ഗൗതം അദാനി | Photo: PTI
മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിലെ വായ്പകളുടെ വിവരം അറിയിക്കാൻ രാജ്യത്തെ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചു. 20,000 രൂപയുടെ ഫോളോ ഓൺ പബ്ലിക് ഓഫറിൽനിന്ന് പിൻമാറുകയും ബുധനാഴ്ചയും വ്യാഴാഴ്ചയുമായി അദാനി ഓഹരികൾ കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
അതേസമയം റിസർവ് ബാങ്ക് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങൾ ഈടാക്കി വായ്പ നൽകുന്നത് നിർത്തുന്നതായി ക്രെഡിറ്റ് സൂയിസും സിറ്റി ഗ്രൂപ്പും തീരുമാനിച്ചിട്ടുണ്ട്. ഇതും നടപടിക്കു കാരണമായെന്നാണ് റിപ്പോർട്ടുകൾ.
അദാനി ഗ്രൂപ്പിന് എത്ര രൂപയുടെ വായ്പ നൽകിയിട്ടുണ്ടെന്ന് എസ്.ബി.ഐ. വെളിപ്പെടുത്തിയിട്ടില്ല. വലിയ കോർപ്പറേറ്റുകൾക്ക് അനുവദിച്ചിട്ടുള്ള റിസർവ് ബാങ്കിന്റെ പരിധിയിലും ഏറെ താഴ്ന്ന തുകയാണ് നൽകിയിട്ടുള്ളതെന്ന് ചെയർമാൻ ദിനേശ് കുമാർ ഖാര നേരത്തേ സൂചിപ്പിച്ചിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് 7,000 കോടി രൂപയാണ് അദാനി ഗ്രൂപ്പിനു നൽകിയിട്ടുള്ളതെന്ന് സി.ഇ.ഒ. എ.കെ. ഗോയൽ അറിയിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ 4,000 കോടി രൂപയുടെ വായ്പകൾ നൽകിയിട്ടുണ്ട്. മറ്റു ബാങ്കുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
അദാനി ഗ്രൂപ്പിലെ അഞ്ച് പ്രധാന കമ്പനികൾക്കായി 2.10 ലക്ഷം കോടി രൂപയുടെ ബാധ്യതകളാണുള്ളതെന്നും ഇതിന്റെ 40 ശതമാനത്തിൽ താഴെ തുക മാത്രമാണ് ഇന്ത്യൻ ബാങ്കുകളിൽ ഉള്ളതെന്നുമാണ് ഗവേഷണ കമ്പനിയായ സി.എൽ.എസ്.എ. വിലയിരുത്തുന്നത്.
Content Highlights: RBI, Adani row
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..