അയോധ്യയിൽ വോട്ടർമാർക്ക് പ്രസാദവും രാമജന്മഭൂമിയിലെ മണ്ണുമായി ബി.ജെ.പി.


1 min read
Read later
Print
Share

: അയോധ്യയിലെ കാർസേവക് പുരത്ത് വി.എച്ച്.പി. പ്രവർത്തകർ വെളുത്ത ഗുളിക രൂപത്തിലുള്ള മധുരപ്രസാദവും രാമജന്മഭൂമിയിലെ മണ്ണും പൊതികളിലാക്കുന്നു. എല്ലാറ്റിനും മേൽനോട്ടം വഹിച്ച് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും വി.എച്ച്.പി. വക്താവ് ശാരദ് ശർമയും.

ഇവ ചുവന്ന സഞ്ചികളിലാക്കി പകൽസമയങ്ങളിൽ വീടുകൾതോറും കയറിയിറങ്ങുകയാണ് വി.എച്ച്.പി.-ആർ.എസ്.എസ്. പ്രവർത്തകർ. ഇവർക്കൊപ്പം ഹനുമാൻ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ രമേഷ് ദാസും മഹന്ത് രാംദാസും മറ്റു സന്ന്യാസിമാരുമുണ്ട്.

‘‘അയോധ്യയിലെ ജനങ്ങളുടെ വികാരമാണ് ഈ മണ്ണും ക്ഷേത്രപ്രസാദവും.’’-ക്ഷേത്രവികാരം തിരഞ്ഞെടുപ്പിൽ ഉയരുമെന്ന സൂചന നൽകി ശാരദ് ശർമ ‘മാതൃഭൂമി’യോട് പറഞ്ഞു. അയോധ്യ സദർ മണ്ഡലത്തിലാണ് വേദ് പ്രകാശ് ഗുപ്ത മത്സരിക്കുന്നത്.

കാർസേവക്പുരത്ത് കാവൽക്കാരനായ തുളസി ശർമ നെറ്റിയിൽ ഈ മണ്ണാണ് ചന്ദനമായി ഉപയോഗിക്കുന്നത്. ക്ഷേത്രനിർമാണത്തിന് ഏറെ കഷ്ടപ്പെട്ട ബി.ജെ.പി.തന്നെ ഇവിടെ ജയിക്കുമെന്നാണ് ശർമ പറയുന്നത്. എന്നാൽ, ബി.ജെ.പി. ക്ഷേത്രമല്ലാതെ അയോധ്യയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ഒന്നും കൊണ്ടുവന്നില്ലെന്നാണ് റോയൽ ഹോട്ടലിലെ റിസപ്ഷനിസ്റ്റും ബി.എസ്.സി. ബയോളജി ബിരുദധാരിയുമായ നിഷയുടെ കുറ്റപ്പെടുത്തൽ. സമാജ്‌വാദി പാർട്ടി സ്ഥാനാർഥി തേജ് നാരായൺ പാണ്ഡെ (പവൻ പാണ്ഡെ) ജയിക്കുമെന്നാണ് നിഷയുടെ വാദം. തുടർച്ചയായി അഞ്ചുതവണ വിജയിച്ച ബി.ജെ.പി.യുടെ ലല്ലു സിങ്ങിനെ 2012-ൽ തോൽപ്പിച്ച ചരിത്രമുണ്ട് തേജ് നാരായണന്. 2017-ൽ നരേന്ദ്രമോദി തരംഗത്തിലാണ് വേദ് പ്രകാശ് ഗുപ്തയുടെ മുന്നിൽ തേജ് നാരായൺ അടിയറവു പറഞ്ഞത്.

റീത്ത മൗര്യയാണിവിടെ കോൺഗ്രസ് സ്ഥാനാർഥി. രവി പ്രകാശ് (ബി.എസ്.പി.), സൂര്യകാന്ത് പാണ്ഡെ (സി.പി.ഐ.), ശുഭം ശ്രീവാസ്തവ് (എ.എ.പി.) എന്നിങ്ങനെ ആകെ 10 സ്ഥാനാർഥികൾ രംഗത്തുണ്ട്്.

1967-ലെ ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ ജനസംഘം സ്ഥാനാർഥി ജയിച്ച മണ്ഡലമാണ് അയോധ്യ. 1991 മുതൽ 2012 വരെ തുടർച്ചയായി ബി.ജെ.പി. സ്ഥാനാർഥി ലല്ലു സിങ്ങിനായിരുന്നു ജയം. കഴിഞ്ഞ തവണ എസ്.പി. സ്ഥാനാർഥി 50,440 വോട്ടിനാണ് തോറ്റത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..