ബംഗാളിൽ അമിത് ഷായ്ക്ക് ഇന്ന് ഗാംഗുലിയുടെ വീട്ടിൽ അത്താഴം; രാഷ്ട്രീയ നീക്കമോ? അഭ്യൂഹങ്ങൾ സജീവം


സൗരവ് ഗാംഗുലി, അമിത് ഷാ | ഫോട്ടോ: എ.എഫ്.പി., മാതൃഭൂമി

കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെള്ളിയാഴ്ചത്തെ അത്താഴം ബി.സി.സി.ഐ. അധ്യക്ഷനും ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ വീട്ടിലായിരിക്കും. പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി, മുൻ രാജ്യസഭാംഗവും പത്രപ്രവർത്തകനുമായ സ്വപൻ ദാസ്ഗുപ്ത എന്നിവരും ഷായോടൊപ്പമുണ്ടാകും.

നിയമസഭാതിരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ബി.ജെ.പി. ബംഗാളി സ്വത്വവും ജനപ്രീതിയുമുള്ള ഒരു വ്യക്തിത്വത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഗാംഗുലിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ബി.ജെ.പി. കിണഞ്ഞുശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇത്തരത്തിൽ വീണ്ടും ഒരു ശ്രമം നടത്തുന്നതിന്റെ ഭാഗമായാണോ ഷായുടെ സൗരവുമായുള്ള കൂടിക്കാഴ്ച എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

ആദ്യം ഷാ മാത്രമായി അത്താഴവിരുന്നിനെത്തും എന്നാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ശുഭേന്ദു അധികാരിയും സ്വപൻ ദാസ്ഗുപ്തയും കൂടി അദ്ദേഹത്തോടൊപ്പം പോകാൻ തീരുമാനിച്ചതോടെ രാഷ്ട്രീയനീക്കത്തെക്കുറിച്ചുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. അതേസമയം, ബി.ജെ.പി. നേതൃത്വം ഇതിനെ സൗഹൃദസന്ദർശനം മാത്രമായാണ് വിശേഷിപ്പിക്കുന്നത്.

അമിത് ഷായുടെ മകൻ ജയ് ഷാ ബി.സി.സി.ഐ. യുടെ ഉപാധ്യക്ഷൻ ആയതിനാൽ ഷാ കുടുംബത്തോട് കഴിഞ്ഞ കുറെനാളായി ഗാംഗുലി അടുപ്പം പുലർത്തുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രി മമതാ ബാനർജിയുമായും ഗാംഗുലിക്ക് നല്ലബന്ധം തന്നെയാണുള്ളത്. സി.പി.എം. നേതാക്കളുമായും സൗഹൃദത്തിലാണ്.

ഷായ്ക്ക് വരവേൽപ്പ്

രണ്ടുദിവസത്തെ ബംഗാൾ സന്ദർശനത്തിനായി കൊൽക്കത്തയിലെത്തിയ അമിത് ഷായെ പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ, കേന്ദ്ര സഹമന്ത്രി നിശീഥ് പ്രാമാണിക് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയും സഹകരണവുമില്ലാതെ അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇക്കാര്യത്തിൽ അതിർത്തിസേനയ്ക്ക് പൂർണ പിന്തുണ നൽകാൻ പ്രാദേശിക ഭരണകൂടം നിർബന്ധിതമാകുന്ന സാഹചര്യം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ഹിംഗൾഗഞ്ചിൽ ജലത്തിൽ പൊങ്ങിക്കിടക്കുന്ന അതിർത്തി സുരക്ഷാകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു ബോട്ട് ആംബുലൻസും ഷാ ഉദ്ഘാടനം ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..