അഗ്നിപഥ്: പുറത്തുകടക്കാൻ പഴുതുതേടി കേന്ദ്രം


പ്രത്യേക ലേഖകന്‍

ജനസഭകൾ വിളിച്ച് പദ്ധതിയുടെ ഗുണം വിശദീകരിക്കും

അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്നവർ. സെക്കന്തരാബാദിൽനിന്നുള്ള ദൃശ്യം| Photo: ANI

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധത്തില്‍നിന്ന് പുറത്തുകടക്കാന്‍ പഴുതുകൾ തേടി കേന്ദ്രസര്‍ക്കാർ. രണ്ടുവർഷമായി ൈസന്യത്തിലെ നിയമനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഉത്തരേന്ത്യയിലെ യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ ഇളവുകള്‍ നല്‍കി തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെങ്കിലും എവിടെയും എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയുടെ ഗുണങ്ങള്‍ വിശദീകരിച്ച് സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങളെ സമീപിക്കണമെന്ന നിര്‍ദേശം ബി.ജെ.പി.ക്ക് ആര്‍.എസ്.എസ്. നല്‍കിയതായാണ് സൂചന.

ഏതെങ്കിലും സംഘടനയുടെയോ നേതാക്കളുടെയോ ആഹ്വാനങ്ങളില്ലാതെ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാരും പാര്‍ട്ടിയും ഇപ്പോള്‍ ആലോചിക്കുന്നത്. കാര്‍ഷികസമരത്തെക്കാള്‍ പൗരത്വ നിയമത്തിനെതിരേ ഉയര്‍ന്ന സമരങ്ങളോടാണ് പുതിയ പ്രതിഷേധരീതികളെ ബി.ജെ.പി.യിലെ ചില നേതാക്കള്‍ താരതമ്യം ചെയ്യുന്നത്. അതിനാല്‍, പ്രതിഷേധം അടിയന്തരമായി തണുപ്പിക്കാനുള്ള ഭരണ-രാഷ്ട്രീയ നടപടികളെക്കുറിച്ചാണ് പാര്‍ട്ടിയും സര്‍ക്കാരും തലപുകയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും പദ്ധതിയുടെ ഗുണം വിശദീകരിക്കാനായി മന്ത്രിമാരും നേതാക്കളും ജനസഭകള്‍ സംഘടിപ്പിക്കുകയും ചെയ്യണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. സുപ്രീംകോടതിയില്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹര്‍ജിയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം നിയമനം നടത്തുമെന്ന പ്രഖ്യാപനവും സൈന്യത്തില്‍ നാലുവര്‍ഷം ഹ്രസ്വകാല നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനവും പുറത്തുവന്നത് ഒരേ ദിവസമായിരുന്നു. യുവാക്കളെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വിഷയമായി തൊഴിലില്ലായ്മ വളരുന്നെന്ന് താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ഘടകങ്ങളും സംഘപരിവാര്‍ സംവിധാനങ്ങളും കേന്ദ്ര നേതൃത്വത്തിന്‌ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രതിപക്ഷത്തിന്റെ മുഖ്യ പ്രചാരണ വിഷയമാകുമെന്ന സൂചനയും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പദ്ധതികള്‍ അടിയന്തരമായി പ്രഖ്യാപിച്ചത്. എന്നാൽ, പദ്ധതിക്കെതിരേ യുവാക്കള്‍തന്നെ കടുത്ത പ്രതിഷേധമുയര്‍ത്തിയത് അപ്രതീക്ഷിത തിരിച്ചടിയായി.

Content Highlights: agnipath: central government trying to sort it out

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..