മോദിയുടെ സന്ദര്‍ശനം: ബന്ദിപ്പുരില്‍ കടുത്ത നിയന്ത്രണം, സഫാരി നിരോധിച്ചു; സുരക്ഷയ്ക്ക് 2000 പോലീസ്


2 min read
Read later
Print
Share

നരേന്ദ്ര മോദി | ഫോട്ടോ: എ.എൻ.ഐ

ഗൂഡല്ലൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുതുമല മേഖലയിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ വ്യാഴാഴ്ചമുതൽ ഏർപ്പെടുത്തി. കർണാടക ബന്ദിപ്പുർ കടുവാസങ്കേതത്തിൽ കടുവസംരക്ഷണപരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനംചെയ്യാനാണ് ഒൻപതിന് പ്രധാനമന്ത്രി എത്തുന്നത്. ഇതിന്റെഭാഗമായാണ് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയത്.

തെപ്പേക്കാട് ആനവളർത്തുക്യാമ്പിലെ മുഴുവൻസ്ഥലങ്ങളിലും കനത്ത സുരക്ഷാസംവിധാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്. പുറത്തേക്കോ അകത്തേക്കോ ആർക്കും പോകാനോ പ്രവേശിക്കാനോ കഴിയാത്തവിധം സുരക്ഷയാണ് തെപ്പേക്കാട് ഒരുക്കിയിരിക്കുന്നത്. തെപ്പേക്കാട് മേഖലയിലെ ആദിവാസികളുടെ സെറ്റിൽമെന്റ്‌ ഏരിയ മുഴുവൻ നവീകരിച്ചു. സുരക്ഷാമുൻകരുതലുകൾ കണക്കിലെടുത്താണ് ഹോസ്റ്റലുകൾ, ഹോട്ടലുകൾ, മറ്റുസങ്കേതങ്ങൾ എന്നിവ അടച്ചിടുന്നതെന്ന് പോലീസും അറിയിച്ചു.

ബന്ദിപ്പുരിൽ ഞായറാഴ്ചവരെ സഫാരി നിരോധിച്ചു

പ്രധാനമന്ത്രി സന്ദർശനം നടത്തുന്നതിനാൽ ചാമരാജനഗറിലെ ബന്ദിപ്പുർ വനത്തിൽ ഞായറാഴ്ചവരെ പൊതുജനങ്ങൾക്ക് സഫാരി നിരോധിച്ചു. ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണർ ഡി.എസ്. രമേഷാണ് ഉത്തരവിട്ടത്.

ബന്ദിപ്പുരിന്റെ പരിസരപ്രദേശത്തെ ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.

ബന്ദിപ്പുരിൽ സഫാരിക്കെത്തുന്ന പ്രധാനമന്ത്രിയെ ദസറ ആനകൾ സ്വീകരിക്കും. വനത്തിലേക്കുള്ള പ്രവേശനകവാടങ്ങളിലൊന്നായ മേലുകമനഹള്ളിയിലാണ് സ്വീകരണം. ദസറവേളയിലെ ചമയങ്ങൾ അണിഞ്ഞാണ് ആനകൾ പ്രധാനമന്ത്രിയെ സ്വീകരിക്കുക. ചമയങ്ങൾ മൈസൂരുകൊട്ടാരത്തിൽനിന്ന് ബന്ദിപ്പുരിലേക്കെത്തിച്ചു.

മസിനഗുഡി മുതൽ തെപ്പക്കാടുവരെ സുരക്ഷയ്ക്ക് 2000 പോലീസുകാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് ഒൻപതിന് മസിനഗുഡിമുതൽ തെപ്പക്കാട് ആനപരിപാലനകേന്ദ്രം വരെ സുരക്ഷയ്ക്ക് നിയോഗിക്കുന്നത് 2,000 പോലീസുകാരെ. കർണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളുടെ അതിർത്തിയായതിനാൽ ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കുക. സന്ദർശനത്തിന് മുന്നോടിയായി വെള്ളിയാഴ്ചമുതൽ സത്യമംഗലം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും നക്‌സൽ പ്രതിരോധസേനയും വനത്തിനകത്ത് പരിശോധന ആരംഭിക്കും.

മൈസൂരു എയർപോർട്ടിൽനിന്നും ഐ.എ.എഫ്. ഹെലികോപ്റ്ററിൽ 9.35-ന് മസിനഗുഡിയിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന്‌ റോഡുമാർഗം തെപ്പക്കാട് ആനപരിപാലനകേന്ദ്രത്തിലേക്ക് തിരിക്കും. അവിടെ ഓസ്‌കർ അവാർഡുനേടിയ ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ബൊമ്മനെയും ബെള്ളിയെയും ആദരിക്കും. പരിപാലനകേന്ദ്രത്തിലെ പാപ്പാന്മാരെയും മുതുമല കടുവസങ്കേതം ഉദ്യോഗസ്ഥരെയും കാണുകയും ചെയ്യും. ശേഷം മൈസൂരുവിലേക്ക് തിരിക്കും. വെസ്റ്റ് സോൺ ഐ.ജി. ആർ. സുധാകർ, ഡി.ഐ.ജി. സി. വിജയകുമാർ എന്നിവർ സുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ഊട്ടി, മസിനഗുഡി, തെപ്പക്കാട് ഭാഗങ്ങളിലെ റിസോർട്ടുകളിലും ലോഡ്ജുകളിലും കർശനപരിശോധന നടത്തുന്നുണ്ട്.

Content Highlights: ahead of pm modi’s visit, ban on tourist entry to bandipur national park till april 9

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..