തുടക്കം സർക്കാർസ്കൂളിൽ ഇപ്പോൾ മാഞ്ചെസ്റ്റർ സർവകലാശാലയിൽ


By വീണ ചിറക്കൽ

3 min read
Read later
Print
Share

മാഞ്ചെസ്റ്റർ സർവകലാശാലയിൽ കോമൺവെൽത്ത് സ്‌പ്ലിറ്റ് ഫെലോയായ മുഹമ്മദ് സജീർ താൻപോയ വഴികളെക്കുറിച്ചു പറയുന്നു -വിദേശരാജ്യങ്ങളിലെ സ്കോളർഷിപ്പുകൾ വിദൂരമല്ല

പഠിച്ചതൊക്കെയും സർക്കാർസ്കൂളുകളിൽ; സ്വപ്നംകണ്ടത് സർക്കാർജോലി. പിന്നീടെപ്പോഴോ ശാസ്ത്രമേഖലയിലായി ശ്രദ്ധ. എഴുതിയ പ്രവേശനപരീക്ഷകളും കൈവെച്ച പഠനമേഖലകളും ഒട്ടേറെ. ഇന്നിപ്പോൾ മാഞ്ചെസ്റ്റർ സർവകലാശാലയിൽ കോമൺവെൽത്ത് സ്‌പ്ലിറ്റ് ഫെലോ. ഈ യാത്രയെക്കുറിച്ചാണ് കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സജീർ പറയുന്നത്.

2015-ൽ കോഴിക്കോട് ഫാറൂഖ് കോളേജിൽ ബി.എസ്‌സി. സുവോളജിക്ക് ചേർന്നു. ഒപ്പം, പി.എസ്.സി. പഠനവും. അതിനിടയിൽ ഫിസിക്സിനാണ് കൂടുതൽ ജോലിസാധ്യത എന്നുകേട്ടപ്പോൾ അങ്ങോട്ടുചാടി. 2016-ൽ ഖരഗ്പുർ ഐ.ഐ.ടി.യിൽ നാഷണൽ സ്പേസ് ചലഞ്ചിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് വഴിത്തിരിവായി. പിന്നീട് ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് പരീക്ഷയ്ക്ക് തയ്യാറെടുത്തു. ഇതിൽ വിജയിച്ച് എൻ.ഐ.ടി.യിൽ എം.എസ്‌സി. ഫിസിക്സിന് പ്രവേശനം ലഭിച്ചെങ്കിലും ഫീസ് ഓർത്ത് പിൻവാങ്ങി. അവസാനം 2018-ൽ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എം.എസ്‌സി. ഫിസിക്സിന് ചേർന്നു. ശേഷം ബെംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നാനോസയൻസ് ആൻഡ് എൻജിനിയറിങ്ങിന് ചേരുകയും സാധ്യത പരിഗണിച്ച് അടുത്തവർഷം പിഎച്ച്.ഡി.യിലേക്ക് മാറ്റുകയും ചെയ്തു.

സർക്കാർജോലി സ്വപ്നമായിരുന്നില്ലെങ്കിലും ‌അടിസ്ഥാനാവശ്യം എന്നനിലയിലാണ് സജീർ അതിനെ കണ്ടത്. പക്ഷേ, പിന്നീട് ചിന്തകൾമാറി ഇന്ത്യയിലെയും ലോകത്തെയും മികച്ചസ്ഥാപനങ്ങളിൽ പഠിക്കണമെന്ന് ആഗ്രഹിച്ചു. കുട്ടികൾക്ക് അവരുടെ താത്‌പര്യങ്ങൾ, പാഷൻ എന്നിവ തേടിപ്പോകാനുള്ള അവസരമൊരുക്കുക എന്നത് പ്രധാനമെന്ന് സജീർ പറയുന്നു.

