തമിഴ്‌നാട് 19 ആനകളെ തിരിച്ചയക്കും


യഥാർഥ ഉടമസ്ഥരില്ല

ചെന്നൈ: യഥാർഥ ഉടമസ്ഥാവകാശം കണ്ടെത്താനാവാത്ത 19 ആനകളെ തിരിച്ചയക്കാൻ നടപടിയുമായി തമിഴ്‌നാട്. സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ ആനകളെ വാണിജ്യാവശ്യത്തിനും മറ്റുമായി ചൂഷണം ചെയ്യുന്നുവെന്നും അവയെ ദേഹോപദ്രവം ഏൽപ്പിക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഉടമസ്ഥാവകാശം കണ്ടെത്താനാവാത്ത ആനകളെ എവിടെ നിന്നുമാണെത്തിച്ചതെന്നു വ്യക്തമല്ല.

ഇൗ വിവരം അസം, മധ്യപ്രദേശ്, ബിഹാർ, കേരളം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി സമീപിക്കുകയാണെങ്കിൽ ആനകളെ തിരിച്ചയക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് കത്തയച്ചതായി തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.

നിലവിൽ 19 -ആനകളെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ലാതെയാണ് കൈവശം വെച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആനകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ് വനംവകുപ്പ് അന്വേഷണം നടത്തിയത്.

ഔദ്യോഗിക കണക്കുകൾ അനുസരിച്ച് തമിഴ്‌നാട്ടിൽ വിവിധ ക്ഷേത്രങ്ങളിലായി 31 ആനകളുണ്ട്. കൂടാതെ വനംവകുപ്പിന്റെ അഞ്ച് ക്യാമ്പുകളിൽ 64 ആനകളെ പാർപ്പിച്ചിട്ടുണ്ട്. ആനകളെ ഉപദ്രവിക്കുന്നതു തടയാനായി നൽകപ്പെട്ട ഒട്ടേറെ ഹർജികൾ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബിൽ നടപ്പായാൽ ആനകളുടെ വ്യാപാരം നിയമ വിധേയമാക്കുമെന്ന ഭയത്തിലാണ് തമിഴ്‌നാട്ടിലെ മൃഗസംരക്ഷണ സംഘടനകൾ.

ആനക്കച്ചവടം നിയമവിധേയമാക്കുന്നത് അപകടകരവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അനധികൃത കച്ചവടക്കാരുടെ താവളമായി മാറുമെന്നും അവർ അഭിപ്രായപ്പെടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..