ചെന്നൈ: തെക്കൻ സംസ്ഥാനങ്ങളിലെ നദികൾ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഉടൻ സംയോജിപ്പിക്കണമെന്നു തമിഴ്‌നാട് ആവശ്യപ്പെട്ടു. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന യോഗത്തിലാണ് തമിഴ്‌നാട് ജലവിഭവ അഡീഷണൽ സെക്രട്ടറി സന്ദീപ് സക്‌സേന ഇക്കാര്യം പറഞ്ഞത്. എന്നാൽ, നദികൾ സംയോജിപ്പിക്കുമ്പോൾ നിലവിലുള്ള ജലവിഹിതം കുറയരുത്. സംയോജിപ്പിക്കുന്ന നദികളുടെ പട്ടിക കേന്ദ്ര സർക്കാർ തന്നെ പ്രഖ്യാപിക്കുകയും പദ്ധതി നടപ്പാക്കുകയും വേണം. കാവേരിയും പെന്നൈയാറും സംയോജിപ്പിക്കണമെന്ന കർണാടകയുടെ ആവശ്യത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാവേരി-ഗോദാവരി, കാവേരി-പെന്നൈയാർ എന്നീ നദികളുടെ സംയോജനമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ജലശക്തി സെക്രട്ടറി പങ്കജ് കുമാർ പറഞ്ഞു. കാവേരിയും പെന്നൈയാറും കർണാടകയിൽനിന്ന് ഉദ്‌ഭവിച്ച് തമിഴ്‌നാടിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്ന നദികളാണ്. കർണാടകയിലെ നന്തി മലയിൽനിന്ന് ഉദ്ഭവിക്കുന്ന നദിയായ പെന്നൈയാർ ചിക്കബെല്ലാപുര, ബെംഗളൂരു, ഹൊസൂർ, കൃഷ്ണഗിരി, കാവേരിപട്ടണം, തിരുവണ്ണാമലൈ, കടലൂർ വഴിയാണ് കടലിൽ ചേരുന്നത്. കാവേരിയും പെന്നൈയാറും കൂട്ടി യോജിപ്പിക്കുമ്പോൾ തമിഴ്‌നാടിന് ലഭിക്കുന്ന ജലവിഹിതം കുറയുമെന്നും സന്ദീപ് സക്‌സേന പറഞ്ഞു. കാവേരി നദി കർണാടകയിൽനിന്നുദ്ഭവിച്ച് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം വഴിയാണ് ബംഗാൾ ഉൾക്കടലിൽ ചേരുന്നത്. നദികൾ സംയോജിപ്പിക്കുന്നതിലൂടെ തമിഴ്‌നാടിന് കൂടുതൽ ജലം ലഭിക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംയോജിപ്പിക്കുന്ന നദികളുടെ വിവരങ്ങൾ അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ വെളിപ്പെടുത്തുമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ മഴ പെയ്യുമ്പോൾ നഷ്ടപ്പെടുന്ന ജലം പൂർണമായും ഉപയോഗപ്പെടുത്തുകയെന്നതാണ് നദീജല സംയോജനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും പങ്കജ് കുമാർ വ്യക്തമാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..