വെറുതേ അപേക്ഷിക്കുന്നതിനപ്പുറം അതിനുള്ള പരമാവധി തയ്യാറെടുപ്പ് നടത്തുകയാണ് ചെയ്തത്. പരമാവധി സർക്കാർസ്കോളർഷിപ്പിലൂടെ പഠിക്കാനായാൽ വായ്പകളും മറ്റും ഒഴിവാക്കാമെന്ന് സജീർ പറയുന്നു. അതിലൂടെ സാമ്പത്തികപ്രതിസന്ധി ഒഴിവാക്കാനാവും. പോകാനുദ്ദേശിക്കുന്ന രാജ്യങ്ങളുടെ കാലാവസ്ഥ, ഭക്ഷണം, താമസം ഉൾപ്പെടെയുള്ളവയെക്കുറിച്ചും എന്തെല്ലാം ജോലികൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷിക്കണം. ഒപ്പം, ഇത്തരം മേഖലകളിൽ പ്രാഗല്‌ഭ്യമുള്ളവരെ നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ തേടണം.
പുതിയമേഖലയിൽ പഠനരീതി, അതിൽ ചേരുംമുമ്പ് ഉണ്ടായിരിക്കേണ്ട പ്രധാനയോഗ്യത എന്നിവയൊക്കെ ആദ്യം മനസ്സിലാക്കണം. തുടർന്ന്, ആ മേഖലയിൽ പ്രോജക്ടുകൾപോലുള്ളവചെയ്ത് പരിചയം നേടാം.
അടിസ്ഥാനവിവരങ്ങൾ ലഭ്യമാക്കുന്ന ഒട്ടേറെ ഓൺലൈൻ കോഴ്സുകളുണ്ട്. അതത് മേഖലകളിലെ വിദഗ്ധരെ കാണുകയും അവരോട് ചോദിച്ചുമനസ്സിലാക്കുകയും ചെയ്താണ് പഠിച്ചിരുന്നത്. വീഡിയോകൾ കാണുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്തു.

ചെറിയ പ്രോജക്ടുകളും മറ്റുംചെയ്ത് അവ സി.വി.യിൽ കൃത്യമായി അവതരിപ്പിച്ച് വൈദഗ്ധ്യം തെളിയിക്കേണ്ടതു പ്രധാനമാണെന്ന് സജീറിന്റെ സാക്ഷ്യം. മിക്കവാറും ഇടങ്ങളിൽ ഇവ പരിശോധിക്കും. പ്രൊപ്പോസലെല്ലാം തലേന്ന് ഇരുന്നെഴുതാതെ കൃത്യമായി റിസർച്ച് ചെയ്ത് തയ്യാറാക്കണം. ഇന്റർനെറ്റിലെ ഡേറ്റ അതേപടി പകർത്തുന്നതിനുപകരം അവനവന്റെ രീതിയിൽ തയ്യാറാക്കണം. ഇന്റേൺഷിപ്പ് അവസരങ്ങൾ ഒഴിവാക്കരുത്.
തുടക്കത്തിൽ ചെറിയ ഇടങ്ങളിൽ, സാമ്പത്തികനേട്ടമില്ലാതെ തന്നെയായിരിക്കാം. എങ്കിലും അവ തള്ളിക്കളയാതെ, ചെറിയ ചുവടുകൾവെച്ച് വലിയപടവുകളിലേക്ക് കടക്കുക. പത്തിൽപ്പരം അപേക്ഷകൾ അയച്ചിട്ടും രണ്ടോ മൂന്നോ മാത്രമാണ് എന്നെ വിളിച്ചത്. ഏതുമേഖലയിലാണോ പോകാനാഗ്രഹിക്കുനത് അവിടെ വിജയംനേടിയവരെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുക. ബിരുദപഠനംതൊട്ട്‌ പരമാവധി പ്രോജക്ടുകൾ ചെയ്യാൻ ശ്രമിക്കണം.


ബി.എസ്‌സി. സുവോളജിയിൽ തുടങ്ങി മേഖലകൾ പലതവണ മാറിയപ്പോഴും ലക്ഷ്യം പിഴയ്ക്കില്ലെന്ന് സജീറിന് ഉറപ്പായിരുന്നു. തന്റെ മേഖല ഏതാണെന്ന് കണ്ടുപിടിക്കണമെന്നതായിരുന്നു മനസ്സിൽ. അപ്പോഴേ പഠനം ആസ്വദിക്കാനാവൂ. അത്തരം വിഷയങ്ങളിൽ ആസ്വാദ്യകരമായി പഠിച്ചാൽ പേരിനുമാത്രമാവില്ല ഡോക്ടറേറ്റ്. തിരഞ്ഞെടുക്കുന്ന മേഖല പിന്നീട് നന്നാക്കിയെടുക്കേണ്ടതും പ്രധാനമാണ്. ആ തിരഞ്ഞെടുപ്പ് ശരിയായിരുന്നുവെന്ന് ജീവിതത്തിലൂടെ തെളിയിക്കണമെന്നതാണ് സജീറിന്റെ നയം. ഈ കൂടുമാറ്റത്തിന്റെ പേരിൽ പലപ്പോഴും സമൂഹത്തിൽനിന്ന് കുറ്റപ്പെടുത്തൽ നേരിട്ടേക്കാം. പക്ഷേ, തന്റെ കാര്യത്തിൽ ഉപ്പ അബ്ദുൾ മജീദും ഉമ്മ സക്കീനയും എന്തുതീരുമാനങ്ങൾക്കും പിന്തുണയായി കൂടെയുണ്ടായിരുന്നു. തീരുമാനമെടുത്തുകഴിഞ്ഞാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അത് ബാധിക്കില്ലെന്നുകരുതി മുന്നോട്ടുപോവേണ്ടത് പ്രധാനമാണെന്നും സജീർ പറയുന്നു.


