തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ രാഷ്ട്രീയനിയമനം കിട്ടി രണ്ടുവർഷം ജോലി ചെയ്തവർക്ക് ആജീവാനന്തം പെൻഷൻ നൽകുന്നത് നിയമവിരുദ്ധമാണെന്നതാണ് ഗവർണറുടെ നിലപാട്. ഇത് നിർത്തലാക്കുമെന്ന പ്രഖ്യാപനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇത് അംഗീകരിച്ചില്ലെന്നുവെച്ച് മിണ്ടാതിരിക്കാനാവില്ല, നിയമവിരുദ്ധമായ ഈ പെൻഷൻ നിർത്തലാക്കുന്നതിന് ഏതറ്റംവരെയും പോകുമെന്നാണ് ഗവർണറുടെ ഭീഷണി.
മന്ത്രിമാരുടെ സ്റ്റാഫിൽ ഇത്രയധികം ജീവനക്കാരെ നിയമിക്കുന്നത് തടയണമെന്നും രണ്ടുവർഷം മാത്രം സേവനമുള്ളവർക്ക് പെൻഷൻ നൽകുന്നത് അംഗീകരിക്കരുതെന്നും ഗവർണർ സി.എ.ജി.യോട് ഫോണിലും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് അദ്ദേഹം ചീഫ് സെക്രട്ടറിയോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. മന്ത്രിമാർക്കുപുറമേ, പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും പേഴ്‌സണൽ സ്റ്റാഫിനെ അനുവദിച്ചിട്ടുണ്ട്.
ഗവർണറുടെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻറായി ബി.ജെ.പി. മുൻ സംസ്ഥാനസമിതിയംഗം ഹരി എസ്. കർത്തയെ നിയമിച്ചിരുന്നു. രാജ്ഭവനിൽ രാഷ്ട്രീയനിയമനം പാടില്ലെന്ന കീഴ്‌വഴക്കം ലംഘിച്ചതിൽ നിയമന ഉത്തരവിൽത്തന്നെ സർക്കാർ അതൃപ്തി അറിയിച്ചിരുന്നു. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചത്.
ആരുടെയും തല ആവശ്യപ്പെട്ടിട്ടില്ല
ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ വിയോജനക്കുറിപ്പ് അയച്ചതിന്റെ പേരിൽ ആരുടെയും തല താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ പറഞ്ഞു. വിയോജനക്കത്ത് അംഗീകരിക്കാനാവില്ല. പൊതുഭരണ സെക്രട്ടറിക്ക് മാത്രമായി അങ്ങനെ ഒരു കത്തെഴുതാനാകില്ലെന്ന് അറിയാം. സർക്കാരാണ് അദ്ദേഹത്തെ കാരണക്കാരനായി കണ്ടെത്തി നടപടിയെടുത്തത്.
സജീവ രാഷ്ട്രീയപ്രവർത്തനം രാജിെവക്കുകയും അത് പാർട്ടി അംഗീകരിച്ചതിന് രേഖ ഹാജരാക്കുകയും ചെയ്ത ശേഷമാണ് ഹരി എസ്. കർത്തയെ തന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതെന്നും ഗവർണർ പറഞ്ഞു. സർക്കാർ തന്നെ കേൾക്കാൻ തയ്യാറല്ലെങ്കിൽ നടപടിയുമായി മുന്നോട്ടുപോകും.
ഇന്ത്യയിൽ ഏറ്റവും കുറവ് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഉള്ളത് കേരള രാജ്ഭവനിലാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..