ദൂരദർശൻ, ആകാശവാണി വാർത്തകള്‍ക്കായി RSS ബന്ധമുള്ള വാർത്താ ഏജൻസിയുമായി കരാർ; വിമർശനം


1 min read
Read later
Print
Share

Photo: twitter

ന്യൂഡൽഹി: സ്വതന്ത്ര ഏജൻസികളെ ഒഴിവാക്കി വാർത്തകൾക്കായി ആർ.എസ്.എസ്. ബന്ധമുള്ള വാർത്താ ഏജൻസിയുമായി കരാറിലേർപ്പെട്ട് പ്രസാർഭാരതി. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ദൂരദർശൻ, ആകാശവാണി റേഡിയോ എന്നിവയിലേക്കുള്ള വാർത്തകൾക്കായാണ് കരാർ. 2024-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദൂരദർശനിലും ആകാശവാണിയിലും വ്യാജവിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള നീക്കമാണിതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു.

ആർ.എസ്.എസ്. നിയന്ത്രിക്കുന്ന വാർത്താ ഏജൻസിയെ പ്രസാർഭാരതിയുടെ അടിസ്ഥാന വാർത്താ സ്രോതസ്സാക്കാനുള്ള തീരുമാനത്തിനെതിരേ ജനാധിപത്യവിശ്വാസികൾ രംഗത്തുവരണമെന്ന് സി.പി.എം. പി.ബി. അംഗം എം.എ. ബേബി പറഞ്ഞു.

സ്വതന്ത്ര വാർത്താ ഏജൻസികളായ പി.ടി.ഐ. (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ), യു.എൻ.ഐ. (യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ) എന്നിവയെ ഒഴിവാക്കിയാണ് പ്രസാർ ഭാരതിയുടെ പുതിയ കരാർ. രാജ്യത്തെ ഏറ്റവും വലുതും വിശ്വാസ്യതയേറിയതുമായ വാർത്താ ഏജൻസിയായ പി.ടി.ഐ.യുമായുള്ള വാർത്താ കരാർ 2020-ൽ നിർത്തലാക്കിയിരുന്നു. സബ്‌സ്‌ക്രിപ്ഷൻ ഫീസ് കൂടുതലാണെന്ന കാരണത്താലാണ് നടപടിയെന്നാണ് വിവരം. പുതിയ കരാർപ്രകാരം ഹിന്ദുസ്ഥാൻ സമാചാർ ദിവസവും 100 വാർത്തകളെങ്കിലും പ്രസാർഭാരതിക്കു നൽകണം. 2025 മാർച്ചുവരെയുള്ള കരാറിലേക്ക് ഫീസായി 7.7 കോടി രൂപ സർക്കാർ നൽകും. മുമ്പ് പി.ടി.ഐ.ക്ക്‌ വർഷത്തിൽ ഒമ്പത് കോടിയോളം രൂപയായിരുന്നു ഫീസായി നൽകിയിരുന്നത്.

മോദി സർക്കാർ അധികാരത്തിൽവന്നശേഷം പി.ടി.ഐ.യുമായി നല്ല ബന്ധത്തിലായിരുന്നില്ല. വിമർശന സ്വഭാവത്തിൽ വാർത്തകൾ വരുന്നതിൽ സർക്കാരിന് അതൃപ്തിയുണ്ടായിരുന്നു. തുടർന്നാണ് സർക്കാർ അനുകൂല വാർത്തകൾക്കായി ഹിന്ദുസ്ഥാൻ സമാചാറിനെ പ്രസാർഭാരതിയിൽ ഉൾപ്പെടുത്തിയത്. 2017 മുതൽ ഇവർ സൗജന്യമായി വാർത്തകൾ നൽകുന്നുണ്ടായിരുന്നു.

ഹിന്ദുസ്ഥാൻ സമാചാർ

മുതിർന്ന ആർ.എസ്.എസ്. പ്രചാരകനും വിശ്വ ഹിന്ദു പരിഷത്തിന്റെ സഹ സ്ഥാപകനുമായ ശിവറാം ശങ്കർ ആപ്‌തെയുടെ നേതൃത്വത്തിൽ 1948-ലാണ് ഹിന്ദുസ്ഥാൻ സമാചാർ എന്ന പേരിൽ ബഹുഭാഷാ വാർത്താ ഏജൻസി ആരംഭിച്ചത്. 1986-ൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പൂട്ടിയെങ്കിലും 2002-ൽ വാജ്‌പേയി സർക്കാരിന്റെ കാലത്ത് വീണ്ടും പ്രവർത്തനം തുടങ്ങി.

Content Highlights: Agreement with RSS affiliated news agency for Doordarshan and Aakashvani news

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..