല, ഉത്പന്നങ്ങൾക്ക് വിലയും ഉയരും. ആരോഗ്യ പരിരക്ഷാ ചെരിപ്പുകൾ, നിശ്ചിതരൂപയ്ക്ക് മുകളിലുള്ള ചെരിപ്പുകൾ എന്നിവയ്ക്ക് ബി.ഐ.എസ്. ലൈസൻസ് നടപ്പിലാക്കണമെന്നാണ് നിർമാതാക്കളുടെ ആവശ്യം.

വിവിധ വിഭാഗങ്ങളിലുള്ള പാദരക്ഷകൾ ഇന്നുണ്ട്. അതിനാൽ ആദ്യം വേണ്ടത് ഇവയ്ക്കെല്ലാം ക്ലാസിഫിക്കേഷൻ കൊണ്ടുവരുകയും അതിനുശേഷം ബി.ഐ.എസ്. മാനദണ്ഡം നടപ്പിലാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്ട്‌വെയർ ഇൻഡസ്ട്രീസ് (സി.ഐ.എഫ്.ഐ.) ദേശീയ പ്രസിഡന്റും വാക്കറൂ മാനേജിങ് ഡയറക്ടറുമായ വി. നൗഷാദ് അഭിപ്രായപ്പെട്ടു. സി.ഐ.എഫ്.ഐ.യിൽ കേരളത്തിൽ മാത്രം നൂറോളം അംഗങ്ങളാണുള്ളത്.

ഗുണനിലവാരം കുറഞ്ഞ പാദരക്ഷകൾ വിപണിയിൽ

ഗുണനിലവാരം കുറഞ്ഞ പാദരക്ഷകൾ രാജ്യത്ത് സുലഭമായി ലഭിക്കുന്നുണ്ട്. അതിനാൽ ഉപഭോക്താക്കളുടെ ആരോഗ്യം മുൻനിർത്തി ഗുണനിലവാരമുള്ള പാദരക്ഷകൾ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു നീക്കം. 2021 ജൂലായിലാണ് ഇത് നടപ്പാക്കാനിരുന്നതെങ്കിലും നിർമാതാക്കളുടെ ആവശ്യം പരിഗണിച്ച്‌ കാലാവധി നീട്ടുകയായിരുന്നു. ലൈസൻസ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുണ്ടെന്ന് ബി.ഐ.എസ്. അധികൃതർ അറിയിച്ചു.

റബ്ബർ ചെരിപ്പുകൾ, പി.വി.സി. ചെരിപ്പുകൾ, റബ്ബർ ഹവായ് ചെരിപ്പുകൾ, സ്ലിപ്പർ, കാൻവാസ് ഷൂസ്, ബൂട്ട്, ലെതർ ചെരിപ്പുകൾ, സ്പോർട്സ് ഷൂസ് തുടങ്ങി കുട്ടികളുടെയടക്കം പാദരക്ഷകൾക്ക് ഇതു ബാധകമാണ്. 27 വിഭാഗങ്ങളിലുള്ള പാദരക്ഷകൾക്കാണ് ലൈസൻസ് വേണ്ടത്.

കേരളത്തിൽ ലാബ് സൗകര്യം കുറവ്

മാനദണ്ഡം വരുമ്പോൾ ചില പാദരക്ഷകൾക്ക് 24 മുതൽ 42 തരം പരിശോധനകൾ വേണ്ടിവരും. ഇത്തരം പരിശോധനകൾക്കായി കേരളത്തിൽ ആവശ്യമായ ലാബ് സൗകര്യം ഇല്ല. ലാബുകൾ കൂടുതലും കേരളത്തിന് പുറത്താണ്. അതിനാൽ കൃത്യമായ ലാബ് സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ ചെറുകിട വ്യവസായികൾക്ക് വീണ്ടും ബാധ്യതയേറും. മേഖലയിൽ 80-90 ശതമാനവും ചെറുകിടക്കാരാണ്.

ആർക്കൊക്കെ ബാധകമല്ല

നിലവിൽ കൈകൊണ്ട് നിർമിച്ച പാദരക്ഷകൾക്കും വാർഷിക വിറ്റുവരവ് 50 കോടി രൂപയിൽ താഴെയുള്ളവർക്കും ഗുണനിലവാര മാനദണ്ഡം ബാധകമല്ല. എന്നാൽ, ഒരു ഘട്ടം കഴിഞ്ഞാൽ ഇത്തരം സംരംഭകരും മാനദണ്ഡത്തിന്റെ പരിധിയിൽ വരും.

ലൈസൻസ് ഓൺലൈൻ വഴി

ബി.ഐ.എസിന്റെ വെബ്സൈറ്റ് (bis.gov.in) വഴി ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും. ലൈസൻസിനായി www.manakonline.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.

പരിശോധനയ്ക്ക് ശേഷം അപേക്ഷകന് ലൈസൻസ് അനുവദിക്കും. പാദരക്ഷയുടെ തരമനുസരിച്ച് ലൈസൻസ് തുകയിൽ വ്യത്യാസം വരും.

Content Highlights: Quality standards are becoming stricter footwears to become expensive

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..