അഗ്നിപഥില്‍ അണയാതെ രോഷാഗ്നി; തണുപ്പിക്കാന്‍ കേന്ദ്രം


* അർധസൈനികവിഭാഗത്തിലും പ്രതിരോധമന്ത്രാലയത്തിന്റെ വകുപ്പുകളിലും 10 ശതമാനം സംവരണം *നാലാം ദിവസവും അണയാതെ പ്രതിഷേധം * ബിഹാറിൽ തീവണ്ടിയാത്രക്കാരന് ദാരുണാന്ത്യം * ലുധിയാനയിൽ റെയിൽവേ സ്റ്റേഷന് തീയിട്ടു

അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്നവർ തീവണ്ടിക്ക് തീയിട്ടപ്പോൾ (File) | Photo: ANI

ന്യൂഡല്‍ഹി: നാലാംദിവസവും തുടരുന്ന രാജ്യവ്യാപക പ്രതിഷേധം തണുപ്പിക്കാൻ അഗ്നിവീരന്‍മാര്‍ക്ക് കേന്ദ്രസർക്കാർ നിയമനങ്ങളിൽ സംവരണവും ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

ഹ്രസ്വകാലസൈനികനിയമനപദ്ധതിയായ അഗ്നിപഥിൽ നാലുവര്‍ഷം സേവനമനുഷ്ഠിക്കുന്നവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ വിഭാഗങ്ങളില്‍ 10 ശതമാനം സംവരണം നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മൂന്നു സേനാമേധാവികളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍, തീരരക്ഷാസേന, സേനകളിലെ സൈനികേതര ഒഴിവുകള്‍ എന്നിവയിലാകും സംവരണം. അര്‍ധസൈനിക വിഭാഗങ്ങളിലും അസം റൈഫിള്‍സിലും 10 ശതമാനം സംവരണം നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു.പദ്ധതിക്കെതിരേ ശനിയാഴ്ചയും രാജ്യവ്യാപക പ്രതിഷേധമുണ്ടായി. തീവണ്ടികളും മറ്റ് വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ആദ്യമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും ആഹ്വാനം ചെയ്ത ബന്ദിൽ ജനജീവിതം സ്തംഭിച്ചു. ലഖിസരായില്‍ തീവണ്ടിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു യാത്രക്കാരന്‍ മരിച്ചു. പരക്കെ അക്രമമുണ്ടായ പശ്ചാത്തലത്തിൽ ശനിയാഴ്ച രാത്രി എട്ടുവരെ തീവണ്ടിസർവീസുകൾ പൂർണമായും നിർത്തി. ഞായറാഴ്ച പുലർച്ചെ നാലു മുതൽ രാത്രി എട്ടുവരെയും സംസ്ഥാനത്ത് തീവണ്ടികൾ ഓടില്ല. പഞ്ചാബിലെ ലുധിയാന റെയില്‍വേ സ്റ്റേഷന്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. രാജ്യവ്യാപകമായി 350-ലേറെ തീവണ്ടിസർവീസുകൾ റദ്ദാക്കേണ്ടിവന്നെന്ന് റെയിൽവേയധികൃതർ അറിയിച്ചു. യു.പി.യിൽ മുന്നൂറിലേറെപ്പേരെ അറസ്റ്റുചെയ്തു. ഹരിയാണ, പശ്ചിമബംഗാൾ, തെലങ്കാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങളും അക്രമാസക്തമായി.

വിമുക്തഭടര്‍ക്ക് നിലവില്‍ നല്‍കിവരുന്ന 10 ശതമാനം സംവരണത്തിനു പുറമേയാണ് അഗ്നിവീരരുടെ സംവരണം. അര്‍ധസൈനികവിഭാഗങ്ങളിലും അസം റൈഫിള്‍സിലും നിയമനം ലഭിക്കാനുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ അഗ്നിവീരര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവ് നല്‍കും. ആദ്യബാച്ചില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇളവ് അഞ്ചുവര്‍ഷത്തേക്ക് അനുവദിക്കും.

സംവരണം ലഭിക്കുന്ന 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍

*ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ്

*ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

*ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്

*ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

*ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ലിമിറ്റഡ്

*ഗോവ ഷിപ്‌യാര്‍ഡ് ലിമിറ്റഡ്

*ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ്

*മാസഗോണ്‍ ഷിപ്പ്‌ ബില്‍ഡേഴ്‌സ് ലിമിറ്റഡ്

*മിശ്ര ധാതു നിഗം ലിമിറ്റഡ്

*ആര്‍മേഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ്

*അഡ്വാന്‍സ്ഡ് വെപ്പണ്‍ & എക്വിപ്‌മെന്റ് ലിമിറ്റഡ്

*മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ്

*യന്ത്ര ഇന്ത്യ ലിമിറ്റഡ്

*ഗ്ലൈഡേഴ്‌സ് ഇന്ത്യ ലിമിറ്റഡ്

*ഇന്ത്യ ഒപ്‌റ്റെല്‍ ലിമിറ്റഡ്

*ട്രൂപ് കംഫേട്ട്‌സ് ലിമിറ്റഡ്

അര്‍ധസൈനികവിഭാഗങ്ങള്‍

*ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.)

*സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.)

*സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്.)

*ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.)

*നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി.)

*സശസ്ത്ര സീമാബല്‍ (എസ്.എസ്.ബി.)

*അസം റൈഫിള്‍സ്‌ (എ.ആര്‍.)

Content Highlights: agnipath: protest continues, centre trying to defuse it

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..