ഗൗതം അദാനി |ഫോട്ടോ:AFP
മുംബൈ: ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കിയ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്.പി.ഒ.) പിൻവലിച്ച് അദാനി എന്റർപ്രൈസസ്. എഫ്.പി.ഒ.യ്ക്ക് 112 ശതമാനം അപേക്ഷകൾ ലഭിച്ചിരുന്നെങ്കിലും ബുധനാഴ്ച വിപണിയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ വൻതോതിൽ ഇടിഞ്ഞു. ഇതോടെ എഫ്.പി.ഒ.യുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. എഫ്.പി.ഒ.യിൽ ലഭിച്ച തുക മുഴുവൻ നിക്ഷേപകർക്ക് തിരിച്ചുനൽകുമെന്നും കമ്പനി വ്യക്തമാക്കി.
നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കി എഫ്.പി.ഒ.യുമായി മുന്നോട്ടുപോകുന്നത് ധാർമികമായി ശരിയല്ലെന്ന് കരുതുന്നുവെന്നും നിക്ഷേപകരുടെ താത്പര്യങ്ങൾക്കാണ് വിലകല്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഒാഹരികൾ കൂപ്പുകുത്തി
അദാനിഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങൾ പണയമായി സ്വീകരിച്ച് വായ്പനൽകേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പായ ക്രെഡിറ്റ് സൂയിസിന്റെ തീരുമാനം പുറത്തുവന്നതിനുപിന്നാലെ ബുധനാഴ്ച അദാനിഗ്രൂപ്പ് ഓഹരികൾ കൂപ്പുകുത്തി. ഹിൻഡൻബർഗ് റിസർച്ച് ഉയർത്തിയ അഴിമതിയാരോപണങ്ങൾക്കുപിന്നാലെയാണ് ക്രെഡിറ്റ് സൂയിസിന്റെ തീരുമാനം.
അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി ഇലക്‌ട്രിസിറ്റി മുംബൈ ലിമിറ്റഡ് എന്നിവയുടെ കടപ്പത്രങ്ങൾക്കുള്ള ക്രെഡിറ്റ് മൂല്യം 75 ശതമാനത്തിൽനിന്ന് പൂജ്യമായാണ് ക്രെഡിറ്റ് സൂയിസ് എ.ജി.യുടെ സ്വകാര്യബാങ്കിങ് വിഭാഗം വെട്ടിക്കുറച്ചത്. വാർത്തയ്ക്കുപിന്നാലെ അദാനി എന്റർപ്രൈസസ് ഓഹരിവില 34.3 ശതമാനംവരെ ഇടിഞ്ഞു. ഒടുവിൽ ഓഹരിയൊന്നിന് 848.30 രൂപ നഷ്ടത്തിൽ 2128.70 രൂപയിൽ വ്യാപാരം നിർത്തി. ഇതിനിടെ അഞ്ചുതവണ ഓഹരിവില ലോവർ സർക്യൂട്ടിലെത്തി.
അദാനി പോർട്സ് 120 രൂപയുടെയും (19.69 ശതമാനം) അദാനി പവർ 11.15 രൂപയുടെയും (4.99 ശതമാനം) ഇടിവുനേരിട്ടു. അദാനി ട്രാൻസ്മിഷൻ 43.70 രൂപ, അദാനി ഗ്രീൻ എനർജി 70.70 രൂപ, അദാനി ടോട്ടൽ ഗ്യാസ് 211.25 രൂപ, അദാനി വിൽമർ 23.30 രൂപ, എൻ.ഡി.ടി.വി. 12.30 രൂപ, എ.സി.സി. 124.95 രൂപ, അംബുജ സിമന്റ്സ് 66.40 രൂപ എന്നിങ്ങനെ ഇടിഞ്ഞു. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിലുണ്ടായ ഇടിവ് 8600 കോടി ഡോളറിലെത്തി. ഏകദേശം ഏഴുലക്ഷം കോടി രൂപയുടെ ഇടിവ്. ഇതോടെ ഏഷ്യയിലെ അതിസമ്പന്നനെന്ന പദവിയടക്കം ഗൗതം അദാനിക്ക് നഷ്ടമായി. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി തിരിച്ചെത്തുകയും ചെയ്തു.
ബുധനാഴ്ചത്തെ നഷ്ടത്തോടെ ഫോബ്സിന്റെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി പതിനഞ്ചാം സ്ഥാനത്തായി. 7510 കോടി ഡോളറാണ് (6.14 ലക്ഷം കോടി രൂപ) അദാനിയുടെ നിലവിലെ ആസ്തി. റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിക്ക് 8370 കോടി ഡോളറിന്റെ (6.84 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്.
Content Highlights: Adani Enterprises calls off its FPO
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..