മധുരയിൽ ഹിജാബ് ധരിച്ച സ്ത്രീയെ വോട്ടുചെയ്യാൻ അനുവദിച്ചില്ല; ബി.ജെ.പി. ബൂത്ത് ഏജന്റ് അറസ്റ്റിൽ


1 min read
Read later
Print
Share

15 മിനിറ്റോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു

ചെന്നൈ: മധുരയിൽ തദ്ദേശതിരഞ്ഞെടുപ്പിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ വോട്ടുചെയ്യാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയ ബി.ജെ.പി. ബൂത്ത് ഏജന്റിനെ അറസ്റ്റുചെയ്തു. മധുര പോലീസ് നാല് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെത്തുടർന്ന് 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നേതാക്കളുമിടപെട്ട് ഇയാളെ പുറത്താക്കി പുതിയ ഏജന്റിനെവെച്ചാണ് പിന്നീട് വോട്ടെടുപ്പ് തുടർന്നത്.

മേലൂർ നഗരസഭയിലെ എട്ടാം വാർഡിലായിരുന്നു സംഭവം.

ഹിജാബ് ധരിച്ചെത്തിയ സ്ത്രീ ഉദ്യോഗസ്ഥർക്കുമുമ്പിൽ മുഖാവരണം നീക്കി തിരിച്ചറിയൽരേഖ കാണിച്ചിരുന്നു. അതിനുശേഷമാണ് വോട്ടുചെയ്യാൻ കടത്തിവിട്ടത്. ഈസമയം മുഖം മറച്ചിരുന്നില്ല. എന്നാൽ, ബി.ജെ.പി. ബൂത്ത് ഏജന്റ് ആർ. ഗിരിരാജൻ ഹിജാബ് ധരിച്ച് വോട്ടുചെയ്യാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. അതോടെ വോട്ടെടുപ്പ് നിർത്തിവെച്ചു. രേഖകൾ പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞശേഷമാണ് വോട്ടുചെയ്യാൻ കടത്തിവിടുന്നതെന്ന് ഉദ്യോഗസ്ഥരും പോലീസും വ്യക്തമാക്കിയെങ്കിലും ഇതംഗീകരിക്കാൻ കൂട്ടാക്കാതെ ഗിരിരാജൻ വാഗ്വാദത്തിലേർപ്പെട്ടു. വിഷയത്തിലിടപെട്ട ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. ഉൾപ്പെടെയുള്ള പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുമായും ഗിരിരാജൻ ബഹളമുണ്ടാക്കി. അതോടെ നേതാക്കളിടപെട്ട് ഇയാളെ പുറത്താക്കി ബി.ജെ.പി. യുടെ പുതിയ ഏജന്റിനെ ബൂത്തിൽ നിയോഗിച്ചശേഷം വോട്ടെടുപ്പ് പുനരാരംഭിച്ചു. ബഹളമുണ്ടാക്കിയ ഗിരിരാജനെ മേലൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മധുര ജില്ലാകളക്ടറോട് വിശദീകരണം തേടി. തുടർന്നായിരുന്നു അറസ്റ്റ്. വോട്ടുചെയ്യാൻ ഏതുവേഷത്തിൽ പോകണമെന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും നമ്മുടേത് മതനിരപേക്ഷ രാജ്യമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. പഴനികുമാർ പറഞ്ഞു.

ബി.ജെ.പി. ബൂത്ത് ഏജന്റിന്റെ നടപടി അപലപനീയമാണെന്നും ഇയാൾക്കെതിരേ കർശന നടപടിയെടുക്കണമെന്നും ഡി.എം.കെ. നേതാവ് കനിമൊഴി എം.പി. ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..