കോമൺവെൽത്തിലേക്ക് ഒട്ടേറെ സ്കോളർഷിപ്പുകളുണ്ട്. അതിലൊന്നാണ് യു.കെ. ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് നൽകുന്ന ഒരുവർഷ കാലയളവിലെ സ്‌പ്ലിറ്റ് സൈറ്റ് ഗവേഷക സ്കോളർഷിപ്പ്. മാസം ഏകദേശം 1,20,000 രൂപ ലഭിക്കും. ഇതുകൂടാതെ യാത്രാചെലവും കുടുംബം, കുട്ടികൾ എന്നിവയുള്ളവർക്ക് ഫാമിലി അലവൻസുകളുമുണ്ട്. വിദ്യാർഥിയുടെ അക്കാദമിക് മെറിറ്റിനൊപ്പം സമർപ്പിക്കുന്ന പ്രൊപ്പോസൽ എത്രത്തോളം സമൂഹത്തിന് ഗുണംചെയ്യും എന്നതെല്ലാം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ്. പേരിൽ പരാമർശിക്കുന്നതുപോലെ ഈ സ്കോളർഷിപ്പിൽ സ്വന്തംരാജ്യത്തുനിന്ന്‌ പഠിക്കാം എന്ന ഗുണവുമുണ്ട്. ഓരോരുത്തർക്കും അവനവന്റെ താത്‌പര്യപ്രകാരം പഠനകാലയളവിനെ വേർതിരിച്ച് യു.കെ.യിൽനിന്നും സ്വന്തം രാജ്യത്തുനിന്നും പഠിക്കാൻ അവസരം ലഭിക്കും.

തുടക്കംമുതൽ വേണം കൃത്യമായ പ്ലാനിങ്

വിദേശരാജ്യങ്ങളിൽ പഠിക്കാനോ സ്കോളർഷിപ്പ് നേടാനോ ആഗ്രഹിക്കുന്ന കുട്ടികൾക്ക് തുടക്കംമുതൽ കൃത്യമായ പ്ലാനിങ് വേണമെന്ന് സജീർ പറയുന്നു. ഗൂഗിളിൽ സെർച്ച് ചെയ്തും ലിങ്ക്ഡിൻ നോക്കിയും സ്കോളർഷിപ്പുകളെക്കുറിച്ച് മനസ്സിലാക്കുകയാണ് താൻ ആദ്യംചെയ്തത്. മുമ്പ് സ്കോളർഷിപ്പ് നേടിയവരെ സാമൂഹികമാധ്യമത്തിലൂടെ തപ്പിപ്പിടിച്ച് വിവരങ്ങൾ ശേഖരിച്ചു.
അതത് മേഖലകളിലെ വിദഗ്ധർ ആരൊക്കെയാണെന്നും അവർ എവിടെയാണെന്നും തിരിച്ചറിഞ്ഞാൽ വ്യക്തിപരമായി സംശയങ്ങൾ ചോദിക്കാം. ഏതുവിഷയത്തിലാണോ ഉപരിപഠനം ചെയ്യാൻ ആഗ്രഹിക്കുന്നത് അതുമായി ബന്ധപ്പെട്ട പരമാവധി സാമൂഹികമാധ്യമഗ്രൂപ്പുകളിൽ അംഗമാകുന്നതും ഗുണംചെയ്യും. ട്വിറ്ററിൽ താത്‌പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ഹാഷ്‌ടാഗുകളിൽ സെർച്ച് ചെയ്താൽ ട്വിറ്റർ ഫീഡിൽ വരുന്നത് അതുമായി ബന്ധപ്പെട്ടവയാകും. ഇതും സഹായിക്കും.

Content Highlights: disha

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..