പഞ്ചാബിലും ഗവർണറുമായി ഉടക്ക്; സർക്കാർ സുപ്രീംകോടതിയിലേക്ക്


*27-ന് വീണ്ടും സഭാസമ്മേളനം വിളിച്ചു

Banwarilal Purohit | Photo : NARINDER NANU / AFP

ന്യൂഡൽഹി: ഭൂരിപക്ഷം തെളിയിക്കാനായി ചേരാനിരുന്ന പ്രത്യേക നിയമസഭാസമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതോടെ 27-ന് വീണ്ടും സഭാസമ്മേളനം വിളിച്ച് പഞ്ചാബ് സർക്കാർ. ഗവർണർ ബൻവരിലാൽ പുരോഹിതിന്റെ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനമായി.

വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായകതീരുമാനങ്ങളെന്ന് മുഖ്യമന്ത്രി ഭഗവന്ത്മാൻ അറിയിച്ചു. 27-ന് ചേരുന്ന സഭാസമ്മേളനത്തിൽ വൈദ്യുതി, വൈക്കോൽ കത്തിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമേ അന്ന് വിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നും വിശ്വസ്തകേന്ദ്രങ്ങൾ അറിയിച്ചു. എന്നാലിക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

‘ഓപ്പറേഷൻ താമര’യിലൂടെ കോഴ വാഗ്ദാനംചെയ്ത് എം.എൽ.എ.മാരെ റാഞ്ചി അധികാരംപിടിക്കാൻ ബി.ജെ.പി. നീക്കംനടത്തുന്നെന്ന് ആരോപിച്ചാണ് എ.എ.പി. സർക്കാർ വ്യാഴാഴ്ച പ്രത്യേക സഭാസമ്മേളനം വിളിക്കാൻ ഗവർണറോട് ആവശ്യപ്പെട്ടത്. വിശ്വാസപ്രമേയം അവതരിപ്പിച്ച് ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, വിശ്വാസവോട്ടുതേടാൻമാത്രം നിയമസഭാസമ്മേളനം വിളിച്ചുചേർക്കുന്നതിന് ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആവശ്യം തള്ളി. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന നടപടിയാണ് ഗവർണറുടേതെന്ന് എ.എ.പി. ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാൾ കുറ്റപ്പെടുത്തി.

കോൺഗ്രസും ബി.ജെ.പി.യും എതിർപ്പുയർത്തിയതിനുപിന്നാലെയായിരുന്നു ഗവർണറുടെ നടപടി. അതോടെയാണ് മന്ത്രിസഭായോഗം ചേർന്നത്. ഗവർണറുടെ നടപടിക്കെതിരേ ആപ് എം.എൽ.എ.മാർ രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തി.

Content Highlights: AAP Doubles Down In Fight With Punjab Governor Over Special Session

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..