പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: സംസ്ഥാനത്ത് അഞ്ചു വർഷത്തിനുള്ളിൽ 15,000 സ്റ്റാർട്ടപ്പുകൾ തുടങ്ങുമെന്നും നവീന സാങ്കേതികവിദ്യാ മേഖലയിൽ രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ടപ്പ് സംരംഭകരുടെ ആഗോള വെർച്വൽ ഉച്ചകോടി ‘ഹഡിൽ ഗ്ലോബൽ 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചിയിൽ സ്ഥാപിച്ച ടെക്നോളജി ഇന്നൊവേഷൻ സോൺ മാതൃകയിൽ തിരുവനന്തപുരത്ത് എമർജിങ് ടെക്നോളജീസ് സ്റ്റാർട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷനാണ് (കെ.എസ്.യു.എം.) രണ്ടുദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചത്. സ്റ്റാർട്ടപ്പ് മേഖലയിൽ 2015-നു ശേഷം 3200 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനായിട്ടുണ്ട്. ലോകത്തെ സ്റ്റാർട്ടപ്പ് വളർച്ചയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 55,000 സ്റ്റാർട്ടപ്പുകളുള്ള ഈ മേഖലയിൽ കേരളത്തിന്റെ പങ്കാളിത്തം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ആസ്ഥാനമായുള്ള ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് കെ.എസ്.യു.എമ്മിന്റെ സഹകരണത്തോടെ ഫിൻടെക് ആക്സിേലറേറ്ററിന് ഇതോടൊപ്പം തുടക്കമിട്ടു. ഫിൻടെക് ആക്സിലറേറ്ററിനും മികവിന്റെ കേന്ദ്രത്തിനുമായി ഓപ്പൺ ടെക്നോളജീസ് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 200 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.
ഓപ്പൺ ഫിൻടെക്കിന്റെ ആദ്യ സംഘം മാർച്ച് ഒന്നിനു പ്രവർത്തനം തുടങ്ങും. അനീഷ് അച്യുതൻ, മേബെൽ ചാക്കോ, ദീന ജേക്കബ്, അജീഷ് അച്യുതൻ എന്നിവരാണ് ഓപ്പണിന്റെ സ്ഥാപകർ. ആഗോളതലത്തിലുള്ള സംരംഭകരുമായി ഇവിടുത്തെ സ്റ്റാർട്ടപ്പ് സമൂഹത്തിനുള്ള ബന്ധം ശക്തമാക്കുന്നതിൽ കേരള സ്റ്റാർട്ടപ്പ് മിഷനുള്ള പങ്ക് നിസ്തുലമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കെ.എസ്.യു.എം. സി.ഇ.ഒ. ജോൺ എം.തോമസ് സ്വാഗതം പറഞ്ഞു. ഏഷ്യയുടെ ഫിൻടെക് തലസ്ഥാനമാകാൻ ഇന്ത്യക്കു സാധിക്കുമെന്ന് ലണ്ടൻ സിറ്റി മേയറും ഡി.എൽ.എ. പൈപ്പറിന്റെ പങ്കാളിയുമായ ആൽഡെർമാൻ വിൻസെന്റ് കീവ്നി പറഞ്ഞു. ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ്സ്, ഹാബിറ്റാറ്റ്, ജെട്രോ, ഗ്ലോബൽ ആക്സിലറേറ്റർ നെറ്റ് വർക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്കോം, സി.എസ്.എൽ. എന്നിവയുമായി കെ.എസ്.യു.എം. ധാരണാപത്രങ്ങൾ ഒപ്പിട്ടു.
ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ്സുമായി ധാരണ
കേരള സ്റ്റാർട്ടപ്പ് മിഷനും ഗൂഗിളിന്റെ സ്റ്റാർട്ടപ്പ് പരിപോഷണ വിഭാഗമായ ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ്സുമായി ധാരണയായത് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിനു കരുത്തേകുമെന്നു കരുതുന്നു. ‘ഹഡിൽ ഗ്ലോബലി’ന്റെ ഉദ്ഘാടനത്തിലാണ് ഗൂഗിൾ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ ഇന്ത്യ മേധാവി പോൾ രവീന്ദ്രനാഥ് പങ്കാളിത്തം പ്രഖ്യാപിